സീറോ മലബാർ സഭയുടെ അധ്യക്ഷൻ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെയും പൗരസ്ത്യ സഭകളുടെ കാര്യാലയ തലവൻ കർദിനാൾ ലിയൊനാർഡോ സാന്ദ്രിയുടെയും കോലങ്ങൾ കത്തിക്കുകയും പൊതുജന മധ്യത്തിൽ സഭയെ അപമാനിക്കുകയും ചെയ്ത സാമൂഹ്യദ്രോഹികൾക്കെതിരേ കർശന നിയമ നടപടികൾ സ്വീകരിക്കണമെന്ന് തലശ്ശേരി അതിരൂപത പാസ്റ്ററൽ കൗൺസിൽ ആവശ്യപ്പെട്ടു.
മാർപാപ്പയെയും സഭാധ്യക്ഷനെയും അപമാനിച്ച നടപടി സഭയിലെ മുഴുവൻ വിശ്വാസികളുടെയും ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതാണ്. ഇത്തരം പ്രവൃത്തികൾ ഒരിക്കലും അംഗീകരിക്കാനാകില്ല. സഭാ സംവിധാനങ്ങളോടുള്ള പരസ്യമായ വെല്ലുവിളിയാണിത്. ഗുരുതരമായ ഈ അച്ചടക്ക ലംഘനം നടത്തിയവരെയും അതിനു പിന്നിൽ പ്രവർത്തിച്ചവരെയും നിയമത്തിനു മുമ്പിൽ കൊണ്ടു വരികയും നടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്ന് അതിരൂപത പാസ്റ്ററൽ കൗൺസിൽ ആവശ്യപ്പെട്ടു.
ദീർഘനാളുകളായി സഭയിൽ ഭിന്നത വളർത്തുവാൻ പരിശ്രമിക്കുന്നവർ തന്നെയാണ് ഇതിനു പിന്നിലുള്ളത്. വിശുദ്ധ കുർബാന സ്നേഹത്തിന്റെയും കൂട്ടായ്മയുടെയും ആഘോഷമാണ്. വിശുദ്ധ കുർബാനയുടെ പേരിൽപ്പോലും സഭയിൽ ഭിന്നിപ്പുണ്ടാക്കാൻ കഴിഞ്ഞ കുറേ നാളുകളായി ഇവർ നടത്തുന്ന ശ്രമങ്ങളെ വിശ്വാസികൾത്തന്നെ തള്ളിക്കളഞ്ഞിട്ടുള്ളതാണ്.
ഏകീകൃത കുർബാനയർപ്പണം സഭയുടെ വിശുദ്ധീകരണത്തിനും കൂട്ടായ്മയ്ക്കും കെട്ടുറപ്പിനും കാരണമായിട്ടുണ്ടെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.
ചിലരുടെ വ്യക്തി താത്പര്യങ്ങളും സഭാധികാരികളോടും സംവിധാനങ്ങളോടുമുള്ള വിദ്വേഷവുമാണ് പെരുവഴിയിൽ ഇറങ്ങിയുള്ള ഇത്തരം പ്രകടനങ്ങൾക്കു പിന്നിലെന്ന് പാസ്റ്ററൽ കൗൺസിൽ ചൂണ്ടിക്കാട്ടി.
സഭാധ്യക്ഷനെതിരേ നടക്കുന്ന ആരോപണങ്ങളെല്ലാംതന്നെ അടിസ്ഥാനരഹിതവും സഭയിൽ ഭിന്നിപ്പ് സൃഷ്ടിക്കാനുള്ള ചിലരുടെ ഗൂഢ ശ്രമമാണെന്നും പാസ്റ്ററൽ കൗൺസിൽ വിലയിരുത്തി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group