സെപ്റ്റംബർ വ്യാകുലമാതാവിന് പ്രതിഷ്ഠിക്കപ്പെട്ട മാസം…

ആകാശവിതാനത്തിൽ അത് ഉദിച്ചുയർന്ന് സൂര്യന്റെ ആഗമനം അറിയിക്കുന്നത് പോലെ ഈശോമിശിഹായാകുന്ന നീതിസൂര്യന്റെ ആഗമനം അറിയിച്ചു മുൻപേ വന്ന നക്ഷത്രമാണ് മറിയം. പരിത്രാണകർമ്മത്തിന്റെ ഔപചാരിക ഉത്‌ഘാടനമാണ് പരിശുദ്ധ അമ്മയുടെ ജനനത്തിലൂടെ ഉണ്ടായതെന്ന് പറയാം. സന്താനഭാഗ്യമില്ലാതിരുന്ന യോവാക്കിമിന്റെയും അന്നയുടെയും ജീവിതത്തിലേക്ക് പ്രകാശമായി വന്ന മറിയത്തിനു നക്ഷത്രം എന്നും കൂടി അർത്ഥമുള്ള പേരിടുമ്പോൾ പോലും അവരറിഞ്ഞട്ടുണ്ടായില്ല മനുഷ്യകുലത്തിനു വഴി കാണിക്കാനുള്ള സമുദ്രതാരമാണവളെന്ന് , ജന്മപാപരഹിതമായ ഒരാത്മാവാണ് അവൾക്കുള്ളതെന്ന്.

അനുസരണക്കേടിലൂടെ സൗഭാഗ്യങ്ങൾ തട്ടിത്തെറിപ്പിച്ച് കൃപാവരം നഷ്ടപ്പെടുത്തിയ ആദ്യഹവ്വയെപ്പോലെതന്നെ ഉത്ഭവപാപമില്ലാതെ ജനിച്ച രണ്ടാം ഹവ്വ പക്ഷേ, അനുസരണത്തിലൂടെ കൃപകൾ ലോകത്തിലേക്കൊഴുക്കുന്നവളായി. പരിശുദ്ധ അമ്മയുടെ ജീവിതം മുഴുവൻ തൻറെ പിതാവിനോട് കുരിശുമരണത്തോളം അനുസരണ കാണിച്ച പുത്രനെ അനുധാവനം ചെയ്യുന്നതായിരുന്നു. ‘ഇതാ കർത്താവിന്റെ ദാസി’ എന്ന് പറഞ്ഞത്‌ ദൈവത്തിന്റെ പദ്ധതികൾ മുഴുവൻ മനസ്സിലാക്കികൊണ്ടല്ലെങ്കിലും ഒരു ഘട്ടത്തിലും അവൾ ദൈവേഷ്ടത്തെ ചോദ്യം ചെയ്യുകയോ എതിർക്കുകയോ അതിനോട് മറുതലിക്കുകയോ ചെയ്യുന്നില്ല. മനസ്സിലാകാത്തത് സംഭവിക്കുമ്പോഴും ഉള്ളിൽ എല്ലാം സംഗ്രഹിച്ചു. ‘അവൻ നിങ്ങളോട് പറയുന്നത് ചെയ്യുവിൻ’ എന്നതിലും മേലെ ആയി ഒരുപദേശവുമില്ല അമ്മയുടെ കയ്യിൽ.

സെപ്റ്റംബർ, വ്യാകുലമാതാവിന് പ്രതിഷ്ഠിക്കപ്പെട്ട മാസം കൂടെ ആണല്ലോ. മംഗളവാർത്തസമയം മുതൽക്ക് തന്നെ, തന്റെ മകൻ സഹിക്കാനുള്ള പീഡകളെ കുറിച്ചുള്ള പ്രവചനങ്ങൾ അമ്മയെ മുറിപ്പെടുത്തിയിരിക്കണം. ഏശയ്യാ പ്രവചനങ്ങളും സങ്കീർത്തനങ്ങളും അമ്മക്ക് മനഃപാഠമായിരുന്നല്ലോ. ദൈവേച്ഛയുമായി ഐക്യപ്പെടാൻ അവൾ തൻറെ ജീവിതം ഒരു ബലിയാക്കി. ഉള്ളം നീറിപുകയുമ്പോഴും , തന്നെ സംശയിച്ച യൗസേപ്പ് പിതാവിനെ സത്യം അറിയിക്കാൻ ദൈവത്തിന്റെ ഇടപെടലിനായി ക്ഷമാപൂർവം കാത്തിരുന്നവൾ. ക്ലേശങ്ങൾ ശാന്തതയെ നശിപ്പിക്കാൻ കൂട്ടാക്കാതിരുന്നവൾ.

പൂർണഗർഭിണി ആയിരിക്കുമ്പോൾ ദാവീദിന്റെ പട്ടണത്തിലേക്ക് കഴുതയുടെ പുറത്തുള്ള യാത്ര, ചിന്തിക്കാൻ പോലും വയ്യ. കാലിത്തൊഴുത്തിൽ ആരുടേയും സഹായമില്ലാതെ ഒരു കൊച്ചു പെൺകുട്ടിയുടെ പ്രസവം. ഉണ്ണിയുടെ ഛേദനാചാരകർമത്തിന് ദേവാലയത്തിൽ പോയപ്പോൾ ഒളിഞ്ഞും തെളിഞ്ഞും പലരും വാ പൊത്തി ചിരിച്ചിരിക്കണം, ഇവളാണോ ആജീവനാന്ത കന്യാത്വം ദൈവത്തിനു കൊടുത്തിരിക്കുകയാണെന്നു പറഞ്ഞിരുന്നത് ? വിവാഹം കഴിച്ചാൽ പോലും തൻറെ കന്യാത്വത്തിനു ഭംഗം വരുത്തില്ലെന്ന് പറഞ്ഞത് ? ഈ കുഞ്ഞു ആരാണെന്നോ എങ്ങനെ ഉണ്ടായതാണെന്നോ അമ്മ ആരെയും ബോധ്യപ്പെടുത്താൻ പോയില്ല.

പിന്നെയും ഉണ്ണിയുടെ പ്രാണരക്ഷാർത്ഥമുള്ള ഒളിച്ചോട്ടം, ദാരിദ്ര്യാവസ്ഥ…പരസ്യജീവിതത്തിനായി ഇറങ്ങിയ മകനെക്കുറിച്ചുള്ള അപവാദങ്ങൾ…എല്ലാം പരാതിയും പരിഭവവും ഇല്ലാതെ സഹിച്ച അമ്മ. അവസാനം..കുരിശ്ശിൽ ദൈവം പോലും ഉപേക്ഷിച്ചെന്ന നിലവിളിയോടെ തന്റെ പുത്രൻ ജീവൻ വെടിയുമ്പോഴും, അവൻ ജീവന്റെ ഉടയവൻ ആണെന്നവൾ വിശ്വസിച്ചു .തന്റെ പുത്രന്റെ ശരീരം കല്ലറയിൽ അടക്കപെടുന്ന കണ്ടപ്പോഴും അവൻ ആൽഫയും ഒമേഗായുമാണെന്നു വിശ്വസിച്ചു .

ദൈവമാതാവായ, അമലോല്ഭവയായ, നിത്യകന്യകയായ, സ്വർഗ്ഗാരോപിതയായ നമ്മുടെ പരിശുദ്ധ അമ്മ മാനവരാശിയുടെ അമ്മയും, സഭയുടെ സംരക്ഷകയും , ക്രിസ്ത്യാനികളുടെ സഹായവും കൂടിയാണെന്ന വസ്തുത എത്ര ആശ്വാസപ്രദമാണ്. മനുഷ്യമക്കൾക്കായി ദൈവം നൽകിയിരിക്കുന്ന മഹാഭാഗ്യങ്ങളിൽ ഒന്നാണ് മറിയത്തെ നമുക്ക് അമ്മയായി തന്നിരിക്കുന്നു എന്നത്.

കൃപ വളരെ ആവശ്യമായിരിക്കുന്ന കാലമാണിത്. ഈശോയുടെ മൗതികശരീരമായ സഭയോട് ചേർന്നുനിൽക്കമ്പോഴാണ് രക്ഷ എന്നുള്ളതിന്റെ അടയാളമാണ് സഭ ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ. സഭ ദൈവത്തിന്റേതല്ലായിരുന്നെങ്കിൽ , മിശിഹായുടെ രക്ഷ മനുഷ്യർക്ക് എത്തിച്ചു കൊടുക്കുന്നവൾ അല്ലായിരുന്നെങ്കിൽ സാത്താൻ ഈവിധം ആക്രമണം അഴിച്ചുവിടുകയില്ലായിരുന്നു. കുരിശിലായിരുന്ന മിശിഹാ കുരിശിലേറാൻ പോകുന്ന സഭക്ക് അമ്മയും അഭയവുമായി തന്നത് പരിശുദ്ധ അമ്മയെയാണ്. അവൾ സഭയുടെ മാതാവാണ്.

സാത്താന്റെ കുടിലതന്ത്രങ്ങളെയും ഗൂഢപദ്ധതികളെയും തിരിച്ചറിഞ്ഞ് ദൈവജനത്തെ ഭിന്നതയിൽ നിന്ന് രക്ഷിക്കാനും സാത്താന്റെ ശക്തികളെ ചിതറിക്കാനും കഴിവുള്ളവളാണ് പരിശുദ്ധ കന്യാമറിയം. മുഖ്യദൂതനായ മിഖായേലിനോടും സ്വർഗ്ഗീയ വൃന്ദങ്ങളോടും ആജ്ഞ നല്കാൻ കഴിവുള്ളവൾ. സാത്താനെതിരെ സൈന്യനിര പോലെ ശക്തയും ഭയങ്കരിയുമായ അവളുടെ മാധ്യസ്ഥശക്തി നമുക്ക് യാചിക്കാം. അമ്മയുടെ മടിത്തട്ടിൽ, അവളുടെ പ്രാർത്ഥനകളുടെ ചിറകിൻ കീഴിൽ അഭയം തേടാം. ജപമാല കൈകളിലെടുക്കാം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group