പൗരോഹിത്യ സ്വീകരണത്തിന് അൾത്താരയായി ആശുപത്രിക്കിടക്ക

പൗരോഹിത്യ സ്വീകരണത്തിന് അൾത്താരയായി ആശുപത്രി കിടക്ക. കാൻസർ രോഗബാധിതനായി മരണത്തെ മുഖാമുഖം കണ്ട സെമിനാരി വിദ്യാർത്ഥിയുടെ ‘അന്ത്യാഭിലാഷം’ സഫലമാക്കാൻ തിരുസഭാ അധികാരികൾ കൈക്കൊണ്ട തീരുമാനമാണ് ആശുപത്രി മുറിയെ തിരുപ്പട്ട സ്വീകരണ വേദിയാക്കി ഉയർത്തിയത്. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യമായ ലാവോസ് സ്വദേശിയാണ് ബ്രദർ കിം. മനിലയിൽ വിൻസെൻഷ്യൻ സഭയുടെ മേൽനോട്ടത്തിലുള്ള അഡാംസൺ യൂണിവേഴ്‌സിറ്റിയിൽ ദൈവശാസ്ത്ര പഠനം പൂർത്തിയാക്കുന്നതിനിടെ കഴിഞ്ഞ മേയിലാണ് സുഷുമ്‌നാ നാടിയിൽ ക്യാൻസർ രോഗം സ്ഥിരീകരിച്ചത്. വിട്ടുമാറാത്ത നടുവു വേദനയായിരുന്നു തുടക്കം. വിശദമായ പരിശോധനയിൽ ഗുരുതരമായ കാൻസർ നിർണ്ണയിക്കപ്പെട്ടു. അവസാന സ്റ്റേജ്- വൈദ്യശാസ്ത്രത്തിന് ഇനി കാര്യമായൊന്നും ചെയ്യാനില്ല.

വേദന കടിച്ചമർത്തി മരണവുമായി മല്ലടിക്കുമ്പോഴും അദ്ദേഹത്തിന്റെ മനസിൽ ഒരേയൊരു ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ: ‘എനിക്ക് ക്രിസ്തുവിന്റെ പുരോഹിതനാകണം.’ ആ സെമിനാരിക്കാരന്റെ തീവ്രമായ ആഗ്രഹവും ആഴമായ വിശ്വാസവും തിരിച്ചറിഞ്ഞ് രൂപതാധികൃതർ കൈക്കൊണ്ട നിർണ്ണായകമായ തീരുമാനമാണ്, കുട്ടിക്കാലം മുതൽ ജീവിതം ക്രിസ്തുവിന് സമർപ്പിച്ച കാംസാന്റെ ജീവിത സാഫല്യത്തിന് വഴി തുറന്നത്. അതേ രോഗക്കിടക്കയിൽ വെച്ചുതന്നെയായിരുന്നു ദൈവശാസ്ത്ര ബിരുദ സർട്ടിഫിക്കറ്റ് കൈമാറിയതും.

പാപ്പുവാ ന്യൂഗിനിയയിലെ അലോറ്റൗസിഡിയ രൂപതാധ്യക്ഷനും ഫിലിപ്പൈൻസ് സ്വദേശിയും വിൻസെൻഷ്യൻ സഭാംഗവുമായ ബിഷപ്പ് റൊളാൻഡോ സാന്റോസിന്റെ കാർമ്മികത്വത്തിലായിരുന്നു ശുശ്രൂഷകൾ. ആശുപത്രി കിടക്കയിലെ പൗരോഹിത്യ സ്വീകരണത്തിന്റെ ദൃശ്യങ്ങൾ അദ്ദേഹത്തിന്റെ സുഹൃത്തും സഹപാഠിയുമായിരുന്ന ഫാ. ട്രിയു പാം മിൻഹ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ്അസാധാരണമായ ഈ തിരുപ്പട്ട സ്വീകരണ വാർത്ത പുറംലോകം അറിഞ്ഞത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group