22 നിർധന കുടുംബങ്ങള്‍ക്കായി സ്വപ്നഭവനം പൂർത്തിയാക്കി അരുവിത്തുറ സെന്‍റ് ജോര്‍ജ് ഇടവക

നിർധന കുടുംബങ്ങൾക്ക് വേണ്ടി അരുവിത്തുറപ്പള്ളി മുന്നോട്ടുവച്ച സാമൂഹിക, സാംസ്കാരിക, ആത്മീയ ഭൗതിക മുന്നേറ്റമായ സഹദാ കര്‍മ പരിപാടിയുടെ ഭാഗമായി നാട്ടിലെ 22 പാവപ്പെട്ട കുടുംബങ്ങള്‍ക്കായി വെച്ച് നൽകിയ ഭവനങ്ങളുടെ വെഞ്ചരിപ്പ് പാലാ രൂപതാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിച്ചു.

സഹദാ ഗാര്‍ഡന്‍സ് എന്ന് പേരിട്ടിരിക്കുന്ന ഭവന പദ്ധതി, പാലാ രൂപത ഹോം പ്രോജക്ടുമായി ചേര്‍ന്നാണു ഒരുക്കിയിരിക്കുന്നത്.

തീര്‍ത്ഥാടന കേന്ദ്രമായ അരുവിത്തുറ സെന്‍റ് ജോര്‍ജ് പള്ളിയില്‍ നിന്നുളള വരുമാനവും ഇടവകാംഗങ്ങളില്‍ നിന്നുളള സംഭാവനയുമായി സ്വീകരിച്ച രണ്ടു കോടിയിലേറെ രൂപയും ചെലവിട്ടായിരുന്നു ഭവനങ്ങളുടെ നിര്‍മാണം.

അരുവിത്തുറ പെരുന്നിലം ഭാഗത്ത് പള്ളി വാങ്ങിയ രണ്ടര ഏക്കര്‍ സ്ഥലത്താണ് എല്ലാ സൗകര്യങ്ങളോടും കൂടി 10 സെന്‍റ് സ്ഥലം വീതമുള്ള 22 വീടുകള്‍ പൂര്‍ത്തിയാക്കിയത്. 650 ചതുരശ്രയടി വിസ്തീര്‍ണമുള്ള വീടുകള്‍ക്ക് ഏകദേശം 10 ലക്ഷം രൂപ ചെലവഴിച്ചിട്ടുണ്ട്. 22 ഭവനങ്ങള്‍ക്കു പുറമേ 10 ഭവനങ്ങളുടെ നിര്‍മാണവും പദ്ധതിയിലുണ്ട്. ഈ ഭവന നിര്‍മ്മാണം വലിയ ഒരു കരുതല്‍ തന്നെയാണെന്ന് ചടങ്ങില്‍ പാലാ രൂപതാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.

2019 ല്‍ വികാരിയായി നിയമിതനായ ഫാ. ഡോ. അഗസ്റ്റിന്‍ പാലയ്ക്കപ്പറമ്പില്‍ നടത്തിയ ഭവന സന്ദര്‍ശനങ്ങളില്‍ നിന്നാണ് സ്വന്തമായി ഭവനമില്ലാത്തവരുടെ ദുരിതവും ദുഃഖവും നേരിട്ട് കണ്ട് മനസിലായത്. ഈ സന്ദര്‍ശനത്തില്‍ നിന്നാണ് സഹദാ ഗാര്‍ഡന്‍സ് എന്ന സ്വപ്ന പദ്ധതിയുടെ ആശയം ഉയര്‍ന്നു വരുകയും അത് പൂവണിയുകയും ചെയ്തത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group