സഭയെ പിളർത്താനുള്ള അൽമായ മുന്നേറ്റത്തിന്റെ ആഹ്വാനത്തെ വിശ്വാസികൾ തള്ളിക്കളയും : സീറോ മലബാർ സഭ മീഡിയ കമ്മീഷൻ

അനുരഞ്ജനത്തിലേക്ക് വളർന്ന് ഒരുമിച്ചു നടക്കാൻ പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്യുമ്പോൾ ‘അല്മായമുന്നേറ്റം’ എന്ന സംഘടനയുടെ നേതാക്കൾ സഭയെ പിളർത്തുന്നതിനെക്കുറിച്ചുള്ള ഗൂഢാലോചനകളിലാണെന്ന് അവരുടെ പ്രസ്താവന വെളിപ്പെടുത്തുന്നു. സീറോ മലബാർ സഭയുടെ കേന്ദ്രമായ എറണാകുളം-അങ്കമാലി അതിരൂപത സഭയിൽ നിന്നു വേർപെട്ടു സ്വതന്ത്രസഭയായി നിൽക്കണമെന്ന ഒരു സംഘടനയുടെ നിർദ്ദേശത്തെ വിശ്വാസപാരമ്പര്യവും സഭാസ്നേഹവുമുള്ള ബഹുഭൂരിപക്ഷം വിശ്വാസികളും തള്ളിക്കളയും.

ലത്തീൻസഭ പിളർന്നാണ് സീറോമലബാർ സഭയുണ്ടായതെന്ന അബദ്ധസിദ്ധാന്തം തെറ്റിധാരണകൾ പരത്താനുള്ള പ്രസ്തുത സംഘടനയുടെ ശ്രമത്തിന്റെ ഭാഗമാണ്. വിവിധ അപ്പസ്തോലന്മാരുടെ പ്രഘോഷണവുമായി ബന്ധപ്പെട്ടാണ് വിവിധ റീത്തുകൾ ഉടലെടുത്തതെന്നും ലോകത്ത് എവിടെ ആയിരുന്നാലും തങ്ങളുടെ റീത്തിൽ തന്നെ ഉറച്ചു നിൽക്കണമെന്നും രണ്ടാം വത്തിക്കാൻ കൗൺസിൽ പഠിപ്പിക്കുന്നു.

തിരുസഭാമാതാവ് സഭകളുടെ കൂട്ടായ്മയാണ് എന്ന യാഥാർത്ഥ്യമൊന്നും ഉൾക്കൊള്ളാതെ തങ്ങളുടെ ഇഷ്ടാനുസരണം സഭയെ വെട്ടിമുറിക്കാനുള്ള വിഘടനവാദികളുടെ താൽപര്യങ്ങളാണ് ‘കുർബാനത്തർക്കത്തെ’ പരിഹാരമില്ലാതെ നിലനിർത്തുന്നതെന്നു ഇപ്പോൾ വ്യക്തമായിരിക്കുന്നു. 35-ൽ 34 രൂപതകളും തങ്ങൾ പരിചയിച്ച രീതികൾ ത്യജിച്ച് ഏകീകരണ ശ്രമങ്ങളിൽ സഹകരിച്ചപ്പോൾ ഒരേയൊരു രൂപതയിലാണ് ഇത്തരം വിഭാഗീയ പ്രവർത്തനങ്ങളെന്നതും ശ്രദ്ധേയമാണ്. സീറോ മലബാർ സഭയെ ഒരുമിച്ചു നിർത്താൻ നേതൃത്വം നൽകേണ്ട അതിരൂപതയിൽ വിഘടന പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം ലഭിക്കുന്നതും ഖേദകരമാണ്. ചെറിയൊരു വിട്ടുവീഴ്ച ചെയ്താൽ സഭ മുഴുവനും ഐക്യത്തിൽ വളരുമെങ്കിൽ അതിനു തയ്യാറാകുകയാണ് വേണ്ടതെന്ന തിരിച്ചറിവ് എല്ലാവർക്കും ഉണ്ടാകട്ടെ.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m