വിശുദ്ധമായ ജീവിതം നയിച്ചെങ്കിൽ മാത്രമേ ദൈവത്തിന്റെ സാന്നിദ്ധ്യം നമ്മുടെ ജീവിതത്തിൽ ഉണ്ടാകുകയുള്ളു

ജീവിതത്തിലെ ഏത് സാഹചര്യത്തിലും കർത്താവ് എപ്പോഴും നമ്മളോടൊപ്പമുണ്ട്. പ്രശ്‌നങ്ങളും കൊടുങ്കാറ്റുകളും വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും, ജോലി മേഖലകളിലും ഒക്കെ ഉണ്ടാകും. അവയുണ്ടാകുമ്പോൾ നാം ഭയപ്പെടുകയോ അസ്വസ്ഥരാവുകയോ വേണ്ടാ. എത്ര വലിയ കൊടുങ്കാറ്റിനെയും ശാന്തമാക്കുവാൻ കഴിവുള്ള ഒരാൾ നമ്മുടെ കൂടെയുണ്ട്; സർവശക്തനായ ദൈവം. ആ ദൈവത്തിലേക്ക് പൂർണ ആശ്രയമനോഭാവത്തോടെ തിരിയുക. സങ്കീര്‍ത്തനങ്ങള്‍ 121 : 3 ൽ പറയുന്നു, നിന്റെ കാല്‍ വഴുതാന്‍ അവിടുന്നു സമ്മതിക്കുകയില്ല; നിന്നെ കാക്കുന്നവന്‍ ഉറക്കം തൂങ്ങുകയില്ല. ജീവിതത്തിന്റെ എല്ലാ സമയത്തും നമ്മെ കരുതുന്നവനാണ് നമ്മുടെ കർത്താവ്.

ദൈവം തന്റെ ജനത്തെ എപ്രകാരം സംരക്ഷിക്കാൻ ആഗ്രഹിക്കുന്നു എന്ന് വചനം വ്യക്തമാക്കുന്നുണ്ട്, കണ്ണിന്റെ കൃഷ്ണമണി പോലെ എന്നെ കാത്തുകൊള്ളണമേ! അങ്ങയുടെ ചിറകിന്റെ നിഴലിൽ എന്നെ മറച്ചുകൊള്ളണമേ!”(സങ്കീർത്തനം 17:8). നമ്മോടൊപ്പം നടന്ന്, നമ്മുടെ ഓരോ ചുവടുവയ്പ്പുകളിലും നമ്മെ പരിപാലിക്കാൻ ആഗ്രഹിക്കുന്ന ദൈവത്തെയാണ് വചനങ്ങളിലെല്ലാം നമ്മൾ കണ്ടുമുട്ടുന്നത്. എന്നിട്ടും എന്തുകൊണ്ടാണ് ആ ദൈവത്തെ അംഗീകരിക്കുവാനും സ്നേഹിക്കുവാനും നമ്മൾ മടി വിചാരിക്കുന്നത്. മരണാന്തരം നിത്യമായ ജീവിതം നാം കാത്തിരിക്കുന്നു എങ്കിൽ ദൈവത്തിന്റെ സാന്നിദ്ധ്യം നമ്മളോടു കൂടി ഉണ്ടായിരിക്കണം, വിശുദ്ധമായ ജീവിതം നയിച്ചെങ്കിൽ മാത്രമേ ദൈവത്തിന്റെ സാന്നിദ്ധ്യം നമ്മുടെ ജീവിതത്തിൽ ഉണ്ടാകുകയുള്ളു.

പഴയനിയമ കാലഘട്ടത്തിൽ ദൈവത്തിന്റെ സാന്നിദ്ധ്യം ദൈവത്തിൻറെ പ്രവാചകൻമാർ നിരന്തരം അനുഭവിച്ചിരുന്നു എന്നാൽ പുതിയ നിയമ കാലത്ത് യേശുവിന്റെ ക്രൂശുമരണത്താൽ ദൈവത്തിന്റെ ആൽമാവായ പരിശുദ്ധാൽമാവിന്റെ സാന്നിദ്ധ്യം ദൈവത്തിന്റെ മക്കളായ എല്ലാവരുടെയും ജീവിതത്തിൽ പകർന്ന് നൽകി. ജീവിതത്തിലെ വേദനകളും, ഇല്ലായ്മകളും സന്തോഷങ്ങളും സമൃദ്ധിയും ഒന്നും നമ്മെ ദൈവത്തിൽനിന്നും അകറ്റുന്നവ ആക്കി മാറ്റാതിരിക്കാൻ നമ്മൾ ശ്രദ്ധിക്കണം. പരീക്ഷകളും പ്രലോഭനങ്ങളും ഉണ്ടാകുമ്പോൾ, അവയെചൊല്ലി മനസ്സുമടുക്കാതെ, നമുക്ക് ശക്തിയും ആശ്രയവുമായ ദൈവത്തിന്റെ ചിറകിൻകീഴിൽ അഭയം പ്രാപിക്കാനുള്ള കൃപ നൽകണമേ എന്നു പ്രാർത്ഥിക്കാം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group