ഒളിമ്പിക്സ് സഹോദര ഐക്യം ഊട്ടിയുറപ്പിക്കുവാനുള്ള അവസരമാകട്ടെ : മാർപാപ്പാ

ഒളിമ്പിക്സ് സഹോദര ഐക്യം ഊട്ടിയുറപ്പിക്കുവാനുള്ള ഒരു അവസരമാകട്ടെയെന്ന് ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പാ.

ജൂലൈ ഇരുപത്തിയാറ് മുതൽ ഓഗസ്റ്റ് പതിനൊന്നുവരെ പാരീസിൽ നടക്കുന്ന ഒളിമ്പിക്സ് മത്സരങ്ങളുടെ ഉദ്ഘാടത്തിന് മുന്നോടിയായി പാരീസിലെ ദേവാലയത്തിൽ, ഫ്രാൻസിലെ വത്തിക്കാൻ പ്രതിനിധി ആർച്ചുബിഷപ്പ് ചേലസ്തീനോ മില്ല്യോരെയുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന ദിവ്യബലി മധ്യേ ഫ്രാൻസിസ് മാർപാപ്പയുടെ സന്ദേശം വായിച്ചു.

സന്ദേശത്തിൽ, ആസന്നമാകുന്ന ഒളിമ്പിക്സ് മത്സരങ്ങൾ സാഹോദര്യത്തിന്റെ സന്ദേശം ലോകത്തിനു പകരുവാൻ ഉതകുമാറാകട്ടെയെന്ന് പാപ്പാ ആശംസിച്ചു. മത്സരത്തിൽ പങ്കെടുക്കുവാനായി വിവിധ ഇടങ്ങളിൽ നിന്നും എത്തുന്നവർക്ക് വേണ്ടി ക്രൈസ്തവ സ്ഥാപനങ്ങളുടെ വാതിലുകൾ തുറക്കുന്നതോടൊപ്പം, മറ്റുള്ളവർക്കായി ഹൃദയ വാതിലുകളും തുറന്നുകൊടുക്കണമെന്ന് പാപ്പാ അഭ്യർത്ഥിച്ചു. ദുർബലരെയും, സഹായം ആവശ്യമുള്ളവരെയും ചേർത്ത് നിർത്തുന്ന സമൂഹം അഭിനന്ദനമർഹിക്കുന്നുവെന്നും പാപ്പാ കൂട്ടിച്ചേർത്തു.

അഭിപ്രായ വ്യത്യാസങ്ങൾക്കും എതിർപ്പുകൾക്കും അതീതമായി രാജ്യത്തിന്റെ ഐക്യം ശക്തിപ്പെടുത്തുന്നതിനുള്ള ഒരു അവസരമാണ് ഈ ഒളിമ്പിക്സ് മത്സര ദിനങ്ങൾ. ഭാഷകൾ, വംശങ്ങൾ, ദേശീയതകൾ, മതങ്ങൾ എന്നിവയ്ക്ക് അതീതമായ ഒരു സാർവത്രിക ഭാഷയാണ് കായികമെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു. അതിനാൽ സ്വയം മെച്ചപ്പെടുത്തുന്നതിനും, ത്യാഗമനോഭാവത്തെ വളർത്തുന്നതിനും, സ്വന്തം പരിമിതികൾ തിരിച്ചറിഞ്ഞുകൊണ്ട് മറ്റുള്ളവരുടെ മൂല്യം തിരിച്ചറിയുവാനും, പരസ്പര ബന്ധങ്ങളിലുള്ള വിശ്വസ്തത ഊട്ടിയുറപ്പിക്കുവാനും ഈ മത്സരാവസരം ഇടയാക്കണമെന്നും പാപ്പാ ആഹ്വാനം ചെയ്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m