ആരെയും അമ്പരപ്പിച്ചുകൊണ്ട് നിരീശ്വരവാദിയായ ഹോളി റോഡ്രിഗസിന്റെ മാനസാന്തരം വൈറലാകുന്നു.

ദൈവത്തിന്റെ പദ്ധതികൾ അഗ്രാഹ്യമാണ്, തിരഞ്ഞെടുപ്പുകൾ അത്ഭുതാവഹവും! അതിന് ഏറ്റവും പുതിയ ഉദാഹരണങ്ങളിലൊന്നാണ് ഇംഗ്ലണ്ടിലെ കെന്റ് സ്വദേശിനിയായ ആർട്ടിസ്റ്റ് ഹോളി റൊഡ്രിഗസ് എന്ന യുവതിയുടെ ജീവിതം. 2016ൽ ക്രിസ്തുവിനെ നാഥനും രക്ഷകനുമായി സ്വീകരിച്ച അവൾ കർമലീത്താ സഭയിലെ മിണ്ടാമഠത്തിൽ അർത്ഥിനിയാകാനുള്ള തയാറെടുപ്പിലാണിപ്പോൾ.

ദൈവത്തെക്കുറിച്ചോ മതവിശ്വാസത്തെ കുറിച്ചോ ആരാധനാലയങ്ങളെക്കുറിച്ചോ ചിന്തിക്കാതിരുന്ന, ഫ്രീലാൻസ് ആർട്ടിസ്റ്റായ ഹോളിയുടെ ജീവിതം മാറിമറിഞ്ഞത് 2016ന്റെ ആരംഭത്തിലാണ്. വലിയ അത്ഭുതമോ പ്രത്യക്ഷത്തിലുള്ള ദൈവാനുഭവമോ അതിന് കാരണമായി ചൂണ്ടിക്കാട്ടാനില്ല എന്നതാണ് മറ്റൊരു അത്ഭുതം! പതിവുപോലെ, പ്രഭാതത്തിൽ ഒരു ചായ ഉണ്ടാക്കുന്ന സമയത്താണ് അകാരണമായി ഒരു ആഗ്രഹം അവളുടെ മനസിൽ നിറഞ്ഞത്: ‘എനിക്ക് ദൈവാലയത്തിൽ പോകണം.’ നിരീശ്വരവാദിയെ സംബന്ധിച്ചിടത്തോളെ വിചിത്രമെന്നോ വിരോധാഭാസമെന്നോ പറയാവുന്ന പ്രസ്തുത ആഗ്രഹം പൊടുന്നനെ പ്രചോദനമായി മാറി.

വീട്ടിൽനിന്ന് നടക്കാവുന്ന അകലത്തിൽ ഒരു കത്തോലിക്കാ ദൈവാലയം ഉണ്ടെന്ന് മനസിലാക്കി അവിടേക്ക് ഫോണിൽ വിളിച്ചു. അവളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയ ഇടവക സെക്രട്ടറി, അവളുടെ അന്വേഷണങ്ങൾ സഹവികാരി ഫാ. മാർക്കിനെ അറിയിക്കാമെന്നും പറഞ്ഞു. കത്തോലിക്കാ ദൈവാലയം എന്താണെന്ന് അറിയാത്ത, ഒരു കത്തോലിക്കാ വൈദീകനെ കണ്ടിട്ടില്ലാതിരുന്ന അവളിൽ കത്തോലിക്കാ വിശ്വാസത്തെ കുറിച്ച് കൂടുതൽ അറിയാനുള്ള ആഗ്രഹവും തീക്ഷ്ണമായി. തുടർന്ന് ദിവ്യബലിയിൽ പങ്കെടുത്തവർക്ക് അതൊരു അനുഭവമായിരുന്നു . അന്നു മുതൽ പിന്നീടിങ്ങാട്ട് അനുദിനം ദിവ്യബലിയിൽ പങ്കുകൊണ്ട അവൾ, വിശ്വാസപരിശീലനം പൂർത്തിയാക്കി 2017ലെ ഈസ്റ്റർ തിരുക്കർമ മധ്യേ ജ്ഞാനസ്‌നാനം സ്വീകരിച്ച് കത്തോലിക്കാ സഭാംഗമായി. അതിനകംതന്നെ ജപമാല ഭക്തി ജീവിതത്തിന്റെ ഭാഗമാക്കിയ അവൾ ‘ലീജിയൻ ഓഫ് മേരി’യിൽ ചേർന്ന് മിഷണറി ശുശ്രൂഷയും ആരംഭിച്ചു.

കൗദാശിക ജീവിതത്തിൽനിന്ന് അകന്നു കഴിഞ്ഞിരുന്നവരെ ദൈവാലയത്തിലേക്ക് തിരിച്ചുകൊണ്ടുവരാനും ജപമാല പ്രാർത്ഥനയിൽ വ്യാപൃതരാക്കാനുമാണ് അവൾ കൂടുതൽ ശ്രമിച്ചത്. സഭയിലെ വിശുദ്ധരെക്കുറിച്ച് പഠിക്കാൻ തുടങ്ങിയ നാളുകൾകൂടിയായിരുന്നു അത്. വിശുദ്ധ അമ്മത്രേസ്യ, വിശുദ്ധ കൊച്ചുത്രേസ്യ, ‘ഓപ്പുസ്‌ദേയി’യുടെ സ്ഥാപകൻ വിശുദ്ധ ജോസ് മരിയ എസ്‌ക്രിവ തുടങ്ങിയവരുടെ ആത്മീയജീവിതം ആവളെ ആഴത്തിൽ സ്വാധീനിച്ചു. സമർപ്പിത ജീവിതത്തിലേക്കുള്ള ദൈവവിളി തിരിച്ചറിയാനും ഈ ആത്മീയാഭ്യാസം സഹായകമായി.

കർമലീത്താ മഠത്തിന്റെ ആവൃതിക്കുള്ളിൽ സഭാംഗമായി ജീവിതകാലം മുഴുവൻ സഭയ്ക്കും ലോകത്തിനും വൈദീകർക്കും വേണ്ടി പ്രാർത്ഥിക്കണമെന്നതാണ് തന്റെ ആഗ്രഹമെന്നും അവൾ പറയുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group