സൗജന്യ വൈദ്യുതി, പാര്‍പ്പിടം, കൂടുതല്‍ മെഡിക്കല്‍ കോളേജുകള്‍; ബജറ്റില്‍ ജനസൗഹൃദ പ്രഖ്യാപനങ്ങള്‍

പുരപ്പുര സോളാർ പദ്ധതിയിലൂടെ ഒരു കോടി കുടുംബങ്ങള്‍ക്ക് പ്രതിമാസം 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി ലഭ്യമാക്കുമെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതരാമൻ. ഇടക്കാല ബജറ്റിലാണ് പ്രഖ്യാപനം.അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ പ്രധാനമന്ത്രിയുടെ തീരുമാനത്തെ തുടർന്നാണ് ഈ പദ്ധതിയെന്നും മന്ത്രി വ്യക്തമാക്കി.

ഇടത്തരം കുടുംബങ്ങള്‍ക്ക് പാർപ്പിട സൗകര്യം ഒരുക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനം. വാടക വീടുകളിലോ ചേരികളിലോ കോളനികളിലോ താമസിക്കുന്ന മധ്യവർഗത്തിലെ അർഹരായ വിഭാഗങ്ങള്‍ക്ക് സ്വന്തമായി വീട് വാങ്ങാനോ നിർമ്മിക്കാനോ സഹായിക്കുന്നതിന് പദ്ധതി ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു.

നിലവിലുള്ള ആശുപത്രി അടിസ്ഥാന സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി കൂടുതല്‍ മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിക്കാനാണ് സർക്കാർ പദ്ധതിയിടുന്നതെന്നും പ്രശ്നങ്ങള്‍ പരിശോധിച്ച്‌ ശിപാർശ നല്‍കുന്നതിന് സമിതി രൂപീകരിക്കുമെന്നും നിർമല സീതരാമൻ അറിയിച്ചു.

ആയുഷ്മാൻ ഭാരതിന് കീഴിലുള്ള ആരോഗ്യ പരിരക്ഷ എല്ലാ ആശാ പ്രവർത്തകർക്കും എല്ലാ അംഗൻവാടി ജീവനക്കാർക്കും ഹെല്‍പ്പർമാർക്കും വ്യാപിപ്പിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനം.

എല്ലാവരെയും ഉള്‍ക്കൊള്ളുന്ന എല്ലായിടത്തും വ്യാപിച്ചുകിടക്കുന്ന സമഗ്ര വികസനമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതരാമൻ ഇടക്കാല ബജറ്റ് അവതരണത്തില്‍ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group