കേരള സര്‍വ്വകലാശാല കലോത്സവം കലാപോത്സവമായി; കലോത്സവം നിര്‍ത്തി വെക്കാന്‍ നിര്‍ദേശം നല്‍കി

കേരള സർവ്വകലാശാലയ്ക്ക് അലങ്കാരമായിരുന്ന കലോത്സവം കലാപോത്സവമായതോടെ സമാപനസമ്മേളനം ഉള്‍പ്പെടെ എല്ലാ പരിപാടികളും നിറുത്തിവച്ചു.

കേരള യൂണിവേഴ്സിറ്റിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു ദുരവസ്ഥ ഉണ്ടാകുന്നത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ കലോത്സവം നിറുത്തിവയ്ക്കാൻ വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മല്‍ നിർദ്ദേശിച്ചതിനെത്തുടർന്ന് കലാശാല രജിസ്ട്രാർ കെ.എസ്.അനില്‍കുമാറാണ് ഉത്തരവിറക്കിയത്. ഉത്തരവിനെ അനുകൂലിച്ചും പ്രതികൂലിച്ചും സംഘാടകരും മത്സരാർത്ഥികളും രംഗത്തെത്തിയെങ്കിലും കൂടുതല്‍ അനിഷ്ടസംഭവങ്ങള്‍ ഉണ്ടായില്ല.

സ‌ർവ്വകലാശാല യൂണിയന്റെ പിടിപ്പുകേടും രാഷ്ട്രീയാതിപ്രസരവുമാണ് വ്യാഴാഴ്ച മുതല്‍ തലസ്ഥാനത്ത് നടന്നുവന്ന കലോത്സവത്തെ കൂടുതല്‍ വഷളാക്കിയതെന്നാണ് മത്സരാർത്ഥികളുടെ ആരോപണം.

കലോത്സവം തുടങ്ങിയ ദിവസം മുതല്‍ സംഘർഷാവസ്ഥയും ഉടലെടുത്തിരുന്നു. കൈക്കൂലി വാങ്ങി ഫലം അട്ടിമറിച്ചതിന് വിധികർത്താവിനെ വേദിയില്‍ നിന്ന് അറസ്റ്റ് ചെയ്തതതടക്കമുള്ള അസാധാരണ സംഭവവും അരങ്ങേറി. കഴിഞ്ഞ ദിവസം എസ്.എഫ്.ഐ പ്രവർത്തകർ ആക്രമിച്ചെന്നാരോപിച്ച്‌ കെ.എസ്.യു പ്രവർത്തർ കലോത്സവവേദിക്കരികില്‍ പ്രതിഷേധിക്കുകയും ഇരു വിഭാഗങ്ങളിലും പെട്ടവർക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. കൂടുതല്‍ സംഘർഷസാദ്ധ്യത കണക്കിലെടുത്തായിരുന്നു വി.സിയുടെ ഇടപെടല്‍. ഇന്നലെ രാവിലെ 9ന് പ്രധാനവേദിയായ സെനറ്റ് ഹാളില്‍ നടക്കേണ്ടിയിരുന്ന സംഘനൃത്തം നടത്താനുമായില്ല. തുടർന്ന് വൈകിട്ട് 5.20ന് വിവിധ കോളേജുകള്‍ ഇതേവേദിയില്‍ പ്രതിഷേധ നൃത്തം അവതരിപ്പിച്ചു. ഇതിനിടെ പലതവണ കലോത്സവം നിറുത്തുകയും പുനരാരംഭിക്കുകയും ചെയ്തിരുന്നു. വേദികളിലെ ഗുരുതര സാഹചര്യവും വിദ്യാർത്ഥികളുടെ സുരക്ഷയും പരിഗണിച്ച്‌ യുവജനോത്സവത്തിന്റെ തുടർസംഘാടനം നിറുത്തിവയ്‌ക്കാനായിരുന്നു വി.സിയുടെ നിർദ്ദേശം. കലോത്സവത്തിന്റെ സമാപന സമ്മേളനം സംബന്ധിച്ച്‌ പിന്നീട് അറിയിക്കുമെന്നും വി.സി വ്യക്തമാക്കി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group