ആരും തേടാത്തവരെ തിരഞ്ഞ് ഇടയൻ എത്തി…

പത്തെഴുപത് കൊല്ലം മുമ്പായിരുന്നു ഇങ്ങനെയുള്ള സംഭവങ്ങൾ കേട്ടിരുന്നത്. ഒരു മെത്രാൻ ആദിവാസിക്കുടിലിൽ എത്തി അവരോട് കുശലം പറയുകയും സ്നേഹം പങ്കുവക്കുകയും ചെയ്യുന്ന സംഭവങ്ങൾ..അങ്ങനെയാണ് സുവിശേഷത്തിൻ്റെ അതിരുകൾ നമ്മുടെ മണ്ണിൽ ഉറച്ചത്.

കുടിയേറ്റ കാലങ്ങളെക്കുറിച്ച് കുറിക്കുമ്പോൾ വള്ളോപ്പിളളി പിതാവ് പറയുന്നുണ്ട് അത്തരം ഒട്ടേറെ അനുഭവങ്ങൾ..നാട്ടിൽ നിന്നും കെട്ടും ഭാണ്ഡവുമായി മലബാറിലേക്ക് വന്നെത്തിയ കത്തോലിക്കരെ ഇതരമതസ്തർ ഇരുകൈകളും നീട്ടി സീകരിച്ച അനുഭവങ്ങൾ..ഭക്ഷണത്തിലൊരു പങ്ക് നൽകി അവരുടെ കൂരയിൽ അന്തിയുറങ്ങാൻ അനുവദിച്ച കാരുണ്യത്തെക്കുറിച്ച്.

കാലം മാറി, കഥ മാറിയപ്പോൾ നമ്മളതെല്ലാം മറന്നു..എന്നാൽ ആ ഓർമ്മകളെ പുതുക്കി കൊണ്ട് തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി എത്തിയത് കുറെ അവഗണിക്കപ്പെട്ട ജീവിതങ്ങൾക്ക് ഏറെ ആശ്വാസകരമായ അനുഭവമായി മാറി.

കുടിയേറ്റ കർഷകർക്കൊപ്പം ദീർഘകാലം ജീവിച്ച ആദിവാസി സമൂഹത്തിലെ തലമുതിർന്ന അംഗം ആയ മാണിയാൻ മൂപ്പനെ കാണാനായിരുന്നു ബിഷപ്പിൻ്റെ വരവ്…കരിക്കോട്ടക്കരി രാജീവ് ദശലക്ഷം കോളനിയിൽ പിതാവ് എത്തി മൂപ്പനെ ചേർത്ത് പിടിച്ചതും സ്നേഹം പങ്കുവച്ചതും നാടിന് മറക്കാനാവാത്തൊരു ഓർമ്മയായി.

99 വയസ്സുള്ള മാണിയാൻ മൂപ്പൻ കരിക്കോട്ടക്കരിയിലെ ആദിവാസി സമൂഹത്തിലെ ഏറ്റവും തല മുതിർന്ന അംഗമാണ്. കുടിയേറ്റത്തിന്റെ ആദ്യ കാലഘട്ടം മുതൽ കരിക്കോട്ടക്കരിയിൽ ജീവിക്കുന്ന മാണിയാൻ മൂപ്പൻ കുടിയേറ്റ ജനതയ്ക്കും കരിക്കോട്ടക്കരിക്കും ഒപ്പം സഞ്ചരിച്ച വ്യക്തിയാണ്.പഴയ തലമുറക്കും പുതു തലമുറക്കും സുപരിചിതനായ മാണിയാൻ കരിക്കോട്ടക്കരി ആദിവാസി സമൂഹത്തിലെ മുതിർന്ന അംഗമായിരുന്ന കറുപ്പൻ മൂപ്പന്റെ മരുമകനാണ്.

രോഗബാധിതനായി വിശ്രമത്തിലാണെങ്കിലും അനാരോഗ്യത്തെ മാറ്റിവെച്ചു പിതാവിനെ നിറഞ്ഞ മനസ്സോടെയും സന്തോഷത്തോടെയുമാണ് മൂപ്പൻ സ്വീകരിച്ചത്.

പിതാവിൻ്റെ അപ്രതീക്ഷിത സന്ദർശനം ആദിവാസി സമൂഹത്തിന് വലിയ ആവേശവും വേറിട്ട അനുഭവവും ആയി.

കേട്ടു മാത്രം പരിചയമുള്ള മെത്രാനാച്ചനെ അടുത്ത് കണ്ട അവർ എല്ലാ ഭവനങ്ങളിലും പിതാവിനെ സ്നേഹപൂർവ്വം സ്വാഗതം ചെയ്തു. മൂപ്പനും മറ്റു കുടുംബങ്ങൾക്കും ഉപഹാരങ്ങളും മധുര പലഹാരങ്ങളും സമ്മാനിച്ച് എല്ലാവർക്കും വേണ്ടി പ്രാർത്ഥിച്ചാണ് പിതാവ് മടങ്ങിയത്. വികാരി ഫാ. ആന്റണി പുന്നൂര്, അസിസ്റ്റൻറ് വികാരി ഫാ:റൂബിൾ മാർട്ടിൻ, കെസി ചാക്കോമാസ്റ്റർ, പഞ്ചായത്ത് മെമ്പർ ജോസഫ് വട്ടുകുളം, മനോജ് എം കണ്ടത്തിൽ, സെബാസ്റ്റ്യൻ കല്ലൂപുരപറമ്പിൽ, വി എം തോമസ്, അപ്പച്ചൻ ഇട്ടിയപ്പാറ, ജോസഫ് കളപ്പറമ്പിൽ,ജോസഫ്  ഞാമത്തോലിൽ, ജയ്സൺ ചേരും തടത്തിൽ, മേഴ്സി അറയ്ക്കൽ, ലാലിച്ചൻ കുറിച്ചിക്കൽ, ബേബി അറയ്ക്കൽ,ജിതിൻ ആനി തോട്ടത്തിൽ, നിജിൽ ആലപ്പാട്ട്, എന്നിവരും പിതാവിനൊപ്പം സന്ദർശനത്തിൽ പങ്കാളികളായി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group