ഗുരുത്വാകര്‍ഷണ തരംഗം അവര്‍ കേട്ടു ; കണ്ടെത്തിയത്‌ മലയാളികളടങ്ങുന്ന ശാസ്‌ത്രസംഘം

തിരുവനന്തപുരം : ഭീമൻ തമോഗര്‍ത്തങ്ങളില്‍ നിന്നുള്ള ഗുരുത്വാകര്‍ഷണ തരംഗത്തിന്റെ ആരവം കണ്ടെത്തി മലയാളികളടങ്ങുന്ന അന്താരാഷ്ട്ര ശാസ്ത്രസംഘം.

ലോകത്തെ ആറ് വലിയ റേഡിയോ ടെലിസ്കോപ്പുകളുടെ സഹായത്തോടെ വര്‍ഷങ്ങള്‍ നീണ്ട നിരീക്ഷണങ്ങള്‍ക്കൊടുവിലാണ് കണ്ടെത്തല്‍. ഇത് പ്രപഞ്ച ഗവേഷണങ്ങളില്‍ വഴിത്തിരിവാകുമെന്നാണ് നീരീക്ഷണം.

ക്ഷീരപഥത്തിലെ ഇരട്ട തമോഗര്‍ത്തങ്ങളില്‍ നിന്നുള്ള തരംഗങ്ങളെയാണ് ഇവര്‍ തിരിച്ചറിഞ്ഞത്. ആവൃത്തി കുറഞ്ഞ ഗുരുത്വാകര്‍ഷണ തരംഗങ്ങളെ നിരീക്ഷിക്കുന്ന പരീക്ഷണമായ പള്‍സാര്‍ ടൈമിങ് അറേയുടെ ഭാഗമായുള്ള കണ്ടെത്തല്‍ വ്യാഴാഴ്ച അസ്ട്രോണമി ആൻഡ് ആസ്ട്രോഫിസിക്സ് എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചു.

പരസ്പരം ഭ്രമണം ചെയ്യുന്ന തമോഗര്‍ത്തങ്ങളെയാണ് സംഘം നിരീക്ഷണ വിധേയമാക്കിയത്. ഇവയില്‍നിന്നുള്ള ഗുരുത്വാകര്‍ഷണ തരംഗങ്ങളുടെ ആവൃത്തി വളരെ കുറവാണ്. എന്നാല്‍, ഇവയുടെ തരംഗദൈര്‍ഘ്യം പ്രകാശ വര്‍ഷങ്ങള്‍ നീളുന്നതും. അതുകൊണ്ടുതന്നെ ഇവയുടെ സാന്നിധ്യം തിരിച്ചറിയുക പ്രയാസകരമാണ്. പള്‍സാര്‍ ന്യൂട്രോണ്‍ നക്ഷത്രങ്ങളില്‍ നിന്ന് ഇടവേളകളില്‍ എത്തുന്ന പ്രകാശത്തേയും ശാസ്ത്രസംഘം അളവുകോലാക്കി. ഇതുവഴിയാണ് നാനോ-ഹെര്‍ട്സ് ഗുരുത്വാകര്‍ഷണ തരംഗങ്ങളുടെ ആരവം തിരിച്ചറിഞ്ഞത്.

ഇന്ത്യ, യുഎസ്, കാനഡ, യൂറോപ്പ് തുടങ്ങിയിടങ്ങളില്‍നിന്നുള്ള ശാസ്ത്രജ്ഞരാണ് ഗവേഷണത്തില്‍ പങ്കാളികളായത്. ഇന്ത്യൻ പള്‍സര്‍ ടൈമിങ് അറേയുടെ അധ്യക്ഷൻ പ്രൊഫ. എ ഗോപകുമാര്‍, ജര്‍മ്മനിയിലെ മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റേഡിയോ ആസ്ട്രോണമിയിലെ ഗവേഷകനായ ഡോ. എം എ കൃഷ്ണകുമാര്‍, യുഎസ് വിസ്കോണ്‍സിൻ സര്‍വകലാശാലാ പോസ്റ്റ്ഡോക്റ്ററല്‍ ഫെലോ അഭിമന്യു സുശോഭനൻ, ഹൈദരാബാദ് ബിര്‍ള ഇൻസ്റ്റിറ്റ്യൂട്ട് ഗവേഷകൻ കെ നോബിള്‍സണ്‍, ഐസര്‍ കൊല്‍ക്കത്തയിലെ ഫസല്‍ കരീം എന്നിവരാണ് ഗവേഷക സംഘത്തിലെ മലയാളികള്‍.

പുനെ നാഷണല്‍ സെന്റര്‍ ഫോര്‍ റേഡിയോ ആസ്ട്രോഫിസിക്സിലെ ജയന്റ് മെട്രോവേവ് റേഡിയോ ടെലിസ്കോപ്പ് പുതിയ കണ്ടെത്തലിന് നിര്‍ണായക വിവരങ്ങള്‍ ലഭ്യമാക്കി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group