ട്രെയിനില്‍ അതിക്രമം വർദ്ധിക്കുന്നു; ഭീതിയിൽ യാത്രക്കാര്‍

തുടർച്ചയായി ട്രെയിനുകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ യാത്രക്കാരെ ആശങ്കയിലാക്കുന്നു. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ആയിരത്തിലധികം പേരാണ് ദൈനംദിന യാത്രയ്ക്കായി ജില്ലയില്‍ ട്രെയിനുകളെ ആശ്രയിക്കുന്നത്.

എന്നാല്‍, ട്രെയിനുകളില്‍ അതിക്രമങ്ങള്‍ ഏറിയതോടെ ഭീതിയിലാണ് യാത്രക്കാര്‍. എലത്തൂര്‍ ട്രെയിൻ തീവെയ്പ്പിന് പിന്നാലെ കഴിഞ്ഞ ദിവസം കൊയിലാണ്ടിയ്ക്കും വടകരയ്ക്കും ഇടയില്‍ കണ്ണൂര്‍ – എറണാകുളം ഇന്റര്‍സിറ്റിയില്‍ തീ കത്തിക്കാൻ ശ്രമമുണ്ടായതോടെ യാത്രക്കാരുടെ ഭീതി ഇരട്ടിച്ചിരിക്കുകയാണ്. മഹാരാഷ്ട്ര സ്വദേശിയായ യുവാവ് കംപാര്‍ട്ട്‌മെന്റിനകത്തെ സുരക്ഷാ സ്റ്റിക്കര്‍ പൊളിച്ചെടുത്ത് തീ കൊടുക്കാൻ ശ്രമിക്കുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് കണ്ണൂരില്‍ നിര്‍ത്തിയിട്ട ട്രെയിനിന് തീയിട്ടത്. വന്ദേഭാരത് ട്രെയിനിന് നേരെ കല്ലെറിയുന്ന സംഭവവുമുണ്ടായി. അപകടങ്ങളും അതിക്രമങ്ങളും ഏറുമ്പോഴും യാത്രക്കാരുടെ സുരക്ഷ ശക്തമാക്കാൻ റെയില്‍വേ യാതൊന്നും ചെയ്യുന്നില്ലെന്നാണ് യാത്രക്കാരുടെ ആക്ഷേപം. കനത്ത സുരക്ഷയിലാണ് ട്രെയിനുകളും റെയില്‍വേ പരിസരങ്ങളുമെന്നാണ് അധികൃതരുടെ അവകാശവാദം. എന്നാല്‍ ട്രെയിനിലും റെയില്‍വേ ഭൂമിയിലും അതിക്രമിച്ചു കയറുന്നവരുടെ എണ്ണത്തില്‍ ഒരു കുറവുമില്ല. രാത്രിയും പകലും റെയില്‍വേ ട്രാക്കിലും പ്ലാറ്റ്ഫോമിലുമായി നിരവധി പേരാണ് അതിക്രമിച്ചു കയറുന്നതെന്ന് ആര്‍.പി.എഫ് തന്നെ സമ്മതിക്കുമ്ബോള്‍ എവിടെയാണ് സുരക്ഷയെന്നാണ് യാത്രക്കാരുടെ ചോദ്യം. ഇങ്ങനെ അതിക്രമിച്ചു കടക്കുന്നവര്‍ ലഹരി ഉപയോഗിച്ച ശേഷം ട്രെയിനിന് കല്ലെറിയുന്നത് പതിവാണെന്നാണ് ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ പറയുന്നത്. റെയില്‍വേ ട്രാക്കിന്റെ ആളൊഴിഞ്ഞ ഭാഗങ്ങള്‍ രാത്രിയായാല്‍ ഒത്തുകൂടലിന്റെ കേന്ദ്രം കൂടിയാണ്.
ലഹരി മാഫിയ മുതല്‍ മദ്യപസംഘം വരെ ഇക്കൂട്ടത്തിലുണ്ട്.

കംബര്‍ട്ടുമെന്റുകളില്‍ ടി.ടി.ആര്‍ ഇല്ലാത്ത പ്രശ്നവും യാത്രക്കാര്‍ നേരിടുന്നുണ്ട്. തുടര്‍ച്ചയായി എലത്തൂരിലെ ഇന്ധന സംഭരണിക്ക് സമീപം ട്രെയിനുകളില്‍ തീപിടിത്തവും തീവെപ്പും ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ റെയില്‍പ്പാത പരിപാലനവും നിരീക്ഷണവും അധികൃതര്‍ കാര്യക്ഷമമാക്കണമെന്ന് കോണ്‍ഫെഡറേഷൻ ഓഫ് ഓള്‍ ഇന്ത്യ റെയില്‍ യൂസേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group