ഗ്രീസിലേക്കുള്ള കുട്ടികളുടെ കുടിയേറ്റം നാലിരട്ടിയായി : റിപ്പോർട്ട് പുറത്ത് വിട്ട് സേവ് ദി ചിൽഡ്രൻ

ഈ വർഷം ഗ്രീസിലേക്ക് കുടിയേറിയ കുട്ടികളുടെ എണ്ണം നാലിരട്ടിയായതായി സേവ് ദി ചിൽഡ്രൻ.

ഈ വർഷം ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ ഗ്രീസിനും തുർക്കിക്കും മധ്യേയുള്ള ഈജിയൻ കടലിലൂടെ ഗ്രീസിന്റെ ദ്വീപുകളിൽ എത്തിയ കുട്ടികളുടെ എണ്ണം 5580 ആണ്. ഇവരെക്കൂടാതെ, 830 കുട്ടികൾ കരമാർഗ്ഗം ഗ്രീസിലെത്തിയതായും സേവ് ദി ചിൽഡ്രൻ അറിയിച്ചു. എന്നാൽ അതേസമയം 2023-ന്റെ ആദ്യപകുതിയിൽ 1280 കുട്ടികൾ മാത്രമാണ് ഗ്രീസിലെത്തിയത്.

ഗ്രീസിലെത്തിയ നാലിലൊന്ന് കുടിയേറ്റ കുട്ടികളും മാതാപിതാക്കളോ നിയമപരമായ രക്ഷകർത്താക്കളോ കൂടെയില്ലാതെയാണ് എത്തിയിട്ടുള്ളത്. ഏതാണ്ട് 1500 കുട്ടികളാണ് ഇങ്ങനെയുള്ളത്. രക്ഷാകർത്താക്കളില്ലാതെ ഗ്രീസിലെത്തുന്ന കുട്ടികൾ വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നു പോകുന്നതെന്നും, അവർ വരുന്നയുടനെ അവർക്ക് നിയമപരമായ രക്ഷകർത്താക്കളെ നിയമിക്കണമെന്നും സേവ് ദി ചിൽഡ്രൻ സംഘടനയും അഭയാർത്ഥികൾക്കായുള്ള ഗ്രീസ് കൗൺസിലും ആവശ്യപ്പെട്ടു.

കഴിഞ്ഞ വർഷം ഗ്രീസിലെത്തിയ അഭയാർഥികളിൽ ഭൂരിഭാഗത്തിന്റെയും അഭയാഭ്യർത്ഥനകൾ നിരസിക്കപ്പെട്ടതായി സേവ് ദി ചിൽഡ്രനും ഗ്രീസ് അഭയാർത്ഥി കൗൺസിലും അറിയിച്ചു. അഭയാർത്ഥി ക്യാമ്പുകളിലെ സേവനങ്ങൾ മെച്ചപ്പെടുത്തണമെന്നും, രോഗ, ആരോഗ്യ പ്രശ്‌നങ്ങൾ ഒഴിവാക്കുന്നതിനായി, ശുചിത്വസൗകര്യങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങൾ ഏവർക്കും ലഭ്യമാക്കണമെന്നും ഇരുസംഘടനകളും ഗ്രീസ് അധികാരികളോട് ആവശ്യപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m