നവംബർ 24: വിശുദ്ധ ആണ്ട്ര്യു ഡുങ്ങ്-ലാ ക്കും സഹവിശുദ്ധരും

1795-ല്‍ വിയറ്റ്നാമിലെ ബാക്ക്-നിനിലെ ഒരു ദരിദ്ര വിജാതീയ കുടുംബത്തിലായിരുന്നു വിശുദ്ധ ആണ്ട്ര്യു ഡുങ്ങ്-ലാക്കിന്റെ ജനനം.
12 വയസ്സായപ്പോള്‍ കുടുംബത്തിനു ഹാനോവിലേക്ക് മാറേണ്ടി വന്നു. അവിടെ വിശുദ്ധന്‍റെ മാതാപിതാക്കള്‍ക്ക് പുതിയ ജോലി അന്വോഷിച്ചു കണ്ടുപിടിക്കേണ്ടതായി വന്നു. ഇവിടെ വച്ച് വിശുദ്ധന്‍ ഒരു ക്രിസ്ത്യന്‍ വേദപാഠ അദ്ധ്യാപകനെ പരിചയപ്പെടുകയും അദ്ദേഹം വിശുദ്ധന് ഭക്ഷണവും താമസവും നല്‍കുകയും ചെയ്തു. മൂന്ന് വര്‍ഷത്തോളം വിശുദ്ധന് അവരില്‍ നിന്നും ക്രിസ്തീയ വിദ്യാഭ്യാസം ലഭിച്ചു. അങ്ങനെ വിന്‍-ട്രി എന്ന സ്ഥലത്ത് വച്ച് ആണ്ട്ര്യു (ആണ്ട്ര്യു ഡുങ്ങ്) എന്ന പേരില്‍ അദ്ദേഹം ജ്ഞാനസ്നാനം സ്വീകരിച്ചു.

ചൈനീസ്‌, ഇറ്റാലിയാന്‍ ഭാഷകള്‍ പഠിച്ചതിനു ശേഷം അദ്ദേഹം ഒരു വേദപാഠ അദ്ധ്യാപകനാവുകയും തന്റെ രാജ്യത്തില്‍ അദ്ദേഹം ക്രിസ്തീയ വിശ്വാസത്തെപ്പറ്റി പഠിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന്‍ അദ്ദേഹത്തെ ദൈവശാസ്ത്രം പഠിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ടു. 1823 മാര്‍ച്ച് 15ന് അദ്ദേഹത്തിന് പൗരോഹിത്യ പട്ടം ലഭിച്ചു. തുടര്‍ന്നു കെ-ഡാം എന്ന സ്ഥലത്തെ ഇടവക വികാരിയായി അദ്ദേഹം സേവനം അനുഷ്ടിച്ചു.

ഇടവക വികാരിയായിരിക്കുമ്പോഴും അദ്ദേഹം തന്റെ സുവിശേഷ പ്രഘോഷണം അക്ഷീണം തുടര്‍ന്ന്‍ കൊണ്ടിരുന്നു. അദ്ദേഹം പലപ്പോഴും ഉപവസിക്കുകയും, വളരെ ലളിതവും നന്മനിറഞ്ഞതുമായ ഒരു ജീവിതവുമാണ് നയിച്ചിരുന്നത്. മറ്റുള്ളവര്‍ക്ക് ഇദ്ദേഹം ഒരു നല്ല മാതൃകയായിരുന്നു, അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ ജീവിത മാതൃക കണ്ട് ധാരാളം പേര്‍ മാമോദീസ സ്വീകരിക്കുകയും ചെയ്തു.

1835-ല്‍ വിയറ്റ്നാമിലെ നീറോ ചക്രവര്‍ത്തി എന്നറിയപ്പെടുന്ന മിന്‍-മാങ്ങ് ചക്രവര്‍ത്തിയുടെ കാലത്തുണ്ടായ മതപീഡനത്തില്‍ വിശുദ്ധനും തടവിലാക്കപ്പെട്ടു. എന്നിരുന്നാലും അദ്ദേഹം സേവനം ചെയ്തുകൊണ്ടിരുന്ന സഭയുടെ അംഗങ്ങളുടെ സംഭാവനകള്‍ കൊണ്ടു അദ്ദേഹത്തിന്‍റെ മോചനം വിലക്ക് വാങ്ങി. ഇനിയും നേരിടേണ്ടി വരാവുന്ന മര്‍ദ്ദനങ്ങള്‍ ഒഴിവാക്കുവാനായി അദ്ദേഹം തന്റെ പേര് ലാക്ക് (ആണ്ട്ര്യു ലാക്ക്) എന്നാക്കി മാറ്റി വേറെ ഉപാദ്ധ്യക്ഷന്റെ അടുക്കലേക്ക് പോയി തന്റെ ക്രിസ്തീയ ദൗത്യം തുടര്‍ന്നു കൊണ്ടിരുന്നു.

പീറ്റര്‍ തി എന്ന മറ്റൊരു വിയറ്റ്നാം കാരനായ വൈദികന് കുമ്പസാരിക്കുവാന്‍ പോകുന്നതിനായി വിശുദ്ധന്‍ അദ്ദേഹത്തെ സന്ദര്‍ശിച്ച അവസരത്തില്‍ അവരെ ഒരുമിച്ചു വീണ്ടും പിടികൂടി തടവിലാക്കി. മോചനദ്രവ്യം നല്‍കിയത് മൂലം ഒരിക്കല്‍ കൂടി വിശുദ്ധനും, പീറ്റര്‍-തി ക്കും സ്വാതന്ത്ര്യം ലഭിച്ചു. എന്നാല്‍ ഈ സ്വാത്രന്ത്ര്യം വളരെ കുറച്ച് കാലം മാത്രമേ നീണ്ടു നിന്നുള്ളൂ, അവരെ വീണ്ടും പിടികൂടുകയും ഹാനോവില്‍ കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. അവസാനം 1839 ഡിസംബര്‍ 21ന് ഇവരെ ശിരശ്ചേദം ചെയ്തു കൊലപ്പെടുത്തുകയായിരിന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group