33 കുടുംബങ്ങൾക്ക് വീടെന്ന സ്വപ്നം യാഥാർധ്യമാക്കി ഒരു പുരോഹിതൻ….

ഒരു ഗ്രാമത്തിലെ വീടില്ലാത്തവരുടെ കണ്ണീരൊപ്പുകയാണ് ഫാ. ടോണി കോഴിപ്പാടന്‍ എന്ന യുവവൈദികന്‍.പ്രകൃതിക്ഷോഭത്താല്‍ ഭവനരഹിതരായവരും പാവപ്പെട്ടവരുമായ 33 കുടുംബങ്ങള്‍ക്ക് തല ചായ്ക്കാന്‍ ഒരിടം എന്ന സ്വപ്‌നമാണ് ഇപ്പോള്‍ സാക്ഷാത്കരിച്ചിരിക്കുന്നത്. ടോണിയച്ചന്റെ പ്രാര്‍ത്ഥനയും കഠിനാധ്വാനവും അനേകരുടെ സന്മനസുമാണ് ഈ വലിയ ദൗത്യത്തിന്റെ വിജയത്തിന്റെ പിന്നില്‍.ആറുവര്‍ഷംമുമ്പാണ് ചീനിക്കപ്പാറ സെന്റ് തോമസ് ഇടവകയുടെ വികാരിയായി ഫാ. ടോണി ചാര്‍ജെടുത്തത്. അവിടെ എത്തിയതിനുശേഷമാണ് തന്റെ പുതിയ നിയോഗം ഈ വൈദികന്‍ തിരിച്ചറിഞ്ഞത്. മൂന്ന് പതിറ്റാണ്ടോളം പഴക്കമുള്ള ചീനിക്കപ്പാറ ഇടവക കിഴക്കാന്‍തൂക്കായ മലയോര മേഖലയാണ്. മുഖ്യമായും കൃഷിയെ ആശ്രയിച്ചു കഴിയുന്ന ജനങ്ങള്‍ സാമ്പത്തികമായി സുരക്ഷിതരല്ല.

2018-ല്‍ ഇടവകയിലെ കുണ്ടംപെട്ടി എന്ന സ്ഥലത്തുണ്ടായ ഉരുള്‍പൊട്ടലില്‍ എട്ടോളം പേര്‍ക്ക് ഭവനം നഷ്ടപ്പെട്ടു. ഇവര്‍ക്ക് വീടുവച്ച് കൊടുക്കുക എന്ന ദൗത്യം ഏറ്റെടുക്കാന്‍ അച്ചന്‍ തീരുമാനിച്ചു. പണം കണ്ടെത്തുകയായിരുന്നു പ്രധാന വെല്ലുവിളി. എട്ടുവീടുകള്‍ക്കുള്ള സ്ഥലം സൗജന്യമായി ലഭിച്ചു. കാര്‍ഷിക ഗ്രാമമായ പ്രദേശത്തെ ജനങ്ങള്‍ക്ക് സംഭാവന നല്‍കാന്‍ കഴിയില്ലെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ ടോണിയച്ചന്‍ വിദേശത്തും സ്വദേശത്തുമുള്ള സുമനസുകളെ സമീപിച്ചാണ് പണം സമാഹരിച്ചത്. 2019-ല്‍ എട്ടുവീടുകള്‍ കൈമാറി.

പിന്നീട് 2019-ലെ പ്രകൃതിക്ഷോഭത്തില്‍ ഭൂമി വിണ്ടുകീറി വട്ടപ്പാറയെന്ന പ്രദേശംതന്നെ താമസയോഗ്യമല്ലാതായി. ഇവിടെയുള്ള കുടുംബങ്ങള്‍ക്ക് വീടുകള്‍ വിട്ടൊഴിഞ്ഞുപോകേണ്ടിവന്നു. ടോണിയച്ചന്റെ നേതൃത്വത്തില്‍ ഇവരെ ചീനിക്കപ്പാറ ഇടവകയ്ക്ക് കീഴിലുള്ള പ്രദേശത്ത് വീടുകള്‍ വാടകയ്ക്ക് എടുത്തു താമസിപ്പിച്ചു. ഇത്തവണ വീടുകള്‍ക്കായി സ്ഥലം വില കൊടുത്ത് വാങ്ങേണ്ടിവന്നു. സ്ഥലവിലക്ക് പുറമേ ഏഴുലക്ഷം രൂപയാണ് ഓരോ വീടിനും ചെലവ് വന്നത്. അഞ്ചുമുതല്‍ ഏഴര സെന്റ് വരെ സ്ഥലത്താണ് വീടുകള്‍ പണിതത്. സ്വന്തമായി പണം മുടക്കാന്‍ കഴിയുന്നവര്‍ക്ക് ഒരു മുറി കൂടി പ്ലാനില്‍ ഉള്‍പ്പെടുത്താം. വീടുപണികള്‍ പരസ്പര സഹായത്തോടെ പൂര്‍ത്തീകരിച്ചത് കാര്യങ്ങള്‍ വേഗത്തിലാക്കി.2021 ഏപ്രില്‍ 11-ന് പതിനെട്ട് വീടുകളുടെ താക്കോല്‍ദാനം പാലക്കാട് രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് മനത്തോടത്ത് നിര്‍വഹിച്ചു. ബാക്കി വീടുകള്‍ അതിനുശേഷവും പൂര്‍ത്തീകരിച്ചു.

ഇടവക ദൈവാലയത്തിന്റെ സമീപത്താണ് എട്ടുവീടുകള്‍ ഉയര്‍ന്നിട്ടുള്ളത്. ബാക്കി വീടുകള്‍ ഇടവകാതിര്‍ത്തിക്കുള്ളില്‍ പല സ്ഥലത്തായിട്ടാണ്. വീടിനനുയോജ്യമായ സ്ഥലം ലഭ്യമായത് പല പ്രദേശത്തായിട്ടാണ്. പഞ്ചായത്ത് മെമ്പര്‍ അടങ്ങുന്ന 11 പേര്‍ ചേര്‍ന്ന ഒരു കമ്മറ്റിയാണ് അച്ചന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. പാലക്കാട് രൂപത, വിന്‍സെന്‍ഷ്യന്‍ കോണ്‍ഗ്രിഗേഷന്‍, ജോയ് ആലുക്കാസ് ഗ്രൂപ്പ്, വിദേശത്തും സ്വദേശത്തുമുള്ള ഉപകാരികള്‍ എന്നിവരുടെയെല്ലാം സാമ്പത്തിക പിന്തുണ ഈ സംരംഭത്തിന് ലഭിച്ചു. അഞ്ച് വീടുകള്‍ക്ക് മൂന്നരലക്ഷം രൂപ വീതം സര്‍ക്കാര്‍ ഭവനനിര്‍മാണ ഫണ്ട് നേടിയെടുക്കാനുമായി.

ഇവയ്ക്കുപുറമേ ജപ്തിഭീഷണിയില്‍ കഴിഞ്ഞിരുന്ന ഒരു വീടിന്റെ ബാധ്യത തീര്‍ത്തുകൊടുക്കാനും നാലുവീടുകളുടെ അറ്റകുറ്റപണിക്ക് പണം നല്‍കാനും നിരവധി കുട്ടികള്‍ക്ക് പഠനസഹായം നല്‍കാനും ഫാ. ടോണി കോഴിപ്പാടന്റെ നേതൃത്വത്തില്‍ കഴിഞ്ഞു.മൂന്നു വര്‍ഷംകൊണ്ട് മുന്നേകാല്‍ കോടി രൂപയാണ് ഈ മലയോരഗ്രാമത്തിന്റെ കണ്ണീരൊപ്പാന്‍ ടോണിയച്ചന്റെ നേതൃത്വത്തില്‍ ചെലവഴിക്കപ്പെട്ടത്. ഈ സംരംഭത്തില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് രൂപതയിലും പുറത്തും നിരവധി ഭവനനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നുണ്ട്. ഇതിനെല്ലാം നിമിത്തമാകാന്‍ കഴിഞ്ഞതിന്റെ സംതൃപ്തിയും ടോണിയച്ചനുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group