7 അന്തേവാസികളുമായി പ്രവർത്തനമാരംഭിച്ച സൗഖ്യസദൻ മുപ്പതു വയസ്സ് പൂർത്തിയാക്കുന്നു

വാർദ്ധക്യത്തിന്റെ വിരഹവും വിരസതയുമകറ്റി നൂറുകണക്കിന് വയോജനങ്ങൾക്ക് തണലേകിയ സൗഖ്യസദൻ വയോജനമന്ദിരം സ്ഥാപിതമായതിന്റെ മുപ്പതുവർഷം പൂർത്തിയാക്കുകയാണ്. എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയയുടെ നേതൃത്വത്തിൽ എറണാകുളം ജില്ലയിൽ എടയ്ക്കാട്ടുവയൽ പഞ്ചായത്തിലെ ചെത്തിക്കോട് ഗ്രാമത്തിൽ 1993 ഒക്ടോബർ 2 നാണ് സൗഖ്യസദൻ 7 അന്തേവാസികളുമായി പ്രവർത്തനമാരