മാര്‍ ജോസഫ് പൗവ്വത്തിലിന് ആദരാഞ്ജലികള്‍ അർപ്പിച്ച് കേരള സഭാ നേതൃത്വങ്ങള്‍

ആത്മീയ രംഗത്തും ഭരണ രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള വലിയ പിതാവിന് ആദരാഞ്ജലികള്‍ അർപ്പിച്ച് കേരള സഭാ നേതൃത്വങ്ങള്‍.

കേരളത്തിന്റെ സാമൂഹീക സാംസ്‌കാരിക മണ്ഡലങ്ങളില്‍ ധാര്‍മ്മികതയും മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കുന്ന കത്തോലിക്ക സഭയുടെ ഉറച്ച ശബ്ദമായിരിരുന്നു ആര്‍ച്ച്ബിഷപ്പ് ഡോ. ജോസഫ് പൗവ്വത്തിലിന്റേതെന്ന് കേരള ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതി അദ്ധ്യക്ഷന്‍ ബിഷപ്പ് ഡോ. വര്‍ഗ്ഗീസ് ചക്കാലക്കല്‍ അറിയിച്ചു. മികച്ച അദ്ധ്യാപകനെന്ന നിലയില്‍ വിദ്യാഭ്യാസ രംഗത്ത് സുവ്യക്തമായ നിലപാടുകള്‍ പ്രകടിപ്പിച്ചിരുന്ന വിദ്യാഭ്യാസ വിചഷണനായിരുന്നു മെത്രാപ്പൊലീത്ത എന്ന് ഡോ. വര്‍ഗ്ഗീസ് ചക്കാലക്കല്‍ സ്മരിച്ചു. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനു ശേഷം കേരളത്തിലെ സഭയുടെ നവീകരണത്തിനു നേതൃത്വം നല്കുന്നതില്‍ പൗവ്വത്തില്‍ പിതാവ് ശ്രദ്ധേയമായ നേതൃത്വം നല്കിയിരുന്നു. അദ്ദേഹത്തിന്റെ വേര്‍പാട് കത്തോലിക്ക സഭാ സമൂഹത്തില്‍ ഒരു ശൂന്യത സൃഷ്ടിച്ചിരിക്കുന്നതായി വിലയിരുത്തിയ ഡോ. വര്‍ഗ്ഗീസ് ചക്കാലക്കല്‍, കേരള ലത്തീന്‍ സഭയുടെ അനുശോചനങ്ങളും പ്രാര്‍ത്ഥനകളും അര്‍പ്പിക്കുകയും ചെയ്തു. അതേസമയം, പൗവ്വത്തില്‍ പിതാവിന്റെ വിയോഗത്തില്‍ ആദരവോടെ അനുശോചനം അറിയിക്കുന്നതായി പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ അറിയിച്ചു.

ആത്മീയരംഗത്തും ഭരണരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച സവിശേഷമായ വ്യക്തിത്വത്തിന് ഉടമയായിരുന്നു അദ്ദേഹമെന്നു വിലയിരുത്തിയ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ, മലങ്കര ഓര്‍ത്തഡോക്‌സ് സഭയുമായി ആത്മബന്ധം പുലര്‍ത്തിയ ആത്മീയ ആചാര്യനും സഭയുടെ പ്രതിസന്ധി ഘട്ടങ്ങളില്‍ ആശ്രയവും കൈത്താങ്ങും നല്‍കുന്നതില്‍ ശ്രദ്ധാലുവുമായിരുന്നു നിര്യാതനായ പൗവത്തില്‍ പിതാവെന്നും അഭിപ്രായപ്പെട്ടു. കേരള ക്രൈസ്തവ സമൂഹത്തില്‍ സൗമ്യതയുടെ മുഖ മുദ്രയയായി പരിലസിച്ചിരുന്ന പിതാവായിരുന്നു പൗവ്വത്തില്‍ തിരുമേനി. അതേസമയം തന്നെ സാമൂഹിക പ്രതിബദ്ധതയുള്ള ഒരു ആത്മീയ ആചാര്യന്‍ ആയിട്ടും അദ്ദേഹം പ്രശോഭിച്ചു. വിദ്യാഭ്യാസ മേഖലകളില്‍ അദ്ദേഹത്തിന്റെ നിലപാടും വാക്കുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്, അദ്ദേഹത്തിന്റെ വിയോഗം ആത്മീയ കേരളത്തിന് തീരാനഷ്ടമാണെന്ന് മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ വ്യക്തമാക്കി . അതോടൊപ്പം , ചങ്ങനാശ്ശേരി അതിരൂപത മുന്‍ മെത്രാപ്പോലീത്ത മാര്‍ ജോസഫ് പവ്വത്തിലിന്റെ നിര്യാണത്തില്‍ വരാപ്പുഴ അതിരൂപത ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപറമ്പില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ദീര്‍ഘകാലം സഭാ വിശ്വാസത്തെയും പുണ്യപാരമ്പര്യങ്ങളെയും സംരക്ഷിച്ച കേരള സഭയുടെയും ഭാരത സഭയുടെയും മത രാഷ്ട്രീയ സാംസ്‌കാരിക സാമൂഹിക വിദ്യാഭ്യാസ മേഖലകളില്‍ തനതായ ശ്രേഷ്ഠ സംഭാവനകള്‍ നല്‍കിയ മെത്രാപ്പോലീത്തയായിരുന്നു മാര്‍ ജോസഫ് പാവ്വത്തില്‍.കാലത്തിനപ്പുറം ചിന്തിക്കുകയും സഭാതനയരെ ആത്മീയ പാരമ്പര്യത്തിന് ഒത്തവണ്ണം നയിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ വിയോഗത്തില്‍ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ അനുശോചിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group