പെസഹാ ദിനത്തില്‍ ചരിത്രം തിരുത്തി പോപ് ഫ്രാന്‍സിസ് വനിതകളുടെ കാലുകഴുകി ചുംബിച്ചു; വേദിയായത് റോമിലെ ജയില്‍

പെസഹാ ദിനത്തില്‍ സ്ത്രീകളുടെ കാലുകഴുകി മുത്തമിട്ട് പോപ് ഫ്രാന്‍സിസ് മാര്‍പാപ്പ. റോമിലെ ജയിലില്‍ കഴിയുന്ന 12 സ്ത്രീകളുടെ കാലുകഴുകി മുത്തമിടുകയായിരുന്നു അദ്ദേഹം.

റോമിലെ റെബിബ്ബിയ ജയിലിലാണ് ചടങ്ങുകള്‍ നടന്നത്. ആരോഗ്യ പ്രശ്‌നങ്ങളുള്ളതിനാല്‍ വീല്‍ചെയറിലിരുന്നാണ് അദ്ദേഹം കാലുകഴുകല്‍ ശുശ്രൂഷ നടത്തിയത്. ശുശ്രൂഷയില്‍ പങ്കെടുത്ത സ്ത്രീകളില്‍ പലരും വികാരധീനരായി കരഞ്ഞു.

ഈസ്റ്ററിന് മുമ്ബുള്ള പെസഹ വ്യാഴാഴ്ചയാണ് കാലുകഴുകല്‍ ശുശ്രൂഷ നടന്നത്. കുരിശുമരണത്തിന് മുമ്ബ് ക്രിസ്തു തന്റെ 12 ശിഷ്യരുടെയും കാലുകഴുകിയതിന്റെ ഓര്‍മ്മയ്ക്കാണ് ഈ ചടങ്ങ് നടത്തുന്നത്.

മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഈ ചടങ്ങ് വത്തിക്കാന്‍ നഗരത്തിന് പുറത്തേക്ക് വ്യാപിപ്പിക്കാനും ഫ്രാന്‍സിസ് മാര്‍പാപ്പ ശ്രമിച്ചിരുന്നു. ജയില്‍തടവുകാരുടെയും അഭയാര്‍ത്ഥികളുടെയും ഭിന്നശേഷിക്കാരുടെയും കാലുകഴുകല്‍ ശുശ്രൂഷ അദ്ദേഹം നടത്തിയിരുന്നു.

ഇതാദ്യമായാണ് മാര്‍പാപ്പ കാലുകഴുകല്‍ ശുശ്രൂഷയ്ക്ക് സ്ത്രീകളെ മാത്രം പങ്കെടുപ്പിക്കുന്നതെന്ന് ചരിത്രകാരനായ മൈക്കിള്‍ വാല്‍ഷ് പറഞ്ഞു.

ഇതാദ്യമായാണ് വനിതാ ജയിലില്‍ ഒരു മാര്‍പാപ്പ സന്ദര്‍ശനം നടത്തുന്നതെന്ന് ജയില്‍ ഡയറക്ടറായ നാദിയ ഫൊണ്ടാന പറഞ്ഞു. റോമില്‍ സ്ഥിതി ചെയ്യുന്ന ഈ ജയിലില്‍ 360 തടവുകാരും ഒരു കുട്ടിയുമാണുള്ളതെന്ന് നാദിയ പറഞ്ഞു.

മാര്‍പാപ്പയായി അധികാരത്തിലെത്തിയ ആദ്യവര്‍ഷങ്ങളില്‍ ചടങ്ങില്‍ സ്ത്രീകളെ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ചട്ടങ്ങളില്‍ അദ്ദേഹം മാറ്റം വരുത്തിയിരുന്നു. എന്നാല്‍ വത്തിക്കാന്‍ ഇതിനെതിരെ രംഗത്തെത്തി.

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുന്‍ഗാമിയായ ബെനഡിക്‌ട് 16-മന്‍ ആദ്യം പുരുഷന്‍മാരുടെ പാദങ്ങള്‍ കഴുകുകയും പിന്നീട് വൈദികന്‍മാരുടെ പാദം മാത്രം കഴുകുകയും ചെയ്യുന്ന രീതി കൊണ്ടുവന്നിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group