മത്സ്യത്തൊഴിലാളിക ളോട് അധികാരികളുടെ നിഷേധാത്മക നിലപാട് തുടരുന്നതിൽ പ്രതിഷേധിച്ച് സമരം ശക്തമാക്കി വിഴിഞ്ഞം സമരസമിതി. ഇതിന്റെ ഭാഗമായി ഇന്നു മുതൽ ഉപവാസ സമരം ആരംഭിക്കുന്നു.
വിഴിഞ്ഞം സമരപ്പന്തലിൽ ലത്തീൻ തിരുവനന്തപും അതിരൂപതാ ആർച്ച് ബിഷപ് ഡോ. തോമസ് ജെ.നെറ്റോ, ആർച്ച് ബിഷപ് ഡോ. എം. സൂസപാക്യം, സഹായമെത്രാൻ ഡോ. ആർ. ക്രിസ്തുദാസ് എന്നിവരുടെ നേതൃത്വത്തിലാണ് ഇന്ന് ഉപവാസ സമരം തുടങ്ങുന്നത്. ഏഴിന ആവശ്യങ്ങൾ ഉന്നയിച്ചാണ് ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ തീരദേശ ജനത സമരം ആരംഭിച്ചത്.
സെക്രട്ടേറിയറ്റ് പടിക്കൽ തുടക്കമിട്ട സമരം അദാനി തുറമുഖ കവാടത്തിലേക്ക് മാറ്റിയിട്ട് 21 ദിവസം പിന്നിട്ടു. ഇതിനിടെ സമരം ഒത്തു തീർപ്പാക്കുന്നതിനായി മന്ത്രിസഭാ ഉപസമിതി സമരസമിതിയുമായി ചർച്ച നടത്തി. തീരമേഖലയിൽ വീട് നഷ്ടപ്പെട്ട് എഫ്സിഐ ഗോഡൗണുകളിൽ കഴിയുന്നവർക്ക് വാടക വീട്ടിലേക്ക് താമസം മാറുന്നതിന് തുക അനുവദിക്കുമെന്നു പ്രഖ്യാപിച്ചിരുന്നു.
തുക എത്രയാവണമെന്നത് സമരസമിതിയുമായി വീണ്ടും ചർച്ച ചെയ്തു തീരുമാനം കൈക്കൊള്ളുമെന്നായിരുന്നു മന്ത്രിസഭാ ഉപസമിതി സമരസമിതി ഭാരവാഹികളെ അറിയിച്ചിരുന്നത്. എന്നാൽ തുടർചർച്ചകൾ ഒന്നുമില്ലാതെ, സർക്കാർ സ്വന്തമായി വാടക ഇനത്തിൽ ഒരു തുക നിശ്ചയിച്ചത് അംഗീകരിക്കാൻ കഴിയില്ലെന്നാണ് സമരസമിതിയുടെ അഭിപ്രായം.
തിരുവനന്തപുരം നഗരത്തോട് ചേർന്നുള്ള തീരദേശമേഖലയിൽ ഒരിടത്തും സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള തുക നല്കിയാൽ വീട് വാടകയ്ക്ക് ലഭിക്കില്ല. ഇത്തരത്തിലൊരു തുക നിശ്ചയിച്ച് ഉദ്ഘാടന മാമാങ്കം നടത്തുന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള നീക്കം മാത്രമാണെന്നും സമരസമിതി ഭാരവാഹികൾ വ്യക്തമാക്കി.
സമരം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളിൽ വൈദികരും സന്യസ്തരും അൽമായരും ഉപവാസ സമരവുമായി മുന്നോട്ടു പോകാനാണ് തീരുമാനം.
വിഴിഞ്ഞം തുറമുഖസമരം കേരള റീജണൽ ലാറ്റിൻ കാത്തലിക്ക് കൗണ്സിലിന്റെ നേതൃത്വത്തിൽ സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ‘മൂലമ്പിള്ളി ടു വിഴിഞ്ഞം’ എന്ന പേരിൽ മൂലമ്പിള്ളിയിൽ നിന്ന് വിഴിഞ്ഞത്തേക്ക് പദയാത്ര നടത്തും.വിഴിഞ്ഞം സമരത്തിന്റെ ഭാഗമായി ഇന്നലെ തിരുവനന്തപുരം ലത്തീൻ അതിരൂപതയ്ക്ക് കീഴിലെ പള്ളികളിൽ ഇടയലേഖനം വായിച്ചു.
സമരത്തിനാധാരമായി മുന്നോട്ടുവച്ച ആവശ്യങ്ങൾ സംബന്ധിച്ചു പല തവണ അധികൃതരുമായി ചർച്ച നടത്തിയെങ്കിലും കൃത്യമായ മറുപടികൾ ലഭിച്ചിട്ടില്ലെന്ന് ഇന്നലെ വായിച്ച സർക്കുലറിൽ വ്യക്തമാക്കി.
സമരത്തോട് അധികാരികൾ പുറം തിരിഞ്ഞു നിൽക്കുന്ന സാഹചര്യത്തിൽ സമരപരിപാടിയുമായി മുന്നോട്ടു പോകാനാണ് സമരസമിതിയും വൈദിക സമ്മേളനവും തീരുമാനിച്ചതെന്ന് ആർച്ച് ബിഷപ് സർക്കുലറിലൂടെ അറിയിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group