ദൈവത്തിന് നന്ദി അർപ്പിക്കുന്ന ആ വിശേഷാൽ ദിനാചരണം ഇന്ന്

പാശ്ചാത്യ നാടുകളിൽ ദൈവത്തിന് നന്ദി അർപ്പിക്കുന്ന വിശേഷാൽ ദിനാചരണം ‘താങ്ക്‌സ് ഗീവിംഗ് ഡേ’ ഇന്ന്.

എ.ഡി. 1620. പ്രൊട്ടസ്റ്റന്റ് വിശ്വാസികളായ 102 യാത്രക്കാരും മുപ്പതോളം കപ്പൽ ജോലിക്കാരുമായി ‘മേയ് ഫ്‌ളെവർ’ എന്ന ചെറു കപ്പൽ ഇംഗ്ലണ്ടിലെ പ്ലൈ മൗത്തിൽ നിന്ന് ന്യൂയോർക്കിലെ ഹഡ്‌സൺ നദി ലഭ്യമാക്കി യാത്രതിരിച്ചു. പുതിയ സ്ഥലങ്ങൾ കണ്ടുപിടിച്ച് കോളനികൾ സ്ഥാപിക്കുക, സ്വതന്ത്രമായി വിശ്വാസം അനുഷ്ഠിക്കുക എന്നിവയായിരുന്നു യാത്രയുടെ ലക്ഷ്യങ്ങൾ. ഹഡ്‌സൺ നദിയുടെ തീരം ലക്ഷ്യമിട്ട ഈ കപ്പൽ നങ്കൂരമിട്ടത് അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ തീരം തന്നെയായ ബോസ്റ്റണിലെ മസാച്ചുസെറ്റ്‌സിലായിരുന്നു. തദ്ദേശീയരായ റെഡ് ഇന്ത്യക്കാരിൽ നിന്നുണ്ടായ ചെറുത്തു നിൽപ്പും അതികഠിനമായ ശൈത്യവും മൂലം അവർക്ക് ഏറെനാൾ കപ്പലിൽത്തന്നെ കഴിയേണ്ടി വന്നു.

പട്ടിണിയും പകർച്ച വ്യാധിയും അവരെ പിന്തുടർന്നു; പകുതിയിലധികം പേർ ഇഹലോകവാസം വെടിഞ്ഞു. മെല്ലെ മെല്ലെ അവർ വ്യത്യസ്തമായ ആ പരിതസ്ഥിയോട് ഇണങ്ങിച്ചേരാൻ തുടങ്ങി. റെഡ് ഇന്ത്യക്കാർ അവരെ കൃഷി ചെയ്യാനും മീൻ പിടിക്കാനും വേട്ടയാടാനും പഠിപ്പിച്ചു. തൊട്ടടുത്ത വർഷം അവർക്ക് ലഭിച്ചത് വൻ വിളവാണ്. അതിലൂടെ ശൈത്യകാലത്തേക്കു വേണ്ടുന്നവ ശേഖരിച്ചുവെക്കാനും അവർക്കു കഴിഞ്ഞു. എങ്ങും സന്തോഷവും സമാധാനവും മാത്രം. ദൈവം കനിഞ്ഞു നൽകിയ ഈ അനുഗ്രഹത്തിനു നന്ദി പറയാൻ അവർ റെഡ് ഇന്ത്യാക്കാരുമായി ഒന്നിച്ചുകൂടി.

വിഭവസമൃദ്ധമായ സദ്യയും ആ അവസരത്തിൽ അവർ ഒരുക്കി. കൃഷി ചെയ്തു കിട്ടിയ വസ്തുക്കളും മീനും കൂടാതെ വേട്ടയാടിക്കൊണ്ടുവന്ന ഇറച്ചിയും വിഭവങ്ങളിൽ ഉൾപ്പെട്ടിരുന്നു. ഇപ്പോൾ നവംബർ മാസത്തിലെ നാലാമത്തെ വ്യാഴാഴ്ച അമേരിക്കൻ ജനത ഒന്നടങ്കം ആഘോഷിക്കുന്ന ‘താങ്ക്‌സ് ഗിവിംഗ്’ ആഘോഷത്തിന്റെ തുടക്കമായിരുന്നു അതെന്ന് ചരിത്രം പറയുന്നു. ഈ സ്ഥലം പിന്നീട് പ്ലൈ മൗത്ത് കോളനി എന്ന പേരിൽ അറിയപ്പെട്ടു. നൂറ്റാണ്ടുകൾക്കു ശേഷം പ്രസിഡന്റ് എബ്രഹാം ലിങ്കൺ പ്രസിഡന്റായപ്പോഴാണ് ‘താങ്ക്‌സ് ഗിവിംഗ്’ ദിനം ദേശീയ അവധിയാക്കിയത്.

