കന്യാസ്ത്രീകൾ നമുക്ക് മാതൃക: സുപ്രീം കോടതി മുൻ ജസ്റ്റിസ് മാർക്കന്ധേയ കട്ജു

ന്യൂഡല്‍ഹി: കന്യാസ്ത്രീകള്‍ നാം മാതൃകയാക്കേണ്ടവരാണെന്നും ഭാരതം അവരില്‍ നിന്നും പഠിക്കണമെന്നും സുപ്രീം കോടതി മുന്‍ ജസ്റ്റിസ് മാര്‍ക്കന്ധേയ കട്ജു.

ട്രെയിന്‍ യാത്രക്കിടയില്‍ ഉത്തര്‍പ്രദേശില്‍വച്ച് കത്തോലിക്കാ കന്യാസ്ത്രീകള്‍ക്കെതിരെ നടന്ന അക്രമത്തിന്റെ പശ്ചാത്തലത്തില്‍ പ്രമുഖ മാഗസിനായ ‘ദി വീക്ക്’-ന്റെ ഓണ്‍ലൈന്‍ എഡിഷനിൽ  എഴുതിയ ലേഖനത്തിലാണ് മുൻ ജസ്റ്റിസ് ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്. ക്രൈസ്തവ സന്യാസിനികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തെ അദ്ദേഹം ശക്തമായി അപലപിച്ചു. മറ്റുള്ള സ്ത്രീകള്‍ അനുഭവിക്കുന്ന സന്തോഷവും ആനന്ദവും ഉപേക്ഷിച്ച് പ്രതിഫലേച്ഛ കൂടാതെ തങ്ങളുടെ ജീവിതകാലം മുഴുവനും സമൂഹത്തിനു വേണ്ടി സേവനമനുഷ്ഠിച്ചുകൊണ്ട് ത്യാഗപൂര്‍ണ്ണമായ ജീവിതം നയിക്കുന്നവരാണ് കന്യാസ്ത്രീകളെന്നും ബജ്രംഗ്ദള്‍ ഗുണ്ടകളുടേയും ഉത്തര്‍പ്രദേശ്‌ പോലീസിന്റേയും ഹീനമായ ഈ പ്രവര്‍ത്തി രാജ്യത്തിന് തന്നെ അപമാനകരമാണെന്നും അദ്ദേഹം കുറിച്ചു.

വിദ്യാഭ്യാസ ആരോഗ്യപരിപാലന മേഖലകളിലൂടെ സമൂഹത്തിന് മികച്ച സേവനങ്ങള്‍ നല്‍കുന്നവരാണ് കന്യാസ്ത്രീകളെന്നും, ഇന്ത്യയിലെ ഏറ്റവും മികച്ച ഗേള്‍സ്‌ സ്കൂളുകള്‍ നടത്തുന്നത് ക്രൈസ്തവ സന്യാസിനികളാണെന്നും, എല്ലാവരും തങ്ങളുടെ മക്കളെ പഠിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നത് കന്യാസ്ത്രീമാര്‍ നടത്തുന്ന സ്കൂളുകളിലാണെന്നും, അവര്‍ നടത്തുന്ന ആതുരാലയങ്ങള്‍ ഏറ്റവും മികച്ചതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇല്ലാത്ത മതപരിവര്‍ത്തനത്തിന്റെ പേരില്‍ കന്യാസ്ത്രീമാര്‍ക്കെതിരെ ചിലര്‍ നടത്തുന്ന അധിക്ഷേപങ്ങള്‍ ഒരിക്കലും ഉണ്ടാകാൻ  പാടില്ലാത്തതാണ്.

കന്യാസ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ തനിക്ക് നേരിട്ടറിയാമെന്ന് പറഞ്ഞ കട്ജു
കന്യാസ്ത്രീകള്‍ മാതൃകയാക്കപ്പെടേണ്ടവരാണെന്നും അവരെ അപമാനിക്കുന്നതിനു പകരം ബഹുമാനിക്കുകയും, അവരില്‍ നിന്നും പഠിക്കുകയുമാണ്‌ വേണ്ടതെന്നും ചൂണ്ടിക്കാട്ടിയാണ്  ലേഖനം അവസാനിപ്പിക്കുന്നത്. 2016-ല്‍ മദര്‍ തെരേസയെ അവഹേളിക്കുന്ന രീതിയിലുള്ള പ്രസ്താവന നടത്തിയ വ്യക്തി കൂടിയാണ് കട്ജു. അതുകൊണ്ടു തന്നെ സമര്‍പ്പിത ജീവിതത്തോട് ആദരവോടെ സമീപിച്ചുക്കൊണ്ടുള്ള അദ്ദേഹത്തിന്റെ പുതിയ ലേഖനം നവമാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയാണ്.

അജി ജോസഫ് കാവുങ്കൽ

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group