കാത്തലിക് പ്രസ് അവാർഡു’കൾ വാരിക്കൂട്ടി ‘ശാലോം ടൈഡിംഗ്‌സ്’

ടെക്‌സസ്: അന്താരാഷ്ട്രതലത്തിൽ ശ്രദ്ധേയമായ ‘കാത്തലിക് പ്രസ് അവാർഡു’കൾ വാരിക്കൂട്ടി ‘ശാലോം ടൈഡിംഗ്‌സ്’ ഇംഗ്ലീഷ് മാഗസിൻ. ചിന്തോദ്ദീപകമായ ലേഖനങ്ങളിലൂടെയും ഹൃദയസ്പർശിയായ അനുഭവസാക്ഷ്യങ്ങളിലൂടെയും സുവിശേഷവത്ക്കരണ രംഗത്ത് സജീവസാന്നിധ്യമായ ‘ശാലോം ടൈഡിംഗ്‌സ്’ എട്ടു പുരസ്‌ക്കാരങ്ങളാണ് കരസ്ഥമാക്കിയത്. സഭയ്ക്ക് കരുത്തേകുന്ന മാധ്യമ ഇടപെടലുകളെ ആദരിക്കാനും പ്രോത്‌സാഹിപ്പിക്കാനുമായി, മാധ്യമസംരംഭങ്ങളുടെ കൂട്ടായ്മയായ ‘കാത്തലിക് പ്രസ് അസോസിയേഷൻ’ ഏർപ്പെടുത്തിയ പുരസ്‌ക്കാരമാണിത്.ആർട്ടിക്കിൾ ലേ ഔട്ടിൽ ഫസ്റ്റ് പ്രൈസും ഏറ്റവും മികച്ച മാഗസിനുകളിൽ തേർഡ് പ്രൈസും നാല് സെക്കൻഡ് പ്രൈസുകളും രണ്ട് സ്‌പെഷൽ ജൂറി പരാമർശങ്ങളുമാണ് ശാലോം ടൈഡിംഗ്‌സ് നേടിയത്. നൂറുകണക്കിന് എൻട്രികളിൽ നിന്നാണ് ശാലോമിന്റെ ഈ നേട്ടം. പ്രമോഷണൽ ഹൗസ് ആഡ്വർടൈസ്‌മെന്റ്, വൊക്കേഷൻ റിപ്പോർട്ടിംഗ്, ഇലൂസ്‌ട്രേഷൻ, സെലിബ്രേഷൻ ഓഫ് സാക്രമെന്റ് റിപ്പോർട്ടിംഗ് എന്നീ വിഭാഗങ്ങളിലാണ് സെക്കൻഡ് പ്രൈസുകൾ.2020 സെപ്റ്റംബർ- ഒക്ടോബർ ലക്കത്തിൽ പ്രസിദ്ധീകരിച്ച ‘കിസ് ഓഫ് ലവ്’ എന്ന ലേഖനത്തിനുവേണ്ടി ഡിസൈനർ റിജോ ജോർജ് നിർവഹിച്ച ലേ ഔട്ടാണ് ഫസ്റ്റ് പ്രൈസിന് അർഹമായത്. അന്ധതയിൽനിന്ന് അത്ഭുതകരമാംവിധം തിരിച്ചെത്തിയ ഫാ. ക്രിസ് ഡാ സൂസയുടെ സാക്ഷ്യത്തെ ആസ്പദമാക്കി തയാറാക്കിയ ‘ഇറ്റ്‌സ് എ മിറക്കിൾ’ എന്ന ലേഖനത്തിനാണ് വൊക്കേഷൻ റിപ്പോർട്ടിംഗ് വിഭാഗത്തിൽ അവാർഡ്. പ്രമോഷണൽ ഹൗസ് ആഡ്വർടൈസ്‌മെന്റിൽ സെക്കൻഡ് പ്രൈസ് നേടിയ പരസ്യവും അതേ ലക്കത്തിൽതന്നെയായിരുന്നു.ആഫ്രിക്കയിലെ സുവിശേഷവത്ക്കരണത്തെ ആസ്പദമാക്കി ശാലോം വേൾഡ് ടി.വി സംപ്രേഷണം ചെയ്ത ‘മിഷൻ ആഫ്രിക്ക’ സീരീസിനുവേണ്ടി തയാറാക്കിയ പരസ്യമാണ് ബൈസ്റ്റ് ഇലസ്‌ട്രേഷൻ വിഭാഗത്തിൽ അവാർഡിന് അർഹമായത്. ‘The Story Of a Continent Whose Heart Beats For God’ എന്ന പരസ്യവാചകവും ശ്രദ്ധേയമായി. ഷോൺ ബൂത്ത് എഴുതിയ ‘ബെസ്റ്റ് ക്രിസ്മസ് എവർ’, ജോവാൻ ഹർണിമാൻ എഴുതിയ ‘ദ ഗ്രേറ്റസ്റ്റ് ലെസൺ’, ജോൺ കോട്ടർ എഴുതിയ ‘ടിപ്പിംഗ് പോയിന്റ്’ എന്നിവ സെലിബ്രേഷൻ ഓഫ് സാക്രമെന്റ് റിപ്പോർട്ടിംഗ് വിഭാഗത്തിൽ അവാർഡ് പങ്കിട്ടു.2020 ജനുവരി- ഫെബ്രുവരി ലക്കത്തിൽ പ്രസിദ്ധീകരിച്ച ‘ഹീഡ് ദ വാണിംഗ്‌സ്’ ലേഖനത്തിന്റെ ടൈപ്പോഗ്രഫി, ക്രിസ്തീയവിശ്വാസവുമായി ബന്ധപ്പെട്ട് ഫാ. ജോസഫ് ഗിൽ തയാറാക്കുന്ന ചോദ്യോത്തര പംക്തി (Fr Joseph Gill’s Q&A) എന്നിവയ്ക്കാണ് സ്‌പെഷൽ ജൂറി പരാമർശം. ലളിതമായ ഭാഷ, ആകർഷകമായ ലേ ഔട്ട് എന്നിവ ഉറപ്പാക്കി പ്രസക്തമായ ഉള്ളടക്കങ്ങളിലൂടെ വായനക്കാരിൽ ദൈവാഭിമുഖ്യം വളർത്തുന്നു എന്ന പരാമർശത്തോടെയാണ് ശാലോം ടൈഡിംഗ്‌സിനെ ഏറ്റവും മികച്ച മൂന്നാമത്തെ മാസികയായി ജൂറി തിരഞ്ഞെടുത്തത്.മലയാളത്തിലെ പ്രമുഖ ആത്മീയ പ്രസിദ്ധീകരണമായ ‘ശാലോം ടൈംസി’നുശേഷം തുടക്കം കുറിച്ച ‘ശാലോം ടൈഡിംഗ്‌സ്’ ഇംഗ്ലീഷിനു പുറമെ ജർമൻ ഭാഷയിലും ഇപ്പോൾ പ്രിന്റ് ചെയ്യുന്നുണ്ട്. കൂടാതെ, വെബ്‌സൈറ്റിലും മൊബൈൽ അപ്പിലും ഇംഗ്ലീഷ്, ജർമൻ, സ്പാനിഷ്, ചൈനീസ് ട്രഡീഷണൽ, ചൈനീസ് സിംപ്ലിഫൈഡ്, അറബിക്, മലയാളം, തമിഴ്, ഹിന്ദി, പോർച്ചുഗീസ്, തഗാലോഗ് ഭാഷകളിൽ ലഭ്യമാണ്. ഫ്രഞ്ച് ഭാഷയിലും ഉടൻ ലഭ്യമാകും. മൊബൈൽ ആപ്പിൽനിന്ന് ഇതുവരെ പ്രസിദ്ധീകരിച്ച ലക്കങ്ങൾ സൗജന്യമായി ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യവുമുണ്ട്.ഇത് രണ്ടാം തവണയാണ് ‘ശാലോം ടൈഡിംഗ്‌സി’ന് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായ പുരസ്‌ക്കാരങ്ങൾ ലഭിക്കുന്നത്. ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിലെ ക്രിസ്ത്യൻ പ്രസാധകരുടെയും മാധ്യമപ്രവർത്തകരുടെയും കൂട്ടായ്മയായ ‘ഓസ്‌ട്രേലേഷ്യൻ റിലീജിയസ് പ്രസ് അസോസിയേഷ’ന്റെ രണ്ട് പുരസ്‌ക്കാരങ്ങൾ കഴിഞ്ഞവർഷം നേടിയിരുന്നു. ഏറ്റവും മികച്ച ഫെയ്ത്ത് റിഫ്‌ളെക്ഷൻ ആർട്ടിക്കിൾ വിഭാഗത്തിൽ ‘ഗോൾഡും’ ബെസ്റ്റ് ഡിസൈൻ മാഗസിൻ വിഭാഗത്തിൽ ‘ബ്രോൺസു’മാണ് നേടിയത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group