കോവിഡ് മഹാമാരിയിലും ഡീക്കന്‍പട്ട സ്വീകരണത്തിന് സാക്ഷിയായി റോം.

കോവിഡ് മഹാമാരിയിലും ഡീക്കന്‍പട്ട സ്വീകരണത്തിന് സാക്ഷിയായി റോം
#Rome witnessed the reception of the Deacon in the Covid Epidemic
.

ഇറ്റലി: കോവിഡ് പ്രതിസന്ധിയിലും സെമിനാരി വിദ്യാര്‍ത്ഥികളുടെ ഡീക്കന്‍പട്ട സ്വീകരണത്തിന് സാക്ഷിയായി റോം. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന ചടങ്ങിൽ 13 രാജ്യങ്ങളില്‍ നിന്നുള്ള 27 ഓപുസ് ദേയി സെമിനാരി വിദ്യാര്‍ത്ഥികളാണ് പട്ടം സ്വീകരിച്ചത്. ‘റോമന്‍ കോളേജ് ഓഫ് ദി ഹോളി ക്രോസ്’ സെമിനാരിയിലെ ‘ഔര്‍ ലേഡി ഓഫ് ദി എയ്ഞ്ചല്‍സ്’ ചാപ്പലിലായിരുന്നു ചടങ്ങുകൾ നടന്നത്. നവംബര്‍ 21 ശനിയാഴ്ച ടെക്സാസ് പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഫോര്‍ ലെജിസ്ലേറ്റീവ് സെക്രട്ടറി മോണ്‍. ജുവാന്‍ ഇഗ്നാസിയോ അരിയെറ്റായില്‍ നിന്നുമാണ് സെമിനാരി വിദ്യാര്‍ത്ഥി ഡീക്കന്‍പട്ടം (ഡയക്കാനേറ്റ്) സ്വീകരിച്ചത്.

ഡീക്കന്‍പട്ടം സ്വീകരിച്ചവരുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും പകര്‍ച്ചവ്യാധിയെ തുടര്‍ന്ന് ചടങ്ങില്‍ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. ചടങ്ങുകൾ തത്സമയം ഓൺലൈനായി സംപ്രേഷണം ചെയ്തിരുന്നു. ഓണ്‍ലൈനിലൂടെ ചടങ്ങുകൾ വീക്ഷിച്ചുകൊണ്ടിരുന്ന പട്ടസ്വീകരണാര്‍ത്ഥികളുടെ മാതാപിതാക്കളെ മോണ്‍. ജുവാന്‍ അഭിസംബോധന ചെയ്ത് സംസാരിച്ചു. പട്ടസ്വീകരണത്തിന്റെ സന്തോഷത്തോടൊപ്പം മാതാപിതാക്കളുടെ അസാനിധ്യം ദുഃഖകരമാണെന്നും കൂട്ടിച്ചേർത്ത മോണ്‍.ജുവാന്‍, വിശ്വാസത്തിന്റെ വിത്തുകൾ മക്കളിൽ മുളപ്പിച്ചതിന് മാതാപിതാക്കളെ അഭിനന്ദിക്കുകയും ചെയ്തു. പരിശുദ്ധ കന്യകാമറിയത്തെ ദേവാലയത്തില്‍ കാഴ്ചവെച്ചതിന്റെ ഓര്‍മ്മദിനം എന്ന പ്രത്യേകത കൂടി നവംബര്‍ 21ന് ഉണ്ടെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

1928-ൽ സ്പെയിനിൽ വിശുദ്ധ ജോസ്‌മരിയ എസ്ക്രിവയാണ് ഓപുസ് ദേയി ആരംഭിച്ചത്. വ്യക്തിപരമായ പ്രാർത്ഥനാ ജീവിതചര്യയിലൂടെ വിശുദ്ധി പ്രാപിക്കാനുള്ള മാർഗ്ഗങ്ങളാണ് ഓപുസ് ദേയിലെ അംഗങ്ങളായ വൈദികരും സന്യസ്തരും അല്മായരും അനുഷ്ഠിച്ചുപോരുന്നത്. പെറു, ബ്രസീല്‍, ജര്‍മ്മനി, റൊമാനിയ, ജപ്പാന്‍, കെനിയ, സ്പെയിന്‍, മെക്സിക്കോ, കാനഡ, ഇംഗ്ലണ്ട്, ഐവറി കോസ്റ്റ്, ലിത്വാനിയ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സെമിനാരി വിദ്യാര്‍ത്ഥികളാണ് ഡീക്കന്‍പട്ടം സ്വീകരിച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group