പൂര്‍ണ്ണമായും ഉപ്പില്‍ നിര്‍മ്മിച്ചൊരു പള്ളി! അതും ഭൂമിക്കടിയില്‍.. അറിയാം കൊളംബിയയിലെ സാള്‍ട്ട് കത്തീഡ്രലിനെ കുറിച്ച്‌

സന്ദര്‍ശകരില്‍ കൗതുകവും വിസ്മയവും ഒരുപോലെ ജനിപ്പിക്കുന്ന കാഴ്ചയാണ് കൊളംബിയയിലെ സാള്‍ട്ട് കത്തീഡ്രല്‍ (salt cathedral).

സാള്‍ട്ട് കത്തീഡ്രല്‍ സ്ഥിതി ചെയ്യുന്നത് ഭൂമിക്കടിയില്‍ 600 അടി താഴ്ചയിലാണ്. ഒരു ഉപ്പു ഖനിയാണ് ദിനംപ്രതി ആയിരക്കണക്കിനാളുകള്‍ എത്തുന്ന ഒരു ആരാധനാലയം ആയി മാറിയത് എന്നത് ഏറെ അമ്പരപ്പിക്കുന്ന കാര്യമാണ്. രണ്ട് നൂറ്റാണ്ടുകള്‍ക്കു മുമ്പ് ദശലക്ഷക്കണക്കിന് ടണ്‍ പാറ ഉപ്പ് വേര്‍തിരിച്ചെടുത്തതിനു ശേഷം ഖനിത്തൊഴിലാളികള്‍ ഉപേക്ഷിച്ച ഗുഹകളിലും തുരങ്കങ്ങളിലും നിര്‍മ്മിച്ച കത്തീഡ്രല്‍ ഒരു വാസ്തുവിദ്യാ വിസ്മയം കൂടിയാണ്.

ഖനിത്തൊഴിലാളികള്‍ ഗുഹകള്‍ക്കുള്ളില്‍ നിര്‍മ്മിച്ച ഒരു ചെറിയ കൂടാരത്തില്‍ നിന്നാണ് സാള്‍ട്ട് കത്തീഡ്രല്‍ പിറവികൊണ്ടത്. എല്ലാ ദിവസവും ജോലി തുടങ്ങുന്നതിനു മുൻപായി വിഷവാതകങ്ങള്‍, സ്ഫോടനങ്ങള്‍, മറ്റ് അപകടങ്ങള്‍ എന്നിവയില്‍ നിന്ന് തങ്ങളെ സംരക്ഷിക്കാൻ ജപമാലയുടെ കന്യകയോട് പ്രാര്‍ത്ഥിക്കുന്നത് തൊഴിലാളികളുടെ പതിവായിരുന്നു. 1930 -കളിലാണ് തങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്കായി ഇത്തരത്തില്‍ ഒരു ചെറിയ കൂടാരം തൊഴിലാളികള്‍ നിര്‍മ്മിച്ചത് എന്നാണ് പറയപ്പെടുന്നത്.

ഉപ്പ് വേര്‍തിരിച്ചെടുത്തതിന് ശേഷം, ഉപേക്ഷിക്കപ്പെട്ട കുഴികള്‍ മൂടുന്നതിനു പകരം ഖനി തൊഴിലാളികള്‍ അവയെ പരസ്പരം ബന്ധിപ്പിക്കുന്ന പാതകള്‍ നിര്‍മ്മിച്ചു. പിന്നീട് 1953 -ല്‍ കൊളംബിയൻ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി അതൊരു പള്ളിയാക്കി മാറ്റാനുള്ള അനുവാദം കത്തോലിക്ക വിശ്വാസികള്‍ നേടിയെടുത്തു.

എന്നാല്‍, 1990 കള്‍ ആയപ്പോഴേക്കും ഘടനാപരമായ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ കത്തീഡ്രല്‍ അടച്ചുപൂട്ടാൻ നിര്‍ദ്ദേശം നല്‍കി. ആ സമയത്താണ് റിട്ടയേഡ് മൈനിങ് എൻജിനീയറായ ജോര്‍ജ് കാസ്റ്റല്‍ബ്ലാങ്കോയും 127 ഓളം ഖനിത്തൊഴിലാളികളും ഏതാനും ശില്പികളും ചേര്‍ന്ന് ഭൂമിക്കടിയില്‍ തന്നെ കത്തീഡ്രലിന്റെ മറ്റൊരു പതിപ്പ് നിര്‍മിക്കാനായി മുന്നോട്ടുവന്നത്.
അതൊരു വലിയ സംരംഭമായിരുന്നു. നാളുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇന്നു കാണുന്ന സാള്‍ട്ട് കത്തീഡ്രലിനെ അവര്‍ ഒരുക്കിയെടുത്തത്. ചുവരുകളില്‍ ക്രിസ്തുവിന്റെ പീഡാനുഭവരംഗങ്ങള്‍ ചിത്രീകരിക്കുന്നതിനായി അഞ്ചുവര്‍ഷത്തോളം എടുത്തത്രേ. അടച്ചുപൂട്ടിയ പഴയ കത്തീഡ്രലില്‍ നിന്നും കൂറ്റൻ ഉപ്പു ബലിപീഠത്തെ അതേപടി തന്നെ പുതിയ കത്തീഡ്രലിലേക്ക് മാറ്റി സ്ഥാപിച്ചു. 16 ടണ്‍ ആണ് ഈ ബലിപീഠത്തിന്റെ ഭാരം. ലോകത്തിലെ ഏഴ് അത്ഭുതങ്ങളില്‍ ഇത് ഇല്ലെങ്കിലും, കൊളംബിയയുടെ സാള്‍ട്ട് കത്തീഡ്രലിനെ “കൊളംബിയയിലെ ആദ്യത്തെ അത്ഭുതം” ആയി പ്രഖ്യാപിച്ചിട്ടുണ്ട്.

ഇപ്പോള്‍ വിനോദസഞ്ചാരികളും തീര്‍ത്ഥാടകരും ദിനംപ്രതി ഇവിടേക്ക് ഒഴുകിയെത്തുന്നു. പ്രതിവര്‍ഷം ഏകദേശം 600,000 സന്ദര്‍ശകരെങ്കിലും ഇവിടെയെത്തുന്നുണ്ടെന്നാണ് കണക്ക്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group