April 18:മിലാനിലെ മെത്രാപ്പോലീത്ത വിശുദ്ധ ഗാള്‍ഡിന്‍.

പ്രഭുകുടുംബത്തിലായിരുന്നു വിശുദ്ധ ഗാള്‍ഡിന്‍ ജനിച്ചത്. നിഷ്കളങ്കതയും, നന്മയുമായിരുന്നു യുവാവായിരിക്കെ വിശുദ്ധന്റെ ആഭരണങ്ങള്‍. പുരോഹിത പട്ടം ലഭിച്ച വിശുദ്ധനെ, മെത്രാപ്പോലീത്ത അദ്ദേഹത്തിന്റെ സ്ഥാനപതിയും, ആര്‍ച്ച്‌ ഡീക്കനുമായി നിയമിച്ചു. അന്നുമുതല്‍ സഭാ-ഭരണമെന്ന ഭാരിച്ച ഉത്തരവാദിത്വത്തിന്റെ ഒരു നല്ല പങ്ക് വിശുദ്ധ ഗാള്‍ഡിന്റെ ചുമലിലായി.
1159-ല്‍ ഇംഗ്ലീഷ്കാരനായിരുന്ന അഡ്രിയാന്‍ നാലാമന്‍ മാര്‍പാപ്പായുടെ മരണത്തോടെ, ദൈവഭക്തനും പണ്ഡിതനുമായിരുന്ന അലെക്സാണ്ടര്‍ മൂന്നാമന്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയായി തിരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ അഞ്ച് കര്‍ദ്ദിനാളന്മാര്‍ കൂടിചേര്‍ന്ന് ഗൂഡാലോചന നടത്തുകയും ഒക്ടോവിയന്റെ സഹായത്തോടെ മതപരമായ ഭിന്നിപ്പിന് തുടക്കമിടുകയും ചെയ്തു. ചക്രവര്‍ത്തിയായിരുന്ന ഫ്രെഡറിക്ക് ഒന്നാമന്‍, പരിശുദ്ധ സഭയുമായുള്ള കലഹം നിമിത്തം സഭയുടെ വരുമാനും പിടിച്ചടക്കുകയും, മെത്രാന്‍മാരുടെ നിയമനങ്ങളില്‍ ഇടപെടുകയും ചെയ്തു. കൂടാതെ ഫ്രെഡറിക്ക് ഒന്നാമന്‍ വിക്ടര്‍ എന്ന പേരോടുകൂടിയ ഒക്ടാവിയനെ അനൌദ്യോഗിക പാപ്പായായി അവരോധിച്ചു. എന്നാല്‍ മിലാന്‍ നഗരം യഥാര്‍ത്ഥ പാപ്പായായ അലെക്സാണ്ടര്‍ മൂന്നാമനെ പിന്തുണക്കുകയാണ് ചെയ്തത്.

ഇതില്‍ കോപം പൂണ്ട ചക്രവര്‍ത്തി 1161-ല്‍ വലിയൊരു സൈന്യവുമായി മിലാനെ ആക്രമിച്ചു. ഈ ഉപരോധം ഏതാണ്ട് 10 മാസങ്ങളോളം തുടര്‍ന്നു. ഒടുവില്‍ 1162-ല്‍ ചക്രവര്‍ത്തിക്ക് കീഴടങ്ങേണ്ടതായി വന്നു. പ്രതികാരദാഹിയായ ചക്രവര്‍ത്തി മിലാന്‍ നഗരത്തെ നിലംപരിശാക്കി. 1166-ല്‍ മെത്രാപ്പോലീത്തയായിരുന്ന ഹൂബെര്‍ട്ട് മരണപ്പെടുകയും, അതേതുടര്‍ന്ന്‍ വിശുദ്ധ ഗാള്‍ഡിന്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
വിശുദ്ധ ഗാള്‍ഡിന്‍ വിശ്രമമില്ലാതെ സുവിശേഷം പ്രഘോഷിക്കുകയും, ദരിദ്രരേ സഹായിക്കുകയും ചെയ്തു. വിശുദ്ധന്റെ ഹൃദയത്തില്‍ പ്രഥമസ്ഥാനം ദരിദ്രര്‍ക്കായിരുന്നു. ആത്മാര്‍ഥമായ വിനയമുണ്ടായിരിന്ന അദ്ദേഹം, തന്റെ രൂപതയിലെ ഏറ്റവും എളിയവനായിട്ടായിരുന്നു ജീവിച്ചിരുന്നത്. മറ്റുള്ളവരുടെ സങ്കടങ്ങളും, ബുദ്ധിമുട്ടുകളും വിശുദ്ധന്‍ തന്റേതായി കരുതുകയും അവര്‍ക്ക് വേണ്ട കാരുണ്യ പ്രവര്‍ത്തികള്‍ ചെയ്യുന്നതില്‍ സമയം കണ്ടെത്തുകയും ചെയ്തു. കത്താരി, മാനിച്ചീസ് തുടങ്ങിയ മതവിരുദ്ധ സിദ്ധാന്തങ്ങളെ വിശുദ്ധന്‍ തെറ്റാണെന്ന് തെളിയിച്ചു.

നിരന്തരമായ പ്രാര്‍ത്ഥനകള്‍ വഴി വിശുദ്ധന്‍ തന്റെ വിശ്വാസഗണത്തിന്റെ മേല്‍ ദൈവകടാക്ഷമെത്തിച്ചു. പര്‍വ്വതത്തില്‍ വെച്ച് ദൈവവുമായുള്ള സംഭാഷണത്തിനു ശേഷം വെട്ടിതിളങ്ങുന്ന മുഖവുമായി മോശ ഇറങ്ങിവന്നപോലെയായിരിന്നു വിശുദ്ധനും. പൊതുപരിപാടികളില്‍ ദൈവീക വചനങ്ങള്‍ പ്രഘോഷിക്കുകയും, പ്രാര്‍ത്ഥന കൊണ്ട് ജ്വലിക്കുന്ന മുഖവും, ഉത്സാഹപൂര്‍വ്വമുള്ള കാരുണ്യപ്രവര്‍ത്തനങ്ങളും വഴി വഴങ്ങാത്ത മര്‍ക്കടമുഷ്ടിക്കാരേപോലും തന്റെ പാതയിലേക്ക് കൊണ്ടു വരുവാന്‍ അദ്ദേഹത്തിന് സാധിച്ചു.

ഏറെ ക്ഷീണിതനായിരിന്നുവെങ്കിലും വിശുദ്ധ കുര്‍ബാന മദ്ധ്യേ വളരെ തീക്ഷ്ണതയോട് കൂടി സുവിശേഷം പ്രഘോഷിച്ചു കൊണ്ടിരിന്നു. അങ്ങനെ 1176 ഏപ്രില്‍ 18ന് ആ പ്രസംഗവേദിയില്‍ വെച്ച് വിശുദ്ധന്‍ ഈ ലോകത്തോട്‌ വിടപറഞ്ഞു.

ഇതര വിശുദ്ധര്‍

1.കൊജിത്തോസൂസ്

  1. പെഴ്സ്യായിലെ അന്തൂസ
  2. റോമന്‍ സെനറ്ററായ അപ്പൊളോണിയസ്
  3. അയര്‍ലന്‍റിലെ ബിത്തെയൂസും ജെനോക്കൂസും
  4. ബ്രേഷിയായിലെ കലോസെരൂസു
  5. ആജിയാ

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group