പുതുഞായറാഴ്ച – കരുണയുടെ തിരുന്നാൾ

“അമ്മേ, എനിക്ക് വേണ്ടി പ്രാർത്ഥിക്കണം പരീക്ഷയാണ്” ന്ന് പറഞ്ഞപ്പോഴെ അമ്മ പറഞ്ഞു: “സോണിയായെ, പരീക്ഷയിൽ നല്ല മാർക്ക് വാങ്ങി ജയിക്കാൻ വേണ്ടി ഞാൻ ഒരു പ്രാർത്ഥന തരാം. അത് എന്നും മുടങ്ങാതെ മൂന്ന് മണി നേരം പ്രാർത്ഥിച്ചാൽ ഉറപ്പായും നീ ജയിക്കും”. എൻ്റെ വീടിനു അടുത്ത് ഉണ്ടായിരുന്ന മാളിയേക്കൽ റോസമ്മച്ചി അന്ന് എനിക്ക് ഒരു തുണ്ട് കടലാസിൽ എഴുതിയ പ്രാർത്ഥന തന്നു.
“നിത്യപിതാവേ ഞങ്ങളുടെയും ലോകം മുഴുവന്‍റെയും പാപപരിഹാരത്തിനായി അങ്ങയുടെ വത്സലസുതനും ഞങ്ങളുടെ നാഥനും രക്ഷകനുമായ ഈശോമിശിഹായുടെ തിരുശരീരവും തിരുരക്തവും ആത്മാവും ദൈവത്വവും അങ്ങേക്ക് ഞങ്ങൾ കാഴ്ച വയ്ക്കുന്നു… ” അമ്മ എനിക്ക് എഴുതിത്തന്ന പ്രാർത്ഥന കരുണ കൊന്ത ആരുന്നു. അങ്ങനെ 2014 മുതൽ കഴിഞ്ഞ 20 വർഷങ്ങൾ വിശുദ്ധ കുർബ്ബാന കഴിഞ്ഞാൽ ഞാൻ ഏറ്റവുമധികം സ്നേഹിച്ചു പ്രാർത്ഥിക്കുന്ന പ്രാർത്ഥന കരുണക്കൊന്തയാണ്. അമ്മ പഠിപ്പിച്ചത് പോലെ ഞാൻ പ്രാർത്ഥിച്ചു. എനിക്ക് വേണ്ടി മാത്രം അല്ല, എൻ്റെ ക്ലാസ്സിലെ കൊമേഴ്സ് വിഭാഗത്തിലെ എല്ലാ സഹപാഠികൾക്കും, സയൻസിലെ പ്രിയ കൂട്ടുകാർക്കും വേണ്ടിയും. 2005 മെയ് മാസം പ്ലസ് 2 പരീക്ഷയുടെ ഫലം വന്നപ്പോൾ ആദ്യം ഞാൻ കൂട്ടുകാർ എല്ലാവരും ജയിച്ചോ എന്ന് നോക്കി. അവർ ജയിച്ച സന്തോഷത്തിൽ എൻ്റെ മാർക്ക് നോക്കിയപ്പോൾ ഫസ്റ്റ് ക്ലാസ്സ്കാർക്ക് ഒപ്പം എൻ്റെ നമ്പർ കാണുന്നില്ല. പിന്നെ ഞാൻ കണ്ടൂ എനിക്കും വിമലിനും ഒരേ മാർക്ക്. ഞങ്ങൾ രണ്ടു പേർ ഏറ്റവും ഉയർന്ന മാർക്കോടെ മണക്കടവ് സ്കൂളിൻ്റെ അഭിമാനമായി മാറി. നല്ല മാർക്ക് വാങ്ങി മഠത്തിൽ ചേരാൻ ആഗ്രഹിച്ച എനിക്ക് ഈശോ സ്കോളർഷിപ്പോടെ വിജയിക്കാൻ ഇടയാക്കി. 7-8 കിലോമീറ്ററുകൾ ദിനവും നടന്നു പഠിച്ചിട്ടും, കർത്താവിൻ്റെ കരുണയാൽ കൃപയാൽ മുന്നിലെത്തി. എൻ്റെ കർത്താവേ, എൻ്റെ ഈശോയെ നിന്നിൽ ഞാൻ ശരണപ്പെടുന്നു. കരുണാമയനോട് ഉള്ള ഇഷ്ടത്താൽ ഞാൻ സന്യാസ വസ്ത്രം സ്വീകരിച്ചത് 2010ലെ കരുണയുടെ തിരുന്നാൾ ദിനമാണ്. കൂടാതെ, എൻ്റെ ആദ്യഗാനം “ചങ്ക് തുറന്ന ചങ്ങായിയും” കരുണയെക്കുറിച്ചുള്ള ഗാനം ആരുന്നൂ.

“മാർ വാലാഹ്” (യോഹ 20.28)എന്ന മാർത്തോമ്മാ ശ്ലീഹായുടെ വിശ്വാസ പ്രഘോഷണമെൻ്റെ ഏറ്റവും ഇഷ്ടമുള്ള വചന ഭാഗം ആണ്. കുത്തി തുറക്കപ്പെട്ട ചങ്കിലേക്ക് കരം നീട്ടി കരുണയുടെ പരപ്പും, ആഴവും ആദ്യം അനുഭവിച്ചറിഞ്ഞ പ്രിയപ്പെട്ട തോമ്മാ ശ്ലീഹായോട് എനിക്ക് എന്തെന്നില്ലാത്ത സ്നേഹവും, അസൂയയുമായാണ്. ഉത്ഥിതനായ ഈശോയേ ഇത്രമാത്രം ആഴത്തിൽ, അടുത്തറിയാൻ മറ്റാർക്കാണ് സാധിച്ചത്??? എൻ്റെ കർത്താവേ, എൻ്റെ ദൈവമേ എന്ന് അല്ലാതെ മറ്റെന്താണ് ഉരുവിടാൻ ആകുക? ഒരു ക്രിസ്ത്യാനിക്ക് ഉരുവിടാൻ സാധിക്കുന്ന ഏറ്റവും അർത്ഥമുള്ള, ഏറ്റവും ചെറിയ ജപം ഇതല്ലാതെ മറ്റെന്താണ്?

” ഈശോയെ നിന്നിൽ ഞാൻ ശരണപ്പെടുന്നു.” എന്ന ഈശോ പഠിപ്പിച്ച പ്രാർത്ഥനയും, “എൻ്റെ കർത്താവേ, എൻ്റെ ദൈവമേ ” എന്ന തോമാശ്ലീഹായുടെ വിളിയും തമ്മിൽ ഒരു അഭേദ്യബന്ധമില്ലേ? വിശ്വാസത്തിൻ്റെ പ്രഘോഷണമാണ് രണ്ടും. അതുകൊണ്ടാവാം, പുതുഞ്ഞായർ, ദിവ്യകാരുണ്യ തിരുന്നാളിന് തിരുസഭ തിരഞ്ഞെടുത്തിരിക്കുന്ന സുവിശേഷ ഭാഗവും ഒന്ന് തന്നെയാണ് – യോഹന്നാൻ്റെ സുവിശേഷം 20:19-31.

ലോകത്തിലെ എല്ലാ സഭകളിൽ നിന്നും വ്യത്യസ്തമായി, സീറോ മലബാർ സഭയ്ക്ക് മാത്രം ഉള്ള ഒരു പ്രത്യകത ഉണ്ട്. നമ്മൾ മാത്രമാണ് വിശുദ്ധ കുർബാനയെ “ദിവ്യകാരുണ്യമെന്ന്” വിശേഷിപ്പിക്കുന്നത്. അങ്ങനെ വിളിക്കുന്നത്തിലൂടെ കുർബാന ദൈവകരുണയുടെ വലിയ ആഘോഷം ആണെന്ന് നാം ഏറ്റു പറയുന്നു. അത് കൊണ്ട് ഓരോ ദിവസത്തെ വിശുദ്ധകുർബ്ബാന അർപ്പണവും ദിവ്യകാരുണ്യത്തിൻ്റെ ആഘോഷം ആണ്. ഈ ദിവ്യകാരുണ്യ തിരുനാളും, പുതുഞ്ഞായരും നമ്മൾക്ക് ഓരോരുത്തർക്കും ദൈവാനുഭവത്തിൻ്റെ വേദിയാകട്ടെ…

ഇരുപത് നൂറ്റാണ്ടുകളായി നാം സാമോദം കൊണ്ടാടുന്ന പുതുഞായറും, ഇരുപത്തിനാല് ആണ്ടുകളായി സാർവ്വത്രീക സഭ ആചരിക്കുന്ന കരുണയുടെ തിരുന്നാളും നമുക്ക് വേണ്ടി ഹൃദയം കുത്തിതുറക്കപ്പെട്ടവൻ്റെ തിരുഹൃദയത്തിലേക്കാണ് നമ്മെ ആനയിക്കുന്നത്. നമുക്കും ആ കരുണക്കടലിൻ്റെ അരികെ ചെന്ന് ആ സ്നേഹ കടലിൻ്റെ ആഴം അറിഞ്ഞു നമ്മുടെ പിതാവിനെ പോലെ ഉദ്ഘോഷിക്കാം “മാർ വാലാഹ്”.

– Sr Soniya K Chacko DC
#പുതുഞായർ
#കരുണയുടെഞായർ
#DivineMercySunday


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m