ഗുഡ്ഗാവ് ഭദ്രാസനത്തിന്റെ പ്രഥമ ഇടയൻ ജേക്കബ് മാർ ബർണബാസ് പിതാവ് വിടവാങ്ങി.

ന്യൂഡൽഹി: മലങ്കര കത്തോലിക്കാ സഭയുടെ ഗുഡ്ഗാവ് ഭദ്രാസനത്തിന്റെ ഇടയൻ ജേക്കബ് മാർ ബർണബാസ് (60) ഒ.ഐ.സി അന്തരിച്ചു. ദീർഘനാളുകളായി ന്യൂ ഡൽഹി ഫോർട്ടിസ് ഹോസ്പിറ്റലിൽ പോസ്റ്റ് കോവിഡ് ചികിത്സയിലായിരുന്നു.

1960 ഡിസംബർ മൂന്നാം തീയ്യതി പത്തനംതിട്ട ജില്ലയിലെ റാന്നി കരികുളത്ത് ഗീവർഗീസിന്റെയും റേച്ചലിന്റെയും എട്ടു മക്കളിൽ മൂത്ത മകനായി ജനിച്ചു. അഞ്ചു സഹോദരിമാരിൽ മൂന്നു പേർ ബഥനി മിശിഹാനുകരണ സന്യാസിനി സമൂഹ അംഗങ്ങളാണ്.

1975 ൽ ബഥനി മിശിഹാനുകരണ സന്ന്യാസ സമൂഹത്തിൽ അംഗമായ വന്ദ്യ പിതാവ് പൂനെയിലെ ബഥനി വേദ വിജ്ഞാന പീഠത്തിലെ ആദ്യത്തെ ദൈവശാസ്ത്ര വിദ്യാർത്ഥികളിൽ ഒരാളായിരുന്നു.
തുടർന്ന് 1986 ഒക്ടോബർ 2 ന് മലങ്കര കത്തോലിക്കാസഭയുടെ ദ്വിതീയ ഇടയനായിരുന്ന മേജർ ആർച്ച് ബിഷപ്പ് ബനഡിക്ട് മാർ ഗ്രിഗോറിയോസിൽ നിന്നും വൈദിക പട്ടം സ്വീകരിച്ചു.
വിവിധ സെമിനാരികളിൽ വിസിറ്റിംഗ് പ്രൊഫസറായും പൂനെ ജ്ഞാനദീപ വിദ്യാപീഠത്തിലെ പാസ്റ്ററൽ മോറൽ തിയോളജി പഠന വകുപ്പ് അദ്ധ്യക്ഷനായും പ്രവർത്തിച്ചു.

2007 ൽ ബനഡിക്ട് പതിനാറാമൻ പാപ്പാ കേരളത്തിനു പുറത്ത് ഇന്ത്യയിൽ മുഴുവനുള്ള മലങ്കര കത്തോലിക്കാ സഭാ അംഗങ്ങളുടെ ഇടയ ചുമതല നൽകി അദ്ദേഹത്തെ മെത്രാൻ പദവിലേയ്ക്ക് ഉയർത്തി.

2015 ൽ ഫ്രാൻസിസ് പാപ്പാ ഇന്ത്യയിലെ 22 സംസ്ഥാനങ്ങളെ ചേർത്ത് മലങ്കര കത്തോലിക്കാ സഭയിലെ ഏറ്റവും വലിയ രൂപതയായ ഗുഡ്ഗാവ് രൂപതയുടെ പ്രഥമ ഇടയനായി നിയമിതനായി.

കോവിഡ് ഗുരുതരമായി ബാധിച്ച് കടന്നുപോയ വേളയിൽ നിരവധി പ്രാർത്ഥനകൾ ലോകമെമ്പാടും അർപ്പിക്കപ്പെട്ടു.
കോവിഡ് മുക്തനായി കോവിഡാനന്തര ചികിത്സയിക്കിടയിലാണ് വന്ദ്യ പിതാവിന്റെ വിയോഗം ഇന്ന് ഉണ്ടായത്
മലങ്കര കത്തോലിക്കാ സഭയ്ക്കും ഭാരത കത്തോലിക്കാ സഭയ്ക്കും ഒരു തീരാ നഷ്ടം സംഭവിച്ചിരിക്കുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group