കടൽത്തീരത്ത് ചുട്ടുപൊള്ളുന്ന മണലിൽ മുട്ടുകുത്തിനിന്ന് ‘അപ്പാ’ എന്ന് വിളിച്ച് പ്രാർത്ഥിക്കുന്ന ഒരു കൂട്ടം മനുഷ്യരുടെ ദൃശ്യം കാണാനിടയായി. തങ്ങളുടെ വ്യക്തിപരമായ ആവശ്യങ്ങൾക്കുവേണ്ടിയല്ല, സ്വന്തം സഹോദരങ്ങളെന്ന് അവർ തിരിച്ചറിഞ്ഞ, മണിപ്പൂരിലെ പീഡനമേൽക്കുന്ന ക്രൈസ്തവർക്ക് വേണ്ടിയാണ് ആ തമിഴ് മക്കൾ സഭാ, റീത്ത് വ്യത്യാസമില്ലാതെ കരഞ്ഞ് പ്രാർത്ഥിച്ചുകൊണ്ടിരുന്നത്.
ബാംഗ്ലൂരിലും മുംബൈയിലും സമാനമായ രീതിയിൽ പ്രാർത്ഥനകൾ സംഘടിപ്പിക്കുന്നെണ്ടെന്നറിയാൻ കഴിഞ്ഞു. മണിപ്പൂരിലെ യുവജനങ്ങൾക്ക് സൌജന്യ വിദ്യാഭ്യാസവും താമസവും ബാംഗ്ലൂർ രൂപത വാഗ്ദാനം ചെയ്തിരിക്കുന്നു. എന്നാൽ… രണ്ടായിരം വർഷത്തെ പാരമ്പര്യമുള്ള നമ്മുടെ സഭയ്ക്ക് മണിപ്പൂർ വിഷയത്തിൽ ഒറ്റക്കെട്ടായി എന്തു ചെയ്യാനായി എന്ന ചിന്ത നമ്മുടെ ഹൃദയത്തിൽ ഒരു നീറ്റൽ അവശേഷിപ്പിക്കുന്നില്ലേ? ഇല്ലെങ്കിൽ നമ്മുടെ ക്രിസ്തീയ ജീവിതരീതിയിലെന്തോ പിശകുണ്ടെന്ന് ന്യായമായും സംശയിക്കണം. ക്രിസ്തുവിനെപ്പറ്റിയോ സഭയെപ്പറ്റിയോ സഭാതനയരെപ്പറ്റിയോ ഒരു ചിന്തയുമില്ലാതെ, ഉപരിപ്ലവമായി ജീവിതത്തിന്റെ ചിട്ടവട്ടങ്ങൾക്കും ആഘോഷങ്ങൾക്കും മാത്രമായിട്ടുള്ള ഒരു സംവിധാനം മാത്രമായിട്ടാണോ ക്രിസ്തു സഭ സ്ഥാപിച്ചതെന്ന് നാം ചിന്തിക്കണം. മണിപ്പൂരിലെ മിഷനറിമാരിൽ ഭൂരിപക്ഷവും മലയാളികളാണെന്നതും നാം ഓർക്കണം. മണിപ്പൂരിൽ സീറോമലബാർ സഭയ്ക്ക് ദൈവാലയങ്ങളൊന്നും തന്നെ ഇല്ലാത്തതുകൊണ്ടാണ് സീറോമലബാർസഭ മണിപ്പൂർ വിഷയത്തിൽ വേണ്ടവിധത്തിൽ ശ്രദ്ധചെലുത്താതെന്ന് കരുതുന്നവരും കുറവല്ല.
മണിപ്പൂരിലെ സ്ഥിതിഗതികൾ നേരിട്ട് കണ്ട് മനസ്സിലാക്കാൻ ചെന്ന സഹോദരങ്ങളോട് പന്തക്കുസ്ത സഭാവിഭാഗത്തിലുള്ളവരടക്കമുള്ള വിശ്വാസികൾ പറഞ്ഞതെന്താണെന്നറിയാമോ. “ഞങ്ങൾക്കുള്ള പ്രതീക്ഷ കേരളകത്തോലിക്കാസഭയിലാണ്. നിങ്ങളല്ലാതെ മറ്റാരും ഞങ്ങൾക്കായി പ്രാർത്ഥിക്കാനോ സഹായിക്കാനോ ഇല്ല. നിങ്ങളിലൂടെയാണ് ഞങ്ങളുടെ ഉയിർത്തെഴുന്നേൽപ്പെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.”
പ്രിയമുള്ളവരെ, കേരള ക്രൈസ്തവരിൽ എത്രപേർ മണിപ്പൂർ കലാപത്തിന്റെ യഥാർത്ഥ അവസ്ഥയെക്കുറിച്ചും കാരണങ്ങളെക്കുറിച്ചും അറിഞ്ഞിട്ടുണ്ട്. അടുത്തപെരുന്നാളിനെക്കുറിച്ച് ഇപ്പഴേ നാം ചർച്ചകൾ തുടങ്ങിയിട്ടുണ്ടാവാം. ദൈവാലയനവീകരണകമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ടാകാം. ഒന്നോർക്കുന്നത് നന്നായിരിക്കും. 36 മണിക്കൂറിനുള്ളിൽ 250ൽ പരം ദൈവാലയങ്ങളാണ് ചുട്ടെരിക്കപ്പെട്ടത്. മണിപ്പൂരിൽ നടന്നത് മലയാളമണ്ണിൽ നടക്കില്ലെന്ന് എന്താണ് ഉറപ്പ്. ആരുടെ ഭാഗത്തു നിന്നും പീഡനങ്ങൾ വരാം. മണിപ്പൂരിലെ കനലടങ്ങുന്നതുവരെ ആഘോഷപരിപാടികളെക്കുറിച്ചും ആരാധനക്രമപ്രശ്നങ്ങളെക്കുറിച്ചും പകലന്തിയോളം ചർച്ചകൾ നടത്തി സമയം കളയരുതേ.. വിശ്വാസസമൂഹത്തിന് പ്രതിസന്ധിയുണ്ടായപ്പോൾ ചാക്കുടുത്ത് ചാരം പൂശി ഉപവസിച്ച് പ്രാർത്ഥിച്ചുകൊണ്ടിരുന്ന വിശ്വാസവീരന്മാരുടെ ഉദാഹരണങ്ങൾ വിശുദ്ധഗ്രന്ഥത്തിൽ വിവരിച്ചിട്ടുണ്ടല്ലോ.
മണിപ്പൂരിനായി ദിവ്യകാരുണ്യ സന്നിധിയിലും, സൂം പ്ലാറ്റ് ഫോമിലും 24 മണിക്കൂറും ഫിയാത്ത് മിഷൻ പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്നു. എളിയവരായ ഞങ്ങളോടു കൂടെയോ മറ്റുകൂട്ടായ്മകളോടൊപ്പമോ തനിച്ചോ പ്രാർത്ഥിച്ചുകൊണ്ടിരിക്കുക. ദൈവം ഇടപെടും.
ജൂൺ 23 വെള്ളിയാഴ്ച വൈകിട്ട് 3 മുതൽ 4 വരെ ഭാരതസഭയൊന്നാകെ ദൈവാലയമണികൾ മുഴക്കി ദൈവാലയങ്ങളിലും മറ്റിടങ്ങളിലും ഒരുമിച്ച് പ്രാർത്ഥിക്കുന്നത് നല്ലതായിരിക്കുമെന്ന നിർദ്ദേശം പലയിടങ്ങളിൽ നിന്നും ഉയർന്നുവന്നിരിക്കുന്നു. അതേക്കുറിച്ച് ഇനിയും അറിയാത്തവർ അധികാരികളെ അറിയിക്കുന്നതും ഇപ്രകാരം പ്രാർത്ഥിക്കുന്നതും നന്നായിരിക്കും.
നമ്മുടെ ഏക ആശ്രയമായ കർത്താവിലേയ്ക്ക് കണ്ണുകളുയർത്താം പ്രിയരെ,
മണിപ്പൂരിൽ നിന്ന് മലയാളമണ്ണിലേയ്ക്ക് അധികദൂരമില്ല.
കടപ്പാട് :സീറ്റ് ലി ജോർജ്,
ചെയർമാൻ,
ഫിയാത്ത് മിഷൻ
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group