‘ഭവനരഹിതർക്ക് ഭവനം’ പദ്ധതിയിൽ ആറ് വീടുകൾ കൂടി പൂർത്തീകരിച്ചു

മലങ്കര കത്തോലിക്കാ സഭ തിരുവല്ല അതിരൂപതയുടെ ‘ഭവനരഹിതർക്ക് ഭവനം’ എന്ന പദ്ധതിയിൽ ആറു വീടുകൾ കൂടി പൂർത്തീകരിച്ചു.

നാളെ രാവിലെ 11ന് ആറ് വീടുകളുടെ കൂദാശയും താക്കോൽ ദാനവും കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ നിർവഹിക്കും. 2021 ഓഗസ്റ്റിൽ ഇതേ സ്ഥലത്ത് 10 വീടുകൾ തിരുവല്ല അതിരൂപതയുടെ നവതിയോടനുബന്ധിച്ച് നിർമാണം പൂർത്തിയാക്കി നൽകിയിരുന്നു. കുന്തറയിൽ പരേതരായ ഗീവർഗീസ് – സാറാമ്മ ദമ്പതികളുടെ സ്മരണാർഥം അവരുടെ അഞ്ച് മക്കൾ 104 സെന്റ് സ്ഥലം തിരുവല്ല അതിരൂപതയ്ക്ക് സൗജന്യമായി കൈമാറിയിരുന്നു.

520 ചതുരശ്ര അടിയിൽ രണ്ട് കിടപ്പുമുറികളും അടുക്കളയും ബാത്ത് റൂമും ലിവിംഗ് റൂമും ഉൾപ്പെടുന്ന കോൺക്രീറ്റ് വീടുകളാണ് ഈ സ്ഥലത്തു നിർമിച്ചിട്ടുള്ളത്. എല്ലാ മുറികളിലും തറയിൽ ടൈൽസ് പാകിയിട്ടുണ്ട്. ജാതി മതേഭേദമെന്യേ തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിൽ ഉൾപ്പെട്ടവർക്കാണ് വീടുകൾ ലഭിക്കുന്നത്. തിരുവല്ല ബോധന സോഷ്യൽ സർവീസ് സൊസൈറ്റിയിൽ ലഭിച്ച ഭവനരഹിതരുടെ അപേക്ഷകൾ പരിശോധിച്ചു യോഗ്യരായവരെയാണ് ആറു വീടുകൾക്കായി തെരഞ്ഞെടുത്തത്. നാളെ 11.30ന് ആരംഭിക്കുന്ന പൊതുസമ്മേളനം കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്യും.

ആർച്ച് ബിഷപ്പ് ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ മാത്യു ടി. തോമസ് എംഎൽഎ താക്കോൽ ദാനം നിർവഹിക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group