അറിയപ്പെടാത്ത ‘താങ്ക്‌സ് ഗിവിംഗ്’

എന്നാൽ, ഇംഗ്ലണ്ടിൽ നിന്നു വന്ന ഈ തീർത്ഥാടകർക്കു മുമ്പായി 1598ൽ കത്തോലിക്കാ വിശ്വാസിയായ ഫിലിപ്പ് രണ്ടാമൻ രാജാവിന്റെ കൽപ്പന പ്രകാരം ധീരനും സമർത്ഥനും വിശ്വാസിയുമായ സ്‌പെയിൻകാരൻ ഡോൺ ഹ്വാൻ ഒനാത്തെ പുതിയ സ്ഥലങ്ങൾ കണ്ടുപിടിച്ച് കോളനികൾ രൂപീകരിക്കാനും കത്തോലിക്കാ വിശ്വാസം പ്രചരിപ്പിക്കാനുമായി യാത്രതിരിച്ചു. അറുന്നൂറോളം പേരുള്ള ആ സംഘം മെക്‌സികോയിൽ നിന്നാണ് പുറപ്പെട്ടത്. ഫ്രാൻസിസ്‌കൻ വൈദികരും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു.

ദുർഘടകവും സാഹസികവുമായ ഈ യാത്രകളിൽ അവർ ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ടാണ് മുന്നേറിയിരുന്നത്. മാസങ്ങളോളം നീണ്ട യാത്ര ടെക്‌സാസിന്റെ പടിഞ്ഞാറുള്ള ന്യൂ മെക്‌സിക്കോയിൽ എത്തിച്ചേർന്നു. അവരുടെ സന്തോഷത്തിന് അതിരുകളില്ലായിരുന്നു. ദിവ്യബലി ആർപ്പിച്ചും ദൈവനാമത്തിൽ പ്രദക്ഷിണം നടത്തിയുമാണ് അവർ ദൈവത്തിനു നന്ദി പറഞ്ഞത്. ഇതിനുശേഷം ഒരുക്കിയ വിഭവ സമൃദ്ധമായ സദ്യയിൽ അവിടുത്തെ ആദിമ വാസികളായ പുവേബ്ലോ ഇന്ത്യൻസും ഉണ്ടായിരുന്നു. കത്തോലിക്കാ വിശ്വാസത്തേയും മാമ്മോദീസയെയും കുറിച്ച് അവർ ആദ്യമായി കേട്ടത് ആ അവസരത്തിലാണ്. അവരിൽ പലരും മാമ്മോദീസാ സ്വീകരിച്ച് കത്തോലിക്കാ സഭയുടെ ഭാഗമായി.

ഡോൺ ഹ്വാൻ ഒനാത്തെയുടെ നേതൃത്വത്തിലുള്ള സംഘം ഇംഗ്ലണ്ടിൽ നിന്നു വന്ന തീർത്ഥാടാകരേക്കാൾ 23 വർഷം മുമ്പേ ന്യൂ മെക്‌സിക്കോയിൽ ‘താങ്ക്‌സ് ഗിവിംഗ്’ ആഘോഷിച്ചെങ്കിലും ന്യൂ മെക്‌സിക്കോ 19-ാം നൂറ്റാണ്ടുവരെ അമേരിക്കയുടെ ഭാഗമല്ലാതിരുന്നതിനാൽ ഒനാത്തെയുടെ ‘കത്തോലിക് താങ്ക്‌സ് ഗിവിംഗ്’ന് പ്രശസ്തിയില്ലാതെ പോയി.

നമുക്കും ആഘോഷിക്കാം, നന്ദി അർപ്പിക്കാം…

ഡോൺ ഹ്വാൻ ഒനാത്തെയുടെ നേതൃത്വത്തിൽ 1598ലും, ‘മേയ് ഫ്‌ളെവർ’ കപ്പലിൽ 1620ലും അമേരിക്കയിൽ എത്തിയ തീർത്ഥാടകരിൽ നിന്ന് അധികം വ്യത്യസ്തരല്ലാ പുതിയ മേച്ചിൽപ്പുറങ്ങൾ തേടി ഇന്ത്യയിൽ നിന്നും മറ്റു രാജ്യങ്ങളിലും നിന്നും ഇവിടെയെത്തിയ മലയാളികളായ നാം. വ്യത്യസ്തമായ സംസ്‌ക്കാരം ഭാഷ വസ്ത്രധാരണ രീതി, ഭക്ഷണം, കാലാവസ്ഥ ഇതൊക്കെ നമുക്കും തരണം ചെയ്യേണ്ടി വന്നു. ദൈവം നമ്മെയും കൈവിട്ടില്ല. കഴിഞ്ഞ നാളുകളിൽ ദൈവം നമുക്കുമേൽ ചൊരിഞ്ഞുകൊണ്ടിരിക്കുന്ന അനുഗ്രഹങ്ങൾ എണ്ണമറ്റതല്ലേ?

മലയാളി കത്തോലിക്കരുടെ പരമ്പരാഗതമായ വിശ്വാസവും ശൈലിയും കാത്തുസൂക്ഷിക്കാൻ നിരവധി ദൈവാലയങ്ങളും വൈദീകരെയും നമുക്കു ലഭിച്ചു. മാത്രമല്ല, നമ്മുടെ പുതുതലമുറയെ വിശ്വസത്തിൽ ആഴപ്പെടുത്താൻ ദൈവം ഒരുക്കുന്ന സംവിധാനങ്ങളെക്കുറിച്ചും നാം നന്ദിയുള്ളവരായിരിക്കണം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group