അരാജകത്വത്തിന്റെ വിത്തുകൾ വിതക്കാൻ എളുപ്പമാണ് : മാർ തോമസ് തറയിൽ

ഏകീകൃത കുർബാന അർപ്പണത്തെ സംബന്ധിച്ച് ബിഷപ്പ് മാർ തോമസ് തറയിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌.

ഓരോ രൂപതക്കും അവിടുത്തെ ഭൂരിപക്ഷം അച്ചന്മാരുടെ താല്പര്യം നോക്കി കുർബാന അർപ്പിക്കാൻ അനുവാദം കൊടുക്കണമെന്ന് പറയുമ്പോൾ, നാളെ ഓരോ ഇടവകയ്ക്കും ഇതേ അനുവാദം വേണം എന്നും പറഞ്ഞു ഇടവക ജനങ്ങൾ വരില്ലേ? അങ്ങനെ വരുമ്പോൾ ഓരോ ഇടവക സമൂഹവും അരാജകത്വത്തിന്റെ വേദിയാകില്ലേ? നിയമങ്ങളും ക്രമങ്ങളും അരാജകത്വത്തിൽ നിന്ന് നമ്മെ രക്ഷിക്കാൻ വേണ്ടി കൂടിയാണ് നൽകപ്പെട്ടിരിക്കുന്നത്.

ഒരേ ആരാധനക്രമം പിന്തുടരുന്നവർ എന്ന നിലയിലും പൗരസ്ത്യ രീതിയിലുള്ള ആരാധനക്രമം പാലിക്കുന്നവർ എന്ന നിലയിലും ആണ് സാർവത്രിക സഭ നമ്മെ ഒരു പൗരസ്ത്യ സഭയായി കണക്കാക്കുന്നത്.

അരാജകത്വത്തിന്റെ വിത്തുകൾ വിതക്കാൻ എളുപ്പമാണ്. ചിലപ്പോൾ അടുത്ത തലമുറയായിരിക്കും അതിന്റെ ദൂഷ്യഫലങ്ങൾ അനുഭവിക്കുന്നത്.

മാർപ്പാപ്പ ചൊല്ലുന്ന പോലെ കുർബാന ചൊല്ലണമെന്നൊക്കെ പറയുമ്പോൾ, അതേ മാർപാപ്പയാണ് നമ്മോടു സിനഡ് നിശ്ചയിച്ച പോലെ കുർബാനയർപ്പിക്കാൻ പറയുന്നത് എന്ന് മറക്കരുത്. കാരണം നാമൊരു പൗരസ്ത്യ സഭയാണ്.

മാർപാപ്പയെ അനുസരിക്കാതെ അദ്ദേഹത്തെ അനുകരിക്കുന്നു എന്ന് പറയുന്നതിൽ എന്താണ് അർത്ഥം? സിനഡിനെ അനുസരിച്ച രൂപതകളിൽ ജനങ്ങൾക്ക് എന്തെങ്കിലും കുഴപ്പം വന്നതായി അറിയാമോ?

ഇന്ന് നിങ്ങൾ സഭാധികാരികൾക്കെതിരെ ജനത്തെ തിരിക്കുന്നു…നാളെ അവർ നിങ്ങളെ തേടി വരില്ലെന്ന് എന്താണ് നിങ്ങൾക്കുറപ്പ്?