ലാറ്റിനമേരിക്കയിലെ സഭയും മഹാമാരിയുടെ ചുറ്റുപാടുകളും

വത്തിക്കാൻ സിറ്റി: കോവിഡ്-19 രണ്ടാംവട്ടവും ശക്തിപ്രാപിച്ചുവരുന്ന പശ്ചാത്തലത്തിൽ, ഫ്രാൻസീസ് പാപ്പായുടെ പ്രതിവാര പൊതുകൂടിക്കാഴ്ചാ പരിപാടികൾ പലതും ജനങ്ങളുടെ നേരിട്ടുള്ള പങ്കാളിത്തം ഒഴിവാക്കിയാണ് ഇപ്പോൾ നടത്തുന്നത്. ചിലതെല്ലാം ഓൺലൈനായിട്ടാണ് നടക്കുന്നത്. “ലാറ്റിനമേരിക്കയിലെ സഭയും മഹാമാരിയുടെ ചുറ്റുപാടുകളും” എന്ന വിഷയത്തിൽ നടന്ന ഓൺലൈൻ സെമിനാറിൽ നവംബർ 19-നു പാപ്പാ ഫ്രാൻസിസ് പങ്കെടുക്കുകയും, പ്രഭാക്ഷണം നടത്തുകയും ചെയ്തിരുന്നു.

ഈ സമ്മേളനം രാജ്യങ്ങളുടെ വളർച്ചയിൽ പുതിയ വഴികൾ തേടുവാനും രീതികൾ കണ്ടെത്തുവാനും കൂട്ടായ്മ വളർത്തുവാനും ജനങ്ങൾക്ക് അന്തസ്സുള്ള ജീവിതമാർഗ്ഗം തുറക്കുവാനുമുള്ള അവസരമായി താൻ കാണുന്നുവെന്ന് പാപ്പാ പ്രസ്താവിച്ചു. സാഹോദര്യത്തിന്റെ വലിയ അനുഭവവും സാമൂഹ്യ സുഹൃദ് ബന്ധത്തിൻറെ നിർമ്മിതിയ്ക്കുള്ള പരിശ്രമവുമാവട്ടെ ഈ ഒത്തുചേരൽ എന്നും പാപ്പാ ആശംസിച്ചു. പാർശ്വവത്ക്കരിക്കപ്പെട്ടവരെ ആശ്ലേഷിക്കണം എന്നു പറയുമ്പോൾ അവർക്ക് ദാനം കൊടുക്കണമെന്നല്ല, മറിച്ച് നമ്മുടെ നല്ല പ്രവർത്തനങ്ങൾ മനുഷ്യജീവന്റെ അതിരുകളിൽനിന്നും തുടങ്ങണമെന്നു പാപ്പാ ആമുഖമായി പ്രസ്താവിച്ചു.

ലാറ്റിനമേരിക്കൻ ഭൂഖണ്ഡത്തിൽ മാത്രമല്ല എവിടെയും ഇന്ന് നിലവിലുള്ള സാമൂഹിക സാമ്പത്തിക പ്രതിസന്ധികളും അനീതിയും കോവിഡ് മഹാമാരി മൂലം പെരുകുകയും ജീവിതം പൂർവ്വോപരി ക്ലേശകരമാവുകയും ചെയ്തിട്ടുണ്ട്. ഇവയെല്ലാം പാവങ്ങളെയാണ് ഏറ്റവും അധികം ബാധിച്ചിരിക്കുന്നത്. അസമത്വവും വിവേചനവും വർദ്ധിച്ചിട്ടുണ്ട്. രോഗികൾ ക്ലേശിക്കുകയും കുടുംബങ്ങൾ അരിഷ്ടിതാവസ്ഥയിൽ കഴിയുകയുമാണിന്ന്. സാമൂഹ്യ അനീതി സമൂഹത്തിൽ പെരുകുകയാണ്. എന്നാൽ എല്ലാവർക്കും കോവിഡ് 19-ന്റെ അകലം പാലിക്കലോ, ശുചീകരണ സംവിധനങ്ങളോ ഇല്ല. ഉപജീവനത്തിനുള്ള തൊഴിൽ ചുറ്റുപാടുകൾ പോലുമില്ലാത്തവരാണ് സമൂഹത്തിൽ അധികവും. അതിനാൽ സത്യത്തിൽ ഇന്നത്തെ സാമൂഹിക ചുറ്റുപാടുകൾ വേദനാജനകമാണെന്ന് പാപ്പാ നിരീക്ഷിച്ചു.

ജലം, പാർപ്പിടം, തൊഴിൽ ഇങ്ങനെ അടിസ്ഥാന ആവശ്യങ്ങളുടെ ദൗർലഭ്യവും അവിടെ രൂക്ഷമാണ്. ജീവിത പരിതസ്ഥിതിതന്നെ അപകടനിലയിൽ എത്തിനിൽക്കുന്നു. കാട്ടുതീ നശിപ്പിച്ച പാന്തനാൾ, ആമസോൺ പ്രവിശ്യകൾ ലാറ്റിനമേരിക്കയുടെ മാത്രമല്ല, ലോകത്തിന്റെ തന്നെ ശ്വാസകോശങ്ങളാണ്. പ്രതിസന്ധിയുടെ ഭാരം കുറയ്ക്കണമെങ്കിൽ പാരിസ്ഥിതികമായ കരുതലും, അതിനാവശ്യമായ ക്രിയാത്മക പ്രവർത്തനങ്ങളും അനിവാര്യമാണ്. ഒരു ദൈവരാജ്യാനുഭവം നാം വളർത്തണം. ദൈവരാജ്യത്തിന്റെ അനുഭവമാണ് പങ്കുവയ്ക്കലിലൂടെ ആർജ്ജിച്ച അന്നത്തിന്റെ മൗലികമായ സമൃദ്ധി. അതു കാണാൻ കഫർണാമിലെ ജനങ്ങൾക്കു ഭാഗ്യമുണ്ടായി. പങ്കുവച്ച ചെറിയ ഭക്ഷണം സമൃദ്ധമായതും ബാക്കിവന്നതുമായ സുവിശേഷ സംഭവം പാപ്പാ സന്ദേശത്തിൽ ആവർത്തിച്ചു.

നന്മയുടെ സാമൂഹിക സംവിധാനം പങ്കുവയ്ക്കലിലും പാരസ്പരികതയിലുമാണെന്നും, മറിച്ച് കൂട്ടിവയ്ക്കുന്നതിലും ഒഴിവാക്കുന്നതിലുമല്ലെന്നും പാപ്പാ പ്രസ്താവിച്ചു. അതിനാൽ വ്യക്തിപരവും സാമൂഹികവുമായ ഉത്തരവാദിത്ത്വങ്ങൾ സുതാര്യമായും സത്യസന്ധമായും നിർവ്വഹിക്കാം. മനുഷ്യന്റെ വലിയ നന്മയും ഒപ്പം തിന്മയും വെളിപ്പെടുത്തിയ സമയമാണ് ഈ മഹാമാരിക്കാലം. പൊതുവായ നന്മയുടെ ഭാഗമാണ് സമൂഹത്തിലെ എല്ലാവരും. അതിനാൽ അയൽക്കൂട്ടത്തിന്റെയും ഗ്രാമാന്തരീക്ഷത്തിന്റെയും പ്രാദേശീകതയുടെയും പൊതുഭവനത്തിന്റെയും അവബോധം എല്ലാവർക്കും ഉണ്ടാവുകയും, നാം അതിന്റെ ഭാഗമാണെന്ന ഉത്തരവാദിത്വപൂർണ്ണമായ ചിന്ത എന്നും ജീവിതത്തിൽ പുലർത്തേണ്ടതുമാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

മരുഭൂമിയിൽ ഉയർന്ന യോഹന്നാൻറെ ശബ്ദം മാനസാന്തരത്തിനുള്ള വിളിയായിരുന്നു (മാർക്കോസ് 1, 3). പ്രത്യാശ കൈവെടിയാതിരിക്കാം. നീതിയുടെയും ഐക്യദാർഢ്യത്തിൻറെയും വഴികളാണ് സ്നേഹത്തിൻറെയും സാമീപ്യത്തിൻറെയും നല്ല രൂപഭാവങ്ങൾ. ഇത് ദൈവരാജ്യത്തിന്റെയും ദൈവജനത്തിൻറെയും അനുഭവമാണെന്ന ആഹ്വാനവും അനുരജ്ഞനത്തിനായുള്ള ക്ഷണവുമായിട്ടാണ് ലാറ്റിനമേരിക്കൻ സമൂഹത്തിനു നലൽകിയ സന്ദേശം പാപ്പാ ഉപസംഹരിച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group