സത്യമായി ഞാൻ നിന്നോടു പറയുന്നു, നീ ഇന്ന് എന്നോടുകൂടെ പറുദീസായിൽ ആയിരിക്കും’’(ലൂക്കാ 23,43).
കുരിശിൽനിന്നുള്ള യേശുവിന്റെ രണ്ടാമത്തെ തിരുവചനമായി ലൂക്കാ രേഖപ്പെടുത്തിയിരിക്കുന്നത് തന്നോടൊപ്പം കുരിശിൽ തറയ്ക്കപ്പെട്ട ഒരു കുറ്റവാളിക്കു നൽകുന്ന വാഗ്ദാനമാണ്. സെലട്ട് എന്നപേരിൽ അറിയപ്പെട്ടിരുന്ന, റോമാക്കാരെ നാട്ടിൽനിന്നു തുരത്താൻ കച്ചകെട്ടി പുറപ്പെട്ട തീവ്രവാദി സംഘടനയിലെ അംഗങ്ങളായിരുന്നു യേശുവിനൊപ്പം കുരിശിൽ തറയ്ക്കപ്പെട്ട കുറ്റവാളികൾ എന്നു പൊതുവേ കരുതപ്പെടുന്നു. അവരിൽ ഒരാൾ യേശുവിനെ പരിഹസിക്കുകയും വെല്ലുവിളിക്കുകയും ചെയതപ്പോൾ അപരൻ തന്റെ കുറ്റം ഏറ്റുപറഞ്ഞശേഷം യേശുവിനോട് അപേക്ഷിച്ചു: “യേശുവേ, നീ നിന്റെ രാജ്യത്ത് പ്രവേശിക്കുന്പോൾ എന്നെയും ഓർക്കണമേ’’(ലൂക്കാ 23,42). ഈ യാചനയ്ക്കുള്ള മറുപടിയാണ് യേശു നൽകുന്ന വാഗ്ദാനം.
കുറ്റവാളിയുടെ യാചനയിൽ ആഴമേറിയ ഒരു വിശ്വാസം പ്രകടമാകുന്നുണ്ട്. നിസഹായനായി കുരിശിൽ തൂങ്ങിക്കിടക്കുന്ന യേശു നിരപരാധിയാണ്, മാത്രമല്ല അവൻ വരാനിരുന്ന മിശിഹാരാജാവും ദൈവരാജ്യം സ്ഥാപിക്കുന്ന രക്ഷകനുമാണ്. അവൻ തന്റെ രാജ്യം സ്ഥാപിക്കുകതന്നെ ചെയ്യും. അവൻ മരണത്തെ അതിജീവിക്കും. വീണ്ടും വരും. അന്ന് രാജാവും വിധിയാളനുമായിട്ടാകും അവൻ വരിക. സാഹചര്യങ്ങൾ തികച്ചും പ്രതികൂലമായിരുന്നിട്ടും ഇപ്രകാരമൊരു പ്രഖ്യാപനത്തിനും യാചനയ്ക്കും അയാളെ പ്രേരിപ്പിച്ച വിശ്വാസത്തിന്റെ ആഴം ശ്രദ്ധിക്കാതെപോകരുത്. യേശുവിന്റെ വാഗ്ദാനത്തിലെ മൂന്നു വാക്കുകൾ പ്രത്യേകം ശ്രദ്ധിക്കണം.
1. പറുദീസ:
പൈരിദേസാ എന്ന പേർഷ്യൻ പദത്തിൽനിന്നു രൂപംകൊണ്ട ഗ്രീക്ക് വാക്കാണു പരദേയ്സോസ്. അതിൽനിന്നാണ് ഇംഗ്ലീഷിലെ പാരഡൈസും മലയാളത്തിലെ പറുദീസയും ഉത്ഭവിക്കുന്നത്. മതിലു കെട്ടി സുരക്ഷിതമാക്കിയ രാജകീയോദ്യാനമാണ് പേർഷ്യക്കാരുടെ പൈരിദേസാ. ദൈവത്തോടൊന്നിച്ച് ആദിമനുഷ്യൻ വസിച്ച ഇടമായ ഏദൻ തോട്ടവും ഇതേ ആശയം ഉൾക്കൊള്ളുന്നു. പറുദീസ ദൈവത്തോടൊന്നിച്ച് എന്നേക്കും സന്തോഷമായി കഴിയുന്ന ഇടമാണ്. അഥവാ അവസ്ഥയാണ്.
2. എന്നോടുകൂടെ:
മരണം അവസാനമല്ല. മരണത്തിനപ്പുറം നിത്യമായ ഒരു ജീവിതമുണ്ട്. അവിടെ യേശുവിനൊപ്പം ആയിരിക്കുക. അതാണ് പറുദീസാവാസം, അതാണു സ്വർഗഭാഗ്യം. അതു വാഗ്ദാനം ചെയ്യുന്നത് ദൈവംതന്നെയായ ദൈവപുത്രനാണ്. ‘സത്യമായും’എന്നത് യേശുവിന്റെ ദൈവികതയിലേക്കും അധികാരത്തിലേക്കും ശ്രദ്ധ ക്ഷണിക്കുന്നു.
3. ഇന്ന്:
സ്വർഗഭാഗ്യത്തിനു ലോകാവസാനംവരെ കാത്തിരിക്കേണ്ടതില്ല. മരണനിമിഷത്തിൽത്തന്നെ നിത്യഭാഗ്യം ആരംഭിക്കുന്നു. ഇന്നലെയും നാളെയും ഇല്ലാത്ത, ഇന്ന് നിത്യതയെ സൂചിപ്പിക്കുന്നു. മരണത്തോടെ ആരംഭിക്കുന്നു ഈ നിത്യജീവൻ.
ഇത് അനുതപിച്ച ക്രൂശിതനു മാത്രം നൽകുന്ന വാഗ്ദാനമല്ല. സ്വന്തം പാപം ഏറ്റുപറഞ്ഞ് മാപ്പിരക്കുന്ന, മാനസാന്തരപ്പെടുന്ന ഏവർക്കും യേശു നൽകുന്ന വാഗ്ദാനമാണിത്. അതിനാൽ നിരാശ വേണ്ട. കർത്താവിലേക്കു തിരിയുക, മാപ്പിരക്കുക, ജീവിതം നവീകരിക്കുക. അപ്പോൾ നിനക്കും കേൾക്കാം ഗുരുവചനം, ‘ഇന്ന് നീ എന്നോടൊപ്പം പറുദീസയിൽ ആയിരിക്കും’.
കടപ്പാട് : ഫാ. മൈക്കിൾ കാരിമറ്റം
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group