ഫ്രാന്‍സിസ് മാർപാപ്പക്ക് വന്‍ വരവേല്‍പ്പ് ഒരുക്കി യുവജനങ്ങള്‍

യുവജന സമ്മേളനത്തിന്റെ പ്രധാന വേദികളിലൊന്നായ എഡ്വേർഡ് ഏഴാമൻ പാർക്കിലെത്തിയ ഫ്രാന്‍സിസ് പാപ്പക്ക് യുവജനങ്ങള്‍ ഒരുക്കിയത് വന്‍ വരവേല്‍പ്പ്. യൗവനത്തിന്റെ ആത്മീയതയും സംഗീതവും ലഹരിയും ആർജവവും ഊർജമായ സമ്മേളന നഗരിയിൽ അഞ്ചു ലക്ഷത്തിലധികം യുവജനങ്ങളാണ് ആര്‍പ്പുവിളിയോടെയും ആവേശത്തോടെയും ഫ്രാൻസിസ് മാർപാപ്പയെ എതിരേറ്റത്. ദൈവത്തിന്റെ ദൃഷ്ടിയിൽ, നാം വിലയേറിയ കുഞ്ഞുങ്ങളാണെന്ന് പാപ്പ ആദ്യ സന്ദേശത്തില്‍ പറഞ്ഞു. നമ്മെ ആശ്ലേഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും, നമ്മെ അതുല്യമായ ഒരു മാസ്റ്റർപീസാക്കുന്നതിനും, അതിന്റെ സൗന്ദര്യം നമുക്ക് കാണാൻ തുടങ്ങുന്നതിനുമായി അവൻ ഓരോ ദിവസവും നമ്മെ വിളിക്കുകയാണെന്നു പാപ്പ പറഞ്ഞു.

ദേവാലയത്തില്‍ എല്ലാവർക്കും, എല്ലാവർക്കും ഇടമുണ്ട്. സഭയിൽ ആരും അതിരുകടന്നവരല്ല, ആരും അവശേഷിക്കുന്നില്ല, നമ്മളെപ്പോലെ എല്ലാവർക്കും ഇടമുണ്ട്. കർത്താവ് തന്റെ വിരൽ ചൂണ്ടുന്നില്ല, മറിച്ച് തന്റെ കരങ്ങൾ തുറക്കുന്നു, നമ്മെ എല്ലാവരെയും ആശ്ലേഷിക്കുന്നു. യേശു ഒരിക്കലും വാതിൽ അടയ്ക്കുന്നില്ല, യേശു നമ്മെ സ്വീകരിക്കുന്നു, യേശു നമ്മെ സ്വാഗതം ചെയ്യുകയാണ്. നമ്മെ ക്ഷണിച്ചവർക്കും ഈ ഒത്തുചേരൽ സാധ്യമാക്കാൻ പ്രവർത്തിച്ചവർക്കും കരഘോഷത്തോടെ നന്ദി പറയാം. എന്നാൽ എല്ലാറ്റിനുമുപരിയായി, നമ്മെ വിളിച്ചത് യേശുവാണ്. മറ്റൊരു കരഘോഷത്തോടെ നമുക്ക് യേശുവിന് നന്ദി പറയാമെന്നും പാപ്പ പറഞ്ഞു.

നേരത്തെ സംഗീത – നൃത്ത പശ്ചാത്തലത്തിൽ തെരഞ്ഞെടുക്കപ്പെട്ട യുവാക്കൾ യുവജന വേദിയില്‍ പ്രാരംഭ പ്രാർത്ഥന നടത്തി. പ്രാർത്ഥനയ്ക്കൊടുവിൽ യുവ സന്യാസിനി പ്രതിനിധികൾ ആശംസാപ്രസംഗം നടത്തി. തുടർന്ന് പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയിൽ ദേശീയ പതാകകളേന്തി സമ്മേളനത്തിൽ പങ്കെടുക്കുന്ന ലോകരാജ്യങ്ങളെ മുഴുവൻ പ്രതിനിധീകരിച്ച് യുവജന പ്രതിനിധികൾ പ്രധാന വീഥിയിൽ അണിനിരന്നു. സമ്മേളനത്തിന്റെ പ്രത്യേക കുരിശും പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുസ്വരൂപവും യുവാക്കൾ പ്രദക്ഷിണമായി എത്തിച്ച് പ്രധാന വേദിയിൽ പ്രതിഷ്ഠിച്ചത് അനേകരെ ആത്മീയ നിര്‍വൃതിയിലാക്കി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group