നാദിയ ലോകത്തോട് കഥ പറയുമ്പോൾ

സിൻജാറിലെ കൊച്ചോ എന്ന ഗ്രാമം ലോകത്തിനു പരിചിതമായത് ഇസ്ലാമിക് സ്റ്റേറ്റ് നടത്തിയ യസീദി വംശഹത്യയിലൂടെയല്ല, നാദിയ ലോകത്തോട് തന്റെയും തന്റെ ഗ്രാമത്തിന്റെയും കഥ പറഞ്ഞപ്പോളാണ്! പുരുഷന്മാരെ കൂട്ടക്കുരുതി നടത്തിയതിന്റെയും പ്രായമായ സ്ത്രീകളെ കൂട്ടത്തോടെ കൊന്നു കുഴിച്ചു മൂടിയതിന്റെയും പെൺകുട്ടികളെ ലൈംഗിക അടിമകളാക്കി ചന്തകളിൽ കച്ചവടം നടത്തിയതിന്റെയും, സങ്കൽപ്പിക്കാൻ കഴിയാത്ത കൊടിയ പീഡനങ്ങൾക്ക് അവരെ വിധേയരാക്കിയതിന്റെയും കഥകൾ പറഞ്ഞുകൊണ്ടാണ് നാദിയ മുറാദ് യസീദികളുടെ അവകാശ പോരാട്ടങ്ങളുടെ നായികയായത്.

നോവുന്ന ഓർമ്മകളിൽ ജീവിച്ചുകൊണ്ട്, ഹതാശയാകാതെ നീതിക്കുവേണ്ടി പൊരുതുന്നവൾ! സഹനത്തിലൂടെയാണ് അവൾ അവളുടെ സ്വത്വവും സ്വാതന്ത്ര്യവും തിരിച്ചു പിടിച്ചത്. ലോകത്തിന്റെ മനസാക്ഷിയോട് തന്റെയും തന്റെ കുടുംബത്തിന്റെയും ഗ്രാമത്തിന്റെയും കഥപറഞ്ഞുകൊണ്ട്, തന്റെ കഥയുള്ള അവസാനത്തെ പെൺകുട്ടിയാവണം താനെന്ന് അവൾ ആഗ്രഹിക്കുന്നു!

യസീദി വംശഹത്യ ലോകത്തിനുമുന്നിൽ കൊണ്ടുവരുന്നതിൽ അവൾ വിജയിച്ചു. ഐസിസിനെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനുള്ള പോരാട്ടം അവൾ തുടർന്നുകൊണ്ടേയിരിക്കുന്നു. സുന്നികൾ മാത്രമുള്ള ഒരു ഇറാഖിനെ സ്വപ്നം കണ്ടിരുന്നവരോട്, അത്തരം സ്വപ്‌നങ്ങൾ അപകടമാണെന്നവൾ തുറന്നു പറയുന്നു! ഐസിസിനെപ്പോലെയുള്ള ഭീകര പ്രസ്ഥാനങ്ങളെ തള്ളിപ്പറയണമെന്നു സുന്നി നേതാക്കളോട് അവൾ അഭ്യർത്ഥിക്കുന്നു! അക്രമം അവസാനിപ്പിക്കാനുള്ള കരുത്ത് അവർക്കുണ്ടെന്ന് അവൾ വിശ്വസിക്കുന്നു! ലോക നേതാക്കൾ, പ്രത്യേകിച്ച് മുസ്‌ലിം നേതാക്കൾ, പീഡനത്തിനിരയായവരുടെ സംരക്ഷണത്തിന് തയ്യാറാകണമെന്ന് അവൾ ഓർമ്മിപ്പിക്കുന്നു!

പ്രിയപ്പെട്ടവരിൽ പലരും ഇനി ഒരിക്കലും തിരിച്ചുവരില്ലെന്നറിയുമ്പോഴും ജീവിച്ചിരിക്കുന്നവർക്കായി തളരാതെ അവൾ അധ്വാനിക്കുന്നു! കൂട്ടക്കുഴിമാടങ്ങളിൽ കുഴിച്ചുമൂടപ്പെട്ട തന്റെ പ്രിയപ്പെട്ടവരെ വിളിച്ചുണർത്താനാവില്ലെന്നവൾക്കറിയാം. എന്നാൽ ലോക മനസാക്ഷിയെ വിളിച്ചുണർത്താൻ അവളുടെ കണ്ണീരണിഞ്ഞ കഥകൾക്ക് ശക്തിയുണ്ട്! നീതിയുടെ രശ്മികൾ കണ്ടുതുടങ്ങിയിരിക്കുന്നു!

താനും തന്റെ സഹോദരിമാരും അടങ്ങുന്ന യസീദി പെൺകുട്ടികൾ അസ്ഥിനുറുങ്ങുംവരെ ബലാത്സംഗം ചെയ്യപ്പെട്ടപ്പോഴും, രക്ഷപ്പെടാനുള്ള ശ്രമങ്ങൾക്കിടെ ഭീകരരാൽ വേട്ടയാടപ്പെട്ടപ്പോഴും, വീണ്ടും ചന്തയിൽ വിലപേശി വിൽക്കപ്പെട്ടപ്പോഴും, ചുറ്റുമുള്ളവരുടെ നിസ്സംഗത അവളെ കൂടുതൽ ഭയചകിതയാക്കി! ഐസിസ് പ്രത്യയശാസ്ത്രത്തോടും ഖാലിഫേറ്റെന്ന ആശയത്തോടും മൊസൂളിലെ ജനങ്ങൾക്ക് യോജിപ്പായിരുന്നോ? അവരുടെ കൺമുന്പിലാണ് അവളും മറ്റനേകം യസീദി പെൺകുട്ടികളും സബായ (ലൈംഗിക അടിമ) കളായി പീഡിപ്പിക്കപ്പെട്ടത്. അവരാണ് ഒളിച്ചോടിയ സബായകളെ പിടികൂടി ഐസിസിന് തിരികെയേൽപ്പിച്ചത്!

കൊച്ചോയിൽ ഐസിസ് എത്തിയപ്പോഴത്തെ അനുഭവവും വ്യത്യസ്തമായിരുന്നില്ല എന്നവൾ ഓർക്കുന്നു! യസീദികളുമായി ഏറെ അടുപ്പമുണ്ടായിരുന്ന നിരവധി സുന്നികൾ ഐസിസുമായിച്ചേർന്ന് അവരെ വഞ്ചിച്ചിട്ടുണ്ട്!

എന്നാൽ, ഒളിച്ചോട്ട ശ്രമത്തിനുള്ള ശിക്ഷയായി, ഹാജി സാന്റെ വീട്ടിലെ കൂട്ട ബലാത്സംഗത്തിന് ശേഷം, ആദ്യമായി രക്ഷപ്പെടൽ എന്ന ആശയം മനസ്സിൽ വന്ന ഹാജി അമീറിന്റെ വീട്ടിൽനിന്നും, പൂട്ടാതെകിടന്ന മുൻവതിലിലൂടെ മൊസൂളിന്റെ ഇരുട്ടിലേക്കിറങ്ങിയ അവൾക്കു ഹിഷാം എന്ന സുന്നി മുസ്ലീമിന്റെ വീടുപകർന്ന വെളിച്ചം ചെറുതായിരുന്നില്ല! മാഹ എന്ന അയാളുടെ ഭാര്യ, നാസർ, ഹുസ്സൈൻ എന്നീ ആൺമക്കൾ, നാസറിന്റെ ഭാര്യയും കുഞ്ഞും, മിന എന്ന മകളും അവളുടെ ഭർത്താവായ ബഷീറും! ആപത്തിൽ അവൾക്കു അവർ നല്ല അയൽക്കാരായി! തെളിനീരുപോലെ കുളിർമ്മ പകരുന്ന അനുഭവം!

മൊസൂളിൽനിന്നും കുർദിസ്ഥാനിലെ കിർകുക്കിലേക്കും തുടർന്ന് സുലൈമാനിയയിലേക്കും അവിടെനിന്നു എർബിലിലേക്കുമുള്ള അവളുടെ രക്ഷപ്പെടലിന്റെ കഥ ത്രസിപ്പിക്കുന്ന അനുഭവമാണ്. ഏതു നിമിഷവും ഭീകരരാൽ പിടിക്കപ്പെടാവുന്ന ആ യാത്രയിൽ, വ്യാജ തിരിച്ചറിയൽ കാർഡിൽ, അബായയും ഹിജാബും ധരിച്ചു നാസറിന്റെ ഭാര്യയായി അഭിനയിക്കുക! ഓരോ ചെക് പോയിന്റിലും ഭീകരരുടെ ചോദ്യങ്ങൾക്കു മറുപടി പറയുക! അവളുടെ കണ്ണിലെ ഭീതികണ്ടാൽ ആർക്കും മനസ്സിലാകുമായിരുന്നു അവളൊരു യസീദി പെൺകുട്ടിയാണെന്ന്! എന്നാൽ, ഭർത്താവിന്റെ മുൻപിൽവച്ചു ഹിജാബുമാറ്റാൻ ഐസിസ് ഭീകരർ ആവശ്യപ്പെടുകയില്ല എന്ന ഉറപ്പിലാണ് യാത്ര! പിടിക്കപ്പെട്ടാൽ തന്റെ ജീവിതം മാത്രമല്ല നാസറിന്റെ ജീവനും തീർന്നതുതന്നെ!

അഭയംതേടിവന്ന യസീദിപെണ്കുട്ടിയെ രക്ഷപ്പെടുത്തുന്നതിനായി ഇറങ്ങിത്തിരിച്ച നാസർ എന്ന ചെറുപ്പക്കാരനോടും കുടുംബത്തോടും ഒരുപക്ഷെ, നാദിയയ്ക്കു തോന്നിയതിനേക്കാൾ കടപ്പാടും കൃതജ്ഞതയും വായനക്കാരന് തോന്നും “അവസാനത്തെ പെൺകുട്ടി” എന്ന നാദിയ മുറാദിന്റെ അനുഭവ കഥ വായിച്ചാൽ.

പിൻകുറിപ്പ്: നാദിയയുടെ കഥ സിനിമയാക്കാൻ കഴിയുന്നവർ മലയാള സിനിമ ഇൻഡസ്ട്രിയിൽ ഉണ്ടോ എന്നെനിക്കു നിശ്ചയമില്ല. നാസറിന്റെ കഥയെങ്കിലും സിനിമയാക്കാൻ കഴിഞ്ഞാൽ അതൊരു ക്‌ളാസ്സിക് അനുഭവം ആയിരിക്കും. അതിന് “ഈശോ” എന്നു പേരിട്ടാൽ, ഞാൻ സന്തോഷിക്കുകയേ ഉള്ളു!

കടപ്പാട്
ഫാ. വർഗീസ് വള്ളിക്കാട്ട്


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group