ചാവേർ ആക്രമണം അന്വേഷണം തൃപ്തികരമല്ല : കർദിനാൾ മാൽക്കം രഞ്ജിത്.

തീവ്രവാദത്തെ മുസ്ലിം സമൂഹം തള്ളിപ്പറയണമെന്നും ആവശ്യം….. കൊളംബോ: ഈസ്റ്റർ ദിനത്തിലെ ചാവേർ ബോംബ് ആക്രമണത്തെക്കു റിച്ചുള്ള അന്വേഷണത്തിൽ തൃപ്തിയില്ലെന്നും നീതിക്കും സത്യത്തിനും സുതാര്യതയ്ക്കുമായി കത്തോലിക്കാ സമൂഹം സമാധാനപരമായി പ്രതിഷേധം തുടരുമെന്നും കൊളംബോ ആർച്ച്ബിഷപ്പ് കർദിനാൾ മാൽക്കം രഞ്ജിത്ത്. സ്‌ഫോടനപരമ്പരയുടെ രണ്ടാം വാർഷികമായ ഇന്നലെ കൊച്ചിക്കാട സെന്റ് ആന്റണീസ് ദൈവാലയത്തിൽ ക്രമീകരിച്ച അനുസ്മരണാ ശുശ്രൂഷയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തീവ്രവാദത്തെ തള്ളിപ്പറയാനും 269 പേർ കൊല്ലപ്പെട്ട ബോംബാക്രമണത്തിന് പിന്നിലുള്ളവരെ തിരിച്ചറിയാൻ കത്തോലിക്കരെ സഹായിക്കാനും രാജ്യത്തെ മുസ്ലീം വിശ്വാസികൾ മുന്നോട്ടുവരണമെന്നും കർദിനാൾ പറഞ്ഞു. ആക്രമണത്തിന്റെ യഥാർത്ഥ ഉത്തരവാദികൾ ആരാണെന്നും എന്താണ് അവർ ലക്ഷ്യമിട്ടതെന്നും വ്യക്തമാകണം. അതിനായി കത്തോലിക്കാ സമൂഹം സമാധാനപരമായി പ്രതിഷേധം തുടരും. ക്രൈസ്തവർ മാത്രമല്ല, മറ്റു സമുദായങ്ങളിൽപ്പെട്ടവരും ആക്രമണത്തിനിരയായി. അതിനാൽ മതങ്ങൾ തമ്മിലും വംശങ്ങൾ തമ്മിലുമുള്ള അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവച്ച് ഒന്നിക്കണമെന്നും കർദിനാൾ പറഞ്ഞു. മുസ്ലീം, ഹിന്ദു, ബുദ്ധ മതനേതാക്കളും സ്‌ഫോടനത്തിന് ഇരയായവരും കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും നയതന്ത്ര ഉദ്യോഗസ്ഥരുമാണ് അനുസ്മരണ ശുശ്രൂഷയിൽ പങ്കെടുത്തത്. സെന്റ് ആന്റണീസ് ദൈവാലയത്തിലെ അനുസ്മരണ ശുശ്രൂഷകൾക്ക് കർദിനാൾ രഞ്ജിത്ത് നേതൃത്വം നൽകി. സ്‌ഫോടനത്തിന് ഇരകളായവരോടുള്ള ആദരസൂചകമായി രണ്ടു മിനിറ്റ് മൗനം ആചരിക്കണമെന്ന കർദിനാളിന്റെ ആഹ്വാനത്തിൽ ഇതരമതസ്ഥരും പങ്കുചേർന്നു. ആദ്യ സ്‌ഫോടനം നടന്ന സമയമായ രാവിലെ 8.45ന് ദൈവാലയങ്ങളിൽ വിലാപമണി മുഴക്കിയതിനെ തുടർന്നായിരുന്നു മൗനാചരണം. മൂന്ന് ദൈവാലയങ്ങളിലും മൂന്ന് ഹോട്ടലുകളിലും നടന്ന ചാവേർ സ്ഫോടനത്തിൽ 267 പേർ കൊല്ലപ്പെടുകയും 500ൽപ്പരം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഐസിസുമായി ബന്ധമുള്ള നാഷണൽ തൗഹീത് ജമാത്ത് എന്ന സംഘടനയാണ് ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചതെന്ന് മുമ്പുതന്നെ കണ്ടെത്തിയിരുന്നു. എന്നാൽ, കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിൽ ഭരണകൂടം നിസംഗത പാലിക്കുന്ന സാഹചര്യത്തിലാണ് സഭ പ്രതിഷേധവുമായി രംഗത്തെത്തിയത്. ആറ് വാല്യങ്ങളിലായി 472 പേജുകളും 215 അനുബന്ധങ്ങളുമുള്ള അന്വേഷണ റിപ്പോർട്ട് ഫെബ്രുവരി ഒന്നിന് പ്രസിഡന്റ് ഗോട്ടഭയ രജപക്സെയ്ക്ക് അന്വേഷണ സംഘം കൈമാറിയിരുന്നെങ്കിലും കുറ്റവാളികളെക്കുറിച്ച് മൗനം പാലിക്കുകയായിരുന്നു ഭരണകൂടം. ഇതിനെതിരായ പ്രതിഷേധമായി, ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവർക്ക് നീതി ഉറപ്പാക്കാണമെന്ന് ആവശ്യപ്പെട്ട ശ്രീലങ്കൻ സഭ ആഹ്വാനം ചെയ്ത ‘കറുത്ത ഞായർ’ ആചരണത്തിൽ ഇതര മതസ്ഥർ അണിചേർന്നതും വലിയ വാർത്തയായിരുന്നു. ഇതേ തുടർന്ന്, ചാവേർ ആക്രമണത്തിന്റെ മുഖ്യസൂത്രധാരനെ കണ്ടെത്തിയെന്ന് സർക്കാർ വെളിപ്പെടുത്താൻ നിർബന്ധിതരായെങ്കിലും മറ്റ് വിവരങ്ങളെ കുറിച്ച് ഭരണകൂടം മൗനം പാലിക്കുന്നത് തുടരുകയാണ്. സമാധാനപരമായ പ്രതിഷേധങ്ങൾ തുടരുമെന്ന കർദിനാളിന്റെ വാക്കുകൾക്ക് അടിസ്ഥാനമുണ്ടെന്ന് നിരീക്ഷകർ വിലയിരുത്തുന്നു. നീതി തേടി അന്താരാഷ്ട്ര കോടതിയെ സമീപിക്കുമെന്ന മുന്നറിയിപ്പും സർക്കാരിന് സഭാ നേതൃത്വം നൽകിയിരുന്നു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group