ഗുരുതരമായ വിലക്കയറ്റവും സപ്ലൈകോയിൽ സബ്സിഡി ഇനത്തിലുള്ള സാധനങ്ങൾ ലഭ്യമാക്കാത്ത സർക്കാർ നിലപാടിലും പ്രതിഷേധിച്ച് നിയമസഭയിൽ പ്രതിപക്ഷ ബഹളവും വാക്കൗട്ടും.
ചരമോപചാരത്തിനു ശേഷം പൂർണ നടപടിക്രമങ്ങളുമായി ഇന്നലെ തുടങ്ങിയ നിയമസഭാ സമ്മേളനത്തിൽ വിലക്കയറ്റം തടയാൻ നടപടി സ്വീകരിക്കാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ചു നടുത്തളത്തിൽ ഇറങ്ങിയ പ്രതിപക്ഷ അംഗങ്ങൾ സർക്കാരിനെതിരേ മുദ്രാവാക്യം മുഴക്കി. തുടർന്നു സഭയിൽനിന്നു വാക്കൗട്ട് നടത്തി.
സപ്ലൈകോ ഔട്ട്ലെറ്റുകളിൽ സബ്സിഡി നിരക്കിൽ നൽകുന്ന 13 ഇനം നിത്യോപയോഗ സാധനങ്ങൾ ഇല്ലാത്തതുമായി ബന്ധപ്പെട്ടു പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഭക്ഷ്യമന്ത്രി ജി.ആർ. അനിലും തമ്മിൽ വെല്ലുവിളിയും നടന്നു.
മന്ത്രിയുടെ മണ്ഡലമായ നെടുമങ്ങാട് പീപ്പിൾസ് ബസാറിൽ അടക്കം മുളകും പയറും കടലയും അടക്കമുള്ള നിത്യോപയോഗ സാധനങ്ങൾ ഇല്ലെന്നും ഒന്നിച്ചു സന്ദർശിക്കാൻ സർക്കാർ തയാറുണ്ടോയെന്നും സതീശൻ വെല്ലുവിളിച്ചു. പ്രതിപക്ഷവുമൊന്നിച്ച് ഏത് ഔട്ട്ലെറ്റും സന്ദർശിക്കാൻ തയാറാണെന്ന് മന്ത്രി അനിലും മറുപടി നൽകി.
വിലക്കയറ്റം സൃഷ്ടിച്ച ആഘാതം ജനങ്ങളെ ഒന്നടങ്കം വലിയതോതിൽ ബാധിച്ചതായി അടിയന്തര പ്രമേയ നോട്ടീസ് നൽകിയ കോണ്ഗ്രസിലെ പി.സി. വിഷ്ണുനാഥ് ആരോപിച്ചു. കേന്ദ്രം പെട്രോളിനും ഡീസലിനും വില കൂട്ടിയതിന് പിന്നാലെ സംസ്ഥാനം സെസ് ഇനത്തിൽ പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടിയത് വിലക്കയറ്റത്തിനു പ്രധാന കാരണമായി.
നിത്യോപയോഗ സാധനങ്ങളുടെ വലിയ വിലക്കയറ്റത്തിനൊപ്പം വിപണിയിൽ ഇടപെടാതെ സർക്കാർ പിന്തിരിഞ്ഞതു ജനങ്ങൾക്കു തിരിച്ചടിയായി. വിലക്കയറ്റം മൂലം പ്രതിമാസം 5,000 രൂപ വരെ ഓരോ കുടുംബവും അധികമായി കണ്ടെത്തേണ്ട സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണെന്നും വിഷ്ണുനാഥ് ആരോപിച്ചു.
18 മുതൽ ജില്ലാ കേന്ദ്രങ്ങളിലും 23 മുതൽ മണ്ഡലം തലത്തിലും ഓണച്ചന്തകൾ തുറക്കുമെന്നു മന്ത്രി ജി.ആർ. അനിൽ മറുപടിയായി അറിയിച്ചു. വിലക്കയറ്റത്തിനൊപ്പം കെട്ടിടനികുതി വർധന, ഇന്ധന സെസ്, വൈദ്യുതിച്ചാർജ് വർധന തുടങ്ങിയവ വഴി ജനങ്ങൾക്കു പ്രതിമാസം 5,000 രൂപ മുതൽ 10,000 രൂപയുടെവരെ വർധനയുണ്ടായെന്നു പ്രതിപക്ഷ നേതാവ് ആരോപിച്ചു. പ്രതിപക്ഷനേതാവിന്റെ പ്രസംഗത്തിനിടെ മന്ത്രിമാർ എഴുന്നേറ്റുനിന്നു ബഹളമുണ്ടാക്കിയതിനെത്തുടർന്നു ഭരണ- പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്പോരുമുണ്ടായി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group