സ്വന്തം ഇടവകാംഗത്തിന് വൃക്ക പകുത്തു നൽകിയ വികാരിയച്ചന്‍ മാതൃകയാകുന്നു

ദൈവസ്നേഹത്തെ പ്രഘോഷിച്ചു കൊണ്ട് വീണ്ടുമൊരു വൈദികൻ മാതൃകയാകുന്നു.

യേശു കാണിച്ച ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും മഹത്തായ സന്ദേശം തന്റെ പ്രവര്‍ത്തികളിലൂടെ ലോകത്തോട് പ്രഘോഷിക്കുന്നത് കനകമല തീർത്ഥാടന കേന്ദ്രം റെക്ടറായ ഫാ. ഷിബു നെല്ലിശ്ശേരിയാണ്.ഇരുവൃക്കകളും തകരാറിലായതിനെ തുടർന്ന് അതികഠിനമായ വിധത്തില്‍ വേദനകളിലൂടെ കടന്നു പോകുന്ന കനകമല കണ്ണമ്പുഴ ബെന്നി – ജിൻസി ദമ്പതികളുടെ മകൻ ബെൻസന് തന്റെ വൃക്ക പകുത്ത് നൽകി കൊണ്ടാണ് ഈ ഇടയൻ ദൈവസ്നേഹത്തെ പ്രഘോഷിക്കുന്നത്.

ഇരുവൃക്കകളുടെയും പ്രവർത്തനം നിലച്ച് പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ഇടവകാംഗമായ ബെൻസൻ എന്ന യുവാവിനെ കുറിച്ച് അറിഞ്ഞ വൈദികൻ തനിക്ക് ആവും വിധത്തിൽ ഈ കുടുംബത്തെ സഹായിച്ചിരുന്നു. എന്നാൽ ഈ യുവാവിന് വൃക്ക മാറ്റൽ ശസ്ത്രക്രിയ നടത്തിയാലേ ജീവൻ രക്ഷിക്കാനാവൂവെന്ന്‍ ഡോക്ടർമാർ നിർദേശിച്ചതിനെ തുടർന്ന് മാതാപിതാക്കള്‍ വൃക്ക ദാനത്തിന് തയ്യാറായി എങ്കിലും രണ്ടു പേരുടെയും അനുയോജ്യമല്ലെന്ന് കണ്ടെത്തി. അന്വേഷണം തുടരുന്നതിനിടെയാണ് പൂര്‍ണ്ണ മനസ്സോടെ തന്റെ സന്നദ്ധത അറിയിച്ച് വികാരിയച്ചനായ ഫാ. ഷിബു നെല്ലിശ്ശേരി രംഗത്തു വന്നത്. തുടർന്ന് നടന്ന പരിശോധനയില്‍ വൃക്ക അനുയോജ്യമാണെന്ന് കണ്ടെത്തുകയും ചെയ്തു.

താന്‍ ചെയ്യുന്നത് ചെറിയ കാര്യമാണെന്നും ”ഓരോ കുടുംബത്തിന്റേയും കണ്ണീരുമായ്ക്കാൻ കഴിയുന്നതു ചെയ്യാനായിട്ടാണു താൻ വൈദികനായ തെന്നും,ബെൻസന്റെ ജീവൻ രക്ഷിക്കാൻ വൃക്ക നൽകുന്നതിലൂടെ ദൈവത്തിന്റെ തിരുവിഷ്ട്ടം നിറവേറ്റുക മാത്രമാണ് താൻ ചെയ്യുന്നത്” എന്നും വൈദികൻ പറയുന്നു.

എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ഡോ. മുഹമ്മദ് ഇക്ബാലിന്റെ നേതൃത്വത്തിൽ ഇന്ന്‍ ശസ്ത്രക്രിയ നടക്കും. ഇതിനു മുന്നോടിയായുള്ള പരിശോധനയ്ക്കായി രണ്ടു ദിവസം മുമ്പേ ഇരുവരും ആശുപത്രിയിൽ അഡ്മിറ്റായി. ശസ്ത്രക്രിയക്കാവശ്യമായ മുഴുവൻ ചെലവുകളും ഇടവകയിലും പരിസര പ്രദേശങ്ങളിലുമുള്ള സുമനസ്സുകളുടെ സഹായത്തോടെയാണു സ്വരുക്കൂട്ടിയത്. ഇരിങ്ങാലക്കുട നെല്ലിശ്ശേരി ജോസ്-ബേബി ദമ്പതികളുടെ മകനാണ് ഫാ. ഷിബു നെല്ലിശേരി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group