ജെറുസലേമിലെ ഗത്സമെൻ ദൈവാലയത്തിനു നേരെ ആക്രമണം: അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു

Settler tries to burn Gethsemane Church in Jerusalem: Police arrest attacker

ജെറുസലേം: ജെറുസലേമിലെ ഗത്‌സമനി പൂന്തോട്ടത്തിനു സമീപമുളള ഒലിവുമലയിൽ സ്ഥിതിചെയ്യുന്ന ചരിത്ര പ്രസിദ്ധമായ വിലാപ ബസിലിക്ക ദേവാലയത്തിന് തീവ്ര നിലപാടുള്ള യഹൂദൻ തീയിട്ടു. ഉടനടി തീയണയ്ക്കാൻ വേണ്ടി നടപടികൾ സ്വീകരിച്ചതിനാൽ കനത്ത നാശനഷ്ടം ഒഴിവായി. അതിക്രമവുമായി ബന്ധപ്പെട്ട് 49 വയസ്സുള്ള ഒരാളെ അറസ്റ്റ് ചെയ്തതായി ഡിസംബർ നാലാം തീയതി ഇസ്രായേലി പോലീസ് പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് വിശുദ്ധ നാട്ടിലെ കത്തോലിക്കാ നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ജറുസലേമിലെ പൗരസ്ത്യ, പാശ്ചാത്യ കത്തോലിക്കാ സഭകളുടെ സംയുക്ത കൂട്ടായ്മ ദേവാലയത്തിലെ കത്തിക്കരിഞ്ഞ നിലയിലുള്ള ഇരിപ്പിടങ്ങളുടെ ചിത്രങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. ഈശോയുടെ യാതനയുടെ ബസലിക്ക എന്നറിയപ്പെടുന്ന ഈ ദൈവാലയം ഗത്സമെൻ പൂന്തോട്ടത്തിനു തൊട്ടടുത്താണ് സ്ഥിതി ചെയ്യുന്നത്. ക്രൂശിക്കപ്പെടുന്നതിനു തലേ ദിവസം രാത്രി ഈശോ മുട്ടുകുത്തി പ്രാർത്ഥിച്ച പാറയുടെ ഒരു ഭാഗം ഈ ദൈവാലയത്തിൽ സൂക്ഷിക്കുന്നു. അതിനാൽ തന്നെ ക്രൈസ്തവരുടെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണ് ബസലിക്ക ഓഫ് ഓൾ നേഷൻസ്.

ബസലിക്ക ഓഫ് ഓൾ നേഷൻസ് ദൈവാലയത്തിൽ ഉച്ചകഴിഞ്ഞു ഒന്നരയോടെ ആണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ ഏതാനും ബെഞ്ചുകളും ബൈസന്റൈൻ മൊസൈക്കിന്റെ കുറച്ചു ഭാഗങ്ങളും നശിച്ചു. സംഭവം നടക്കുമ്പോൾ കോൺവെന്റിൽ ഉണ്ടായിരുന്ന ജീവനക്കാർ ഓടിയെത്തുകയും ആക്രമിയെ കീഴ്പ്പെടുത്തുകയും തുടർന്ന് പോലീസിനെ അറിയിക്കുകയും ആയിരുന്നു. കുറ്റവാളിയെ കസ്റ്റഡിയിലെടുത്ത ഇസ്രായേലി പോലീസിനെ കത്തോലിക്കാ നേതാക്കൾ അഭിനന്ദിച്ചു. കഴിഞ്ഞ ഏതാനും നാളുകളായി പരമ്പരാഗതമായി ക്രൈസ്തവർ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിൽ ക്രൈസ്തവർക്ക് നേരെ യഹൂർ നടത്തുന്ന അതിക്രമങ്ങൾ വർദ്ധിച്ചിട്ടുണ്ട്. ഇസ്രായേലിലെ ബഹുഭൂരിപക്ഷം ക്രൈസ്തവരും അറബ് വംശജരാണ്. കൈവശ ഭൂമിയുടെ കാര്യത്തിൽ ഇപ്പോഴത്തെ സ്ഥിതിതന്നെ തുടരണമെന്ന് ജറുസലേമിലെ ഗ്രീക്ക് ഓർത്തഡോക്സ് പാത്രിയാർക്കീസ് തെയോഫിലോസ് മൂന്നാമനുമായി 2017 ഒക്ടോബർ മാസം നടത്തിയ കൂടിക്കാഴ്ചയിൽ ഫ്രാൻസിസ് മാർപാപ്പ ആവശ്യപ്പെട്ടിരുന്നു. അതേസമയം തെവ്ര നിലപാടുള്ള യഹൂദർ ക്രൈസ്തവ വിരുദ്ധ ആക്രമണം വർദ്ധിപ്പിക്കുന്നത് ആശങ്കയ്ക്കു കാരണമായിരിക്കുകയാണ്.

ജറുസലേമിലെ ബെനഡിക്ടൻ സന്യാസ ആശ്രമം ഇക്കഴിഞ്ഞ വർഷങ്ങളിൽ ഏതാണ്ട് അഞ്ച് തവണയാണ് ആക്രമിക്കപ്പെട്ടത്. 2014ൽ ഒരാൾ സന്യാസ ആശ്രമം പൂർണ്ണമായി തീയിട്ടു നശിപ്പിക്കാൻ ശ്രമിച്ചു. 2019 ജൂൺ മാസം ജെറുസലേമിലെ അർമേനിയൻ അപ്പസ്തോലിക് ഓർത്തഡോക്സ് സെമിനാരി ലക്ഷ്യമാക്കി മൂന്നു യഹൂദ തീവ്രവാദികൾ അക്രമം അഴിച്ചുവിട്ടിരുന്നു. തീ പടരാതിരുന്നതിനും എത്രയും വേഗം പോലീസ് എത്തി ആക്രമിയെ പിടിച്ചതിനും ദൈവത്തോട് നന്ദി പറയുകയാണ് ഇവിടുത്തെ വിശ്വാസികൾ. വർദ്ധിച്ചുവരുന്ന മത വിദ്വേഷത്തിന്റെ പശ്ചാത്തലത്തിൽ ആളുകളിൽ അവബോധം സൃഷ്ടിക്കണമെന്ന് ജറുസലേമിലെ ലാറ്റിൻ പാത്രിയാർക്കേറ്റ് നിരന്തരമായ ആവശ്യപ്പെട്ട് വരികയാണ്. എന്നാൽ ഇസ്രായേലി പ്രധാനമന്ത്രി അടക്കമുള്ള ഭരണനേതൃത്വവുമായി കൂടിക്കാഴ്ച നടത്താൻ കത്തോലിക്കാ നേതാക്കൾക്ക് ഇതുവരെ അവസരം ലഭിച്ചിട്ടില്ല.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group