ചങ്ങനാശേരി അതിരൂപതയുടെ കമനീയമായ പ്രവേശന കവാടം നവതി ആചരണത്തിലേക്ക്

ചങ്ങനാശേരി അതിരൂപതയുടെ കമനീയമായ പ്രവേശനകവാടം നവതി ആചരണത്തിലേക്ക് കടക്കുകയാണ്. ഈശോമിശിഹായുടെ രക്ഷാകര രഹസ്യങ്ങളുടെ (കുരിശുമരണം, ഉത്ഥാനം, സർഗാരോഹണം തുടങ്ങിയവ) പൂർത്തീകരണത്തിൻ്റെ പത്തൊമ്പതാമത് ശതാബ്ദി (1933) ആഘോഷത്തിൻ്റെ സ്മാരകമായാണ് ഈ കവാടം പണി കഴിപ്പിച്ചിട്ടുള്ളത്. അന്നത്തെ മെത്രാനായിരുന്ന മാർ ജയിംസ് കാളാശേരി പിതാവ് തൻ്റെ നാമഹേതുക തിരുന്നാൾ (Feast of St. James the Apostle) ദിനമായ 1934 ജൂലൈ 25 നാണ് ഈ കവാടത്തിൻ്റെ വെഞ്ചരിപ്പുകർമ്മം നിർവഹിച്ചത്. ഇപ്പോൾ 2023 ൽ അതിൻ്റെ തൊണ്ണൂറാം വർഷത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു.

Redemption Jubilee Memorial എന്ന് ആർച്ചിൽ എഴുതിയിരിക്കുന്നു. അഭിവന്ദ്യ കാളാശേരി പിതാവിൻ്റെ ശ്ലൈഹികമുദ്രയും ഇതിന്റെ മുകൾവശത്തായി ആലേഖനം ചെയ്തിട്ടുണ്ട്. കവാടത്തിൻ്റെ ഉൾവശത്തായി പ്രതിഷ്ഠിച്ചിരിക്കുന്ന മാതാവിൻ്റെ തിരുസ്വരൂപവും എഴുതി ചേർത്തിരിക്കുന്ന Gate of Heaven Pray for Us എന്ന വാചകവും ഇതിൻ്റെ പ്രത്യേകതയാണ്. സാധാരണ കവാടങ്ങളിൽ അവ പ്രതിനിധാനം ചെയ്യുന്ന സ്ഥാപനത്തിൻ്റെ പേര് എഴുതിയിരിക്കും. എന്നാൽ ഇതിൽ അപ്രകാരം രൂപതയുടെ പേര് എഴുതിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

ഇത് ഒരു കവാടമെന്നതിലുപരി രൂപതയുടെ ചങ്കൂറ്റത്തിൻ്റെയും തലയെടുപ്പിൻ്റെയും പ്രതീകമാണ്. ഈ കവാടം പണികഴിപ്പിക്കപ്പെട്ട 1934 ൽ തന്നെയാണ് തിരുവതാംകൂർ രാജ്യത്തിൻ്റെ ആസ്ഥാനമന്ദിരമായ കവടിയാർ കൊട്ടാരവും ശ്രീചിത്തിര തിരുനാൾ ബാലരാമവർമ മഹാരാജാവ് പണികഴിപ്പിക്കുന്നത്. പണിപൂർത്തിയായപ്പോൾ രൂപതയുടെ കവാടത്തിനു കൊട്ടാരത്തിൻ്റെ പ്രവേശന കവാടത്തെക്കാൾ ഉയരമുണ്ട് എന്നൊരു ആക്ഷേപം ഉയർന്നുവന്നു. പിന്നീട് സി. പി. രാമസ്വാമി അയ്യർ ദിവാനായി ചുമതലയേറ്റപ്പോൾ ഈ കവാടം പൊളിച്ചു നീക്കാനുള്ള ഉത്തരവ് നൽകിയെങ്കിലും കാളാശേരി പിതാവ് അതിനു തയ്യാറായില്ല. അദ്ദേഹത്തിൻ്റെ ചങ്കൂറ്റത്തെ ചെറുക്കാൻ സിപിക്കു സാധിച്ചതുമില്ല. അങ്ങനെ ഏകാധിപത്യത്തെ വെല്ലുവിളിച്ചുകൊണ്ട്, രാജകൊട്ടാരത്തിൻ്റെ പ്രവേശന കവാടത്തേക്കാൾ തലയെടുപ്പോടെ അതിരൂപതാകേന്ദ്രത്തിൻ്റെ പ്രവേശനകവാടം ഉയർന്നു നിന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group