മിഷനറി വൈദികന്റെ ഹൃദയസ്പർശിയായ മിഷൻ അനുഭവം…

    പള്ളിയിൽ വെള്ളിയാഴ്ച തോറുമുള്ള കുർബാനക്കു എത്തിയതായിരുന്നു ഞാൻ. കുർബാന കഴിഞ്ഞപ്പോൾ രണ്ടു പെൺകുട്ടികളേയും കൊണ്ട് കാറ്റക്കിസ്റ്റും പള്ളി ഭാരവാഹികളും എന്നെ കണ്ടു സംസാരിക്കാൻ പള്ളിയിൽ തന്നെ ഇരുന്നു. അവർ തന്ന പതിവു കട്ടൻ കാപ്പി കഴിക്കുന്നതോടൊപ്പം ഞാൻ വിശേഷങ്ങൾ തിരക്കി.
    കാറ്റക്കിസ്റ്റ് പറഞ്ഞു അച്ചൻ്റെ ആശിർവാദത്തിനു വേണ്ടിയാണ് ഈ രണ്ടു പെൺകുട്ടികളും കാത്തിരിക്കുന്നതു്.രണ്ടു പേരെയും ഞാനറിയും: പ്രിസ്ക – യും ലാന്ത്രി-യും. നല്ല കുട്ടികളായിട്ടാണ് ഞാനവരെ കണ്ടിരുന്നത്. ഇടക്കിടക്ക് കുമ്പസാരത്തിനു വരിയിൽ നില്ക്കുന്നവർ. ഇപ്പോൾ പത്താം ക്ലാസ് കഴിഞ്ഞു.
    എന്താണ് വിശേഷം? ഞാൻ ചോദിച്ചു. ഒരു സ്ത്രീരത്നം വിളിച്ചു പറഞ്ഞു, “ഇവർ രണ്ടു പേരും മഠത്തിൽ ചേരുവാൻ പോകുന്നു”, “നല്ല വാർത്തയാണല്ലൊ! എവിടെയാണ് ചേരുന്നത്?
    Andranomainty ഗ്രാമത്തിൽ പുതിയ ഭവനം തുടങ്ങുവാൻ വരുന്ന സലേഷ്യൻ സിസ്റ്റേഴ്സിൻ്റെ സഭയിൽ തന്നെ.
    നിങ്ങൾ ആലോചിച്ചു തീരുമാനം എടുത്തതാണോ? രണ്ടു പേരോടും ചോദിച്ചുറപ്പു വരുത്തി. അവർക്കു വേണ്ടി ഞങ്ങൾ പ്രാർത്ഥിച്ചു ആശിർവാദവും യാത്രാമംഗളങ്ങളും നൽകി.

    രണ്ടാഴ്ചകൾക്കു ശേഷം ഒരു വെള്ളിയാഴ്ച വീണ്ടും ഞാൻ Andranomainty പള്ളിയിൽ കുർബാനക്കു നില്ക്കുമ്പോൾ രണ്ടാഴ്ച കാണാതിരുന്ന, പ്രതീക്ഷിക്കാതിരുന്ന ഒരു പതിവുമുഖം വീണ്ടും കണ്ടു. അത് ലാന്ത്രി ആയിരുന്നു.ഞാനത്ഭുതപ്പെട്ടു, ഇത്രവേഗം വെക്കേഷന് വീണ്ടും വന്നോ? അതും വളരെ അകലെ നിന്ന്. 230 കി.മീ അകലെ ഒരു നഗരത്തിലാണ് അവരുടെ ഫോർമേഷൻ സെൻ്റർ.

    കുർബാന കഴിഞ്ഞ് കട്ടൻ കാപ്പിക്കിരുന്നപ്പോൾ ലാന്ത്രി കരഞ്ഞു വന്നു. എന്താണ് സംഭവിച്ചത് ?
    കാറ്റക്കിസ്റ്റ് പറഞ്ഞു, ലാന്ത്രിയുടെ ശരിക്കുള്ള വീടു് ഇസാളു ഗ്രാമത്തിലാണ്. അവിടെ അവളുടെ അമ്മ അവളെ ശരിയായി നോക്കാത്തതു കൊണ്ട് Andranomainty യിലുള്ള അമ്മമ്മയാണ് അവളെ ഇവിടെ കൊണ്ടുവന്നു നോക്കിയതും പഠിപ്പിച്ചതും. അമ്മമ്മയാണ് അവളെ മഠത്തിൽ ചേരാൻ സഹായിച്ചതും.
    അവൾ മഠത്തിൽ ചേരുന്നത് ഇഷ്ടമില്ലാതിരുന്ന അവളുടെ അമ്മ താൻ അസുഖമായി കിടപ്പിലായെന്നും അവളെ കാണണമെന്നും കളവു് പറഞ്ഞ് അവളെ തിരിച്ചു വിളിച്ചു. അമ്മയെ കാണാൻ ഇസാളു ഗ്രാമത്തിൽ എത്തിയ അവൾ അമ്മ സുഖമായിരിക്കുന്നതാണ് കണ്ടത്.

    അവളുടെ തിരിച്ചുവരവിൽ അസന്തുഷ്ടയായ അമ്മമ്മ ഇനി അവളെ പഠിപ്പിക്കാൻ സഹായിക്കില്ലെന്നു തീർത്തു പറഞ്ഞു. പഠനത്തിൽ അമ്മയും കൈയൊഴിഞ്ഞു. ഇതാണവളുടെ ദു:ഖത്തിനു കാരണം. അവളെ ഇതുവരെ സഹായിച്ചു സംരക്ഷിച്ച അമ്മമ്മയുടെ വാക്കുകൾ കേൾക്കാതെ തന്നെ സഹായിക്കാതെയിരുന്ന അമ്മയുടെ വാക്കുകൾക്കു പുറകെ പോയി ഇളിഭ്യയാക്കപ്പെട്ടു. “കക്ഷത്തിലിരുന്നതും പോയി, ഉത്തരത്തിലിരുന്നത് കിട്ടിയതുമില്ല”എന്ന അവസ്ഥയിലുമായി.
    ഞാനവളോടു പറഞ്ഞു,. കാരണവന്മാരുടെ ഉപദേശം ശ്രവിക്കണം. എന്നാൽ സ്വന്തം ജീവിതത്തെ കുറിച്ച് തനതായ സ്വപ്നങ്ങളും ബോധ്യങ്ങളും വിശ്വാസവും വേണം.
    .നീ ഇപ്പോഴും ചെറുപ്പമാണ്, സമയവും വൈകിയിട്ടില്ല. അതു കൊണ്ട് ദു:ഖിച്ചിരുന്നു സമയം കളയാതെ അടുത്തതായി എന്തു വേണമെന്ന് സ്വപ്നം കണ്ടു തുടങ്ങൂ..

    ലാന്ത്രിക്ക് ഇനിയും സമയമുണ്ട്. മറ്റു പലർക്കും ഇനിയൊരു തിരഞ്ഞെടുപ്പിനു സമയമുണ്ടായെന്നു വരില്ല.ദൈവവിളി ഒരു ജീവിതാവസ്ഥയാണ്. മരണം വരെ ഈ അവസ്ഥകൾ മാറി മാറി പരീക്ഷിക്കാൻ നിന്നാൽ രണ്ടു തോണിയിൽ കാൽ വച്ചു നിക്കുന്നതു പോലെയാകും. ലക്ഷ്യത്തിലെത്താതെ നടുക്കടലിൽ താഴാൻ അതു ഇട വരുത്തുകയും ചെയ്യും.

    ഏതു ജീവിതാന്തസ്സിലാണെങ്കിലും മരണം വരെ സ്ഥിരതയോടെ തുടരാൻ വിളിച്ചവനോടു നമുക്കു പ്രാർത്ഥിക്കാം.

    കടപ്പാട് :ഫാ. ജോൺസൻ തളിയത്ത്.


    ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
    Follow this link to join our
     WhatsAppgroup

    ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
    Follow this link to join our
     Telegram group