ഓപ്പറേഷൻ അജയ്: ഇസ്രയേലില്‍ നിന്ന് ഏഴ് മലയാളികളടക്കം 212 ഇന്ത്യക്കാരുമായി ആദ്യ വിമാനമെത്തി

ന്യൂഡല്‍ഹി: ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രയേലില്‍ നിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനായി രൂപംകൊടുത്ത ‘ഓപ്പറേഷൻ അജയ്’ ദൗത്യം ആരംഭിച്ചു.

മലയാളികളടക്കം 212 പേരുമായി ടെല്‍ അവീവില്‍നിന്ന് എ.ഐ. 1140 നമ്ബര്‍ എയര്‍ ഇന്ത്യ വിമാനം വെള്ളിയാഴ്ച രാവിലെ ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങി.

പ്രത്യേക വിമാനത്തില്‍ എത്തിയവരില്‍ ഏഴ് മലയാളികളുമുണ്ട്. പി.എച്ച്‌.ഡി വിദ്യാര്‍ത്ഥികളായ കണ്ണൂര്‍ ഏച്ചൂര്‍ സ്വദേശി അച്ചുത് എം.സി, മലപ്പുറം പെരിന്തല്‍മണ്ണ മേലാറ്റൂര്‍ സ്വദേശി ശിശിര മാമ്ബറംകുന്നത്ത്, പോസ്റ്റ് ഡോക്ടറല്‍ ഗവേഷകരായ തിരുവനന്തപുരം സ്വദേശി ദിവ്യ റാം, പാലക്കാട് സ്വദേശി നിള നന്ദ, മലപ്പുറം ചങ്ങരംകുളം സ്വദേശി രാധികേഷ് രവീന്ദ്രൻ നായര്‍, ഭാര്യ രസിത ടി.പി, ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനി കൊല്ലം കിഴക്കുംഭാഗം സ്വദേശി ഗോപിക ഷിബു എന്നിവരാണ് പ്രത്യേക വിമാനത്തിലെത്തിയ മലയാളികള്‍. വിസ്താര വിമാനത്തില്‍ ഇവര്‍ വെള്ളിയാഴ്ച തന്നെ തിരുവനന്തപുരത്തെത്തും.

പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയില്‍ എത്തിയവരെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ വിമാനത്താവളത്തില്‍ നേരിട്ടെത്തി സ്വീകരിച്ചു. അവരുമായി അദ്ദേഹം ആശയവിനിമയം നടത്തി. വിദ്യാര്‍ത്ഥികളടക്കം 18,000 ഇന്ത്യക്കാരാണ് ഇസ്രയേലിലുള്ളതെന്ന് വിദേശകാര്യവക്താവ് അരിന്ദം ബാഗ്ചി വ്യാഴാഴ്ച പത്രസമ്മേളനത്തില്‍ അറിയിച്ചിരുന്നു. ഇവരില്‍ നാട്ടിലേക്ക് മടങ്ങാൻ താത്പര്യമറിയിച്ചവരെയാണ് ദൗത്യത്തിന്റെ ഭാഗമായി തിരിച്ചു കൊണ്ടു വരുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group