അഭയാർത്ഥികൾക്ക് വീണ്ടും അഭയകേന്ദ്രം ഒരുക്കി പോളണ്ടിലെ കാരിത്താസ് സംഘടന

യുക്രൈൻ യുദ്ധ ഭൂമിയിൽ നിന്ന് പലായനം ചെയ്ത് പ്രാണരക്ഷാർത്ഥം പോളണ്ടിലേക്കു വരുന്നവരുടെ എണ്ണത്തിൽ വൻവർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

അഭയാർത്ഥികളെ സ്വാഗതം ചെയ്യാൻ കത്തോലിക്കാ സഭയുടെ കാരിത്താസ് സംഘടന അവിടെ സജ്ജമാണ്. കാരിത്താസ് സംഘടനയുടെ 130 സഹായ കേന്ദ്രങ്ങളാണ് ഇപ്പോൾ പോളണ്ടിൽ പലയിടങ്ങളിലായി രാവും പകലും പ്രവർത്തിക്കുന്നത്. 47,000 ഭക്ഷണപ്പൊതികളാണ് അവർ ദിവസേന അഭയാർത്ഥികൾക്കായി വിതരണം ചെയ്തു വരുന്നത്.

കാരിത്താസിന്റെ പ്രവർത്തനങ്ങളിൽ പ്രത്യേകം അഭിനന്ദനം അർഹിക്കുന്ന ഒന്നാണ് അഭയാർത്ഥികളായ അമ്മമാർക്കും കുഞ്ഞുങ്ങൾക്കും വേണ്ടി അവർ ചെയ്യുന്ന സേവനങ്ങൾ. പോളണ്ടിലെ സെമിസിൽ റെയിൽവേ സ്റ്റേഷൻ ഇന്നൊരു അഭയകേന്ദ്രമാണ്. “നിങ്ങൾ ഞങ്ങൾക്ക് വിലപ്പെട്ടതും അതുല്യവുമാണ്” എന്നെഴുതിയ ഒരു ബോർഡ് അവിടെ സ്ഥാപിച്ചിട്ടുണ്ട്. അവിടെ വന്നിറങ്ങുന്ന അമ്മമാരും കുട്ടികളും ആദ്യം കാണുന്നത് ഈ ബോർഡാണ്. തങ്ങൾ തനിച്ചല്ല എന്ന ബോധ്യം അവരിൽ ഉണർത്തുകയാണ് ലക്ഷ്യം. ഈ റെയിൽവേ സ്റ്റേഷനിൽ കുഞ്ഞുങ്ങൾക്ക് കളിക്കാനും ശാന്തമായി ഉറങ്ങാനും സ്ഥലമൊരുക്കിയിട്ടുണ്ട്.പോളണ്ടിൽ പ്രവർത്തിക്കുന്ന ആയിരക്കണക്കിന് സന്നദ്ധ പ്രവർത്തകരിലൊരാളാണ് നടാഷ. പോളണ്ടിലെ അതിർത്തിയിലുള്ള ഈ റെയിൽവേ സ്റ്റേഷനാണ് നടാഷയുടെ പ്രവർത്തനകേന്ദ്രം. ഇവിടെയെത്തുന്ന അഭയാർത്ഥികൾക്ക് ഭക്ഷണവും മരുന്നും വെള്ളവുമെത്തിക്കുകയാണ് അവൾ.

“അഭയാർത്ഥികളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുക, അവരോടൊപ്പം ഉണ്ടായിരിക്കുക, അവരെ ശ്രദ്ധിക്കുക, അവരെ ശ്രവിക്കുക, അവരെ ചേർത്തുപിടിച്ച് പോളണ്ടിലേക്ക് സ്വാഗതമെന്നും നിങ്ങൾ ഇപ്പോൾ സുരക്ഷിതരാണെന്നും പറയുക” നടാഷ പറയുന്നു.

കാരിത്താസ് സംഘടന യുക്രൈനു വേണ്ടി ചെയ്യുന്ന പ്രവർത്തനങ്ങൾ അനവധിയാണ്. അവർക്ക് ഭക്ഷണപ്പൊതികളും അവശ്യവസ്തുക്കളും വിതരണം ചെയ്യുന്നതിനോടൊപ്പം തന്നെ അനേകരെ അന്നാട്ടിൽ നിന്ന് പലായനം ചെയ്യാനും സഹായിക്കുന്നു. അതിനു പുറമെ, ശുചിത്വ ഉൽപന്നങ്ങൾ, മെഡിക്കൽ വസ്തുക്കൾ, ജനറേറ്ററുകൾ, ശുചീകരണ ഉൽപന്നങ്ങൾ, സ്ലീപ്പിംഗ് ബാഗുകൾ എന്നിവയും വിതരണം ചെയ്യുന്നുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group