കാനഡയിലെ ഹാലിഫാക്സ്-യാർ മൗത്ത് അതിരൂപതയിൽ പുതിയ ആർച്ച് ബിഷപ്പ് സ്ഥാനമേറ്റു

New Archbishop was ordained in the canadian Archdiocese of Halifax-Yarmouth

സെന്റർ നോവ സ്കോട്ടിയ/ കാനഡ : കാനഡയിലെ ഹാലിഫാക്സ് – യാർ മൗത്തിലെ പുതിയ ആർച്ച് ബിഷപ്പായി ബ്രയാൻ ഡൺ അധികാരമേറ്റു. ആർച്ച് ബിഷപ്പ് ആന്റണി മാൻസിനിയുടെ രാജി വെച്ചതിനെ തുടർന്നാണ് പുതിയ ബിഷപ്പിനെ നിയമിച്ചത്. 2019- ഏപ്രിൽ മുതൽ കോഡ്ജ്യൂട്ടർ ആർച്ച് ബിഷപ്പായി സേവനമനുഷ്ഠിച്ചിട്ടുള ആർച്ച് ബിഷപ്പ് ബ്രയാൻ ഡോന്റെ പ്രവർത്തന പരിചയം പുതിയ ചുമതലകളിൽ അദ്ദേഹത്തെ കൂടുതൽ കാര്യക്ഷമതയുള്ള രൂപതയുടെ ഇടയനാക്കുവാൻ പ്രാപ്തനാക്കും.

1955-ൽ ന്യൂഫണ്ട്ലാൻഡിലെ സെന്റ് ജോൺസിലാണ് ബിഷപ്പ് ബ്രയാൻ ഡൺ ജനിച്ചത്. 1980-ൽ പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം പിന്നീട് ഗ്രാൻഡ് ഫാൾസ് രൂപതയിലെ ഇടവകയിൽ സേവനമനുഷ്ഠിച്ചു. സെന്റ് പോൾ സർവ്വകലാശാലയിൽ നിന്നും പിന്നീട് ഡോക്ടറേറ്റ് പൂർത്തിയാക്കിയ 1988-ൽ ഒട്ടാവയിലെത്തി. 1991-ൽ ഇടവക ശശ്രൂഷയിലേക്ക് നിയോഗിക്കപ്പെടുകയും തുടർന്ന് ഗ്രാൻഡ് ഫാൾസ് രൂപതയുടെ വൈസ് ചാൻസലറും പിന്നീട് ചാൻസലറായും പ്രവർത്തിക്കുകയും ചെയ്തു. 2008 ജൂലൈയിൽ ഒന്റാറിയോയിലെ സാൾട്ട് സെന്റ് മേരി രൂപതയുടെ സഹായ മെത്രാനായി ബെനഡിക്റ്റ് പതിനാറാമൻ മാർപാപ്പ ബ്രയാൻ ഡണ്ണിനെ നിയമിച്ചു. 2019- ഏപ്രിൽ 13 -ന് ഫ്രാൻസിസ് മാർപാപ്പ ഇദ്ദേഹത്തെ ഹാലിഫാക്സ്-യാർ മൗത്ത് കോഡ് ജ്യൂട്ടർ ആർച്ച് ബിഷപ്പായി നിയമിച്ചു. 2019- ഡിസംബറിൽ പുതിയ ബിഷപ്പിനെ നിയമിക്കുന്നതുവരെ അദ്ദേഹം ആന്റിഗോനിഷ് രൂപതയുടെ അപ്പോസ്തോലിക ഭരണാധികാരിയായി തുടർന്നു.

നവംബർ 27-ന് പ്രാദേശിക സമയം ഉച്ചക്ക് 12:15-ന് ഹാലിഫാക്സ്സിലെ സെന്റ് മേരീസ് കത്തീഡ്രൽ ബസലിക്കയിൽ, സ്ഥാനമൊഴിയുന്ന ബിഷപ്പ് മൻസിനിയുടെ സേവനങ്ങൾക്ക് നന്ദി അറിയിക്കുന്ന ചടങ്ങിനൊപ്പം പുതിയ ബിഷപ്പിനെ നിയോഗിക്കുന്ന ചടങ്ങും നടന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുള്ള ചടങ്ങിൽ മുഴുവൻ ആളുകൾക്കും പങ്കെടുക്കാൻ സാധിക്കാത്തതിനാൽ വിശുദ്ധ കുർബാനയും മറ്റ് ചടങ്ങുകളും അതിരൂപതയുടെ നേതൃത്വത്തിൽ തത്സമയം സംപ്രേക്ഷണം നടത്തിയിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group