ദുരിതങ്ങളിലൂടെ കടന്നുപോകുന്ന മനുഷ്യരെ ചേർത്തുപിടിച്ച് ഫ്രാൻസിസ് മാർപാപ്പാ.

പ്രകൃതിദുരന്തങ്ങളുടെയും, സായുധസംഘർഷങ്ങളുടെയും, യുദ്ധങ്ങളുടെയും ഇരകളായ മനുഷ്യരെ ചേർത്തുപിടിച്ചും, അവർക്കായി പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ്യം അപേക്ഷിച്ചും, ഫ്രാൻസിസ് പാപ്പാ.

നവംബർ 06 ബുധനാഴ്ച വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയിലാണ് ദുരിതമനുഭവിക്കുന്ന മാനവികതയെ പാപ്പാ പ്രത്യേകം അനുസ്മരിക്കുകയും അവർക്കായി പ്രാർത്ഥന നയിക്കുകയും, തുടർന്നും പ്രാർത്ഥിക്കാൻ എല്ലാവരെയും ക്ഷണിക്കുകയും ചെയ്‌തത്‌.

കൊടിയ പീഡനങ്ങളിലൂടെ കടന്നുപോകുന്ന ഉക്രൈനെയും, യുദ്ധം തുടരുന്ന ഗാസാ, ഇസ്രായേൽ എന്നിവിടങ്ങളെയും തന്റെ പ്രഭാഷണത്തിൽ അനുസ്മരിച്ച പാപ്പാ, കഴിഞ്ഞ ദിവസം ടാങ്ക് കൊണ്ടുള്ള ആക്രമണത്തിൽ 153 സാധാരണക്കാർ പൊതുവഴിയിൽ കൊല്ലപ്പെട്ടതിനെ പ്രത്യേകം പരാമർശിച്ചു. തികച്ചും ദാരുണമായ ഒരു സംഭവമാണിതെന്ന് പാപ്പാ വിശേഷിപ്പിച്ചു.

ശക്തമായ ചുഴലിക്കൊടുങ്കാറ്റും അതേത്തുടർന്നുണ്ടായ പേമാരിയും പ്രളയവും നൂറ്റിയൻപതിൽപ്പരം ജീവനുകളെടുത്ത സ്പെയിനിലെ വലെൻസിയയുടെ കാര്യം ഫ്രാൻസിസ് പാപ്പാ പ്രത്യേകമായി അനുസ്മരിച്ചു. വലെൻസിയയുടെ പ്രത്യേക മദ്ധ്യസ്ഥയും, നിസ്സഹായരുടെ ആലംബമെന്ന പേരിൽ അറിയപെടുകയും ചെയ്യുന്ന പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ്യം തേടണമെന്ന് ഫ്രാൻസിസ് പാപ്പാ ആഹ്വാനം ചെയ്യുകയും, പൊതുകൂടിക്കാഴ്‌ചയിൽ സംബന്ധിച്ചവർക്കൊപ്പം വലെൻസിയയ്ക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്‌തു.

സംഘർഷങ്ങളിലൂടെ കടന്നുപോകുന്ന മ്യാന്മറിന്റെയും, മുൻ പൊതുസമ്മേളനങ്ങളിലും പ്രാർത്ഥനാവേളകളിലുമെന്നപോലെ, ഇത്തവണയും പാപ്പാ മറന്നില്ല. എന്നും പ്രത്യാശയോടെ ജീവിക്കാൻ വേണ്ട കൃപയ്ക്കായി പ്രാർത്ഥിക്കാമെന്നും ഫ്രാൻസിസ് പാപ്പാ ഉദ്‌ബോധിപ്പിച്ചു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m