കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ലത്തീന്‍ കത്തോലിക്ക സഭയുടെ ഇടയ ലേഖനം

കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ലത്തീന്‍ കത്തോലിക്ക സഭ ഇടയ ലേഖനം പ്രസിദ്ധീകരിച്ചു.

ബിഹാറിലെ പോലെ കേരളത്തിലും സാമുദായിക ജനസംഖ്യ കണക്കെടുപ്പ് നടപ്പാക്കണമെന്നും, വിഴിഞ്ഞത്തും മുതലപ്പൊഴിയിലും അന്യായമായി കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്നും, ജനാധിപത്യ സംവിധാനത്തില്‍ ലത്തീന്‍ കത്തോലിക്കര്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കുന്നില്ലെന്നും ഇടയ ലേഖനത്തിൽ പരാമർശിക്കുന്നുണ്ട്.

വിഴിഞ്ഞത്തും മുതലപ്പൊഴിയിലും അന്യായമായി കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ അധികാരികളുടെ പ്രതികരണം നിയമം നിയമത്തിന്‍റെ വഴിക്ക് പോകട്ടെ എന്നതായിരുന്നുവെന്നും, എന്നാല്‍ ചില പ്രബല സമുദായങ്ങള്‍ക്കെതിരെയുള്ള കേസുകള്‍ ഒഴിവാക്കുന്നതില്‍ സര്‍ക്കാര്‍ കാണിക്കുന്ന ശുഷ്കാന്തി ലത്തീന്‍കാരോടുള്ള വിവേചനത്തിന്‍റെ ഉത്തമ ഉദാഹരണമാണ് കാണിക്കുന്നതെന്നും ഇടയ ലേഖനത്തിൽ എടുത്തുകാട്ടി.

അധികാരം, പദവി, സമ്പത്ത് എന്നിവ സ്വാതന്ത്ര്യ പ്രാപ്തിക്കു ശേഷം മുക്കാല്‍ ശതാബ്ദം കഴിഞ്ഞിട്ടും ചില ജനവിഭാഗങ്ങളുടെ കയ്യില്‍ മാത്രമായി ഒതുങ്ങിയിരിക്കുകയാണ്. സര്‍ക്കാര്‍ ഉദ്യോഗത്തില്‍ സാമുദായിക പ്രാതിനിത്യത്തെ സംബന്ധിച്ച സ്ഥിതിവിവര കണക്കുകള്‍ സര്‍ക്കാര്‍ പുറത്തുവിടണമെന്നും ലത്തീന്‍ കത്തോലിക്ക സഭ ആവശ്യപ്പെട്ടു.

മത്സ്യത്തൊഴിലാളികള്‍, കെട്ടിട നിര്‍മ്മാണ തൊഴിലാളികള്‍ തുടങ്ങിയ വിവിധ വിഭാഗം അസംഘടിത തൊഴിലാളികള്‍ വലിയ പ്രതിസന്ധിയിലാണ്. കാര്‍ഷിക മേഖലയും നാളിതുവരെ ഉണ്ടായിട്ടില്ലാത്തവിധം വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. സര്‍ക്കാരിന്‍റെ അടിയന്തിര ശ്രദ്ധ ഈ രംഗത്തുണ്ടാകേണ്ടതായിട്ടുണ്ട്. ഭരണഘടനയും ഭരണഘടനാ സ്ഥാപനങ്ങളും പലപ്പോഴും ചോദ്യം ചെയ്യപ്പെടുകയാണ്. മാസങ്ങളായി നീണ്ടുനില്‍ക്കുന്ന മണിപ്പൂര്‍ പ്രതിസന്ധി ഇനിയും പരിഹരിക്കാനായിട്ടില്ലായെന്നതും അതീവ ഗൗരവത്തോടെ കാണേണ്ട കാര്യമാണിതെന്നും ഇടയ ലേഖനത്തില്‍ പ്രതിപാദിക്കുന്നുണ്ട്. മതന്യൂനപക്ഷങ്ങള്‍ക്കും ദലിത് ആദിവാസി വിഭാഗങ്ങള്‍ക്കുമെതിരെ ഉത്തരേന്ത്യയിലെ ചില പ്രദേശങ്ങളില്‍ നടന്നു വരുന്ന അക്രമങ്ങള്‍ അടിയന്തിരമായി അവസാനിപ്പിച്ച്, ഭരണഘടന നല്‍കുന്ന സംരക്ഷണം എല്ലാ വിഭാഗങ്ങള്‍ക്കും ഉറപ്പു വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടേണ്ടതായിട്ടുണ്ട്. കേരളത്തില്‍ ക്രൈസ്തവരുടെ വിദ്യാഭ്യാസ സാമൂഹിക അവസ്ഥകള്‍ പഠിച്ച് പരിഹാരങ്ങള്‍ നിര്‍ദേശിക്കാനായി നിയോഗിക്കപ്പെട്ട ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് അടിയന്തിരമായി പ്രസിദ്ധീകരിക്കണമെന്നും ഇടയലേഖനത്തിൽ ആവശ്യപ്പെടുന്നുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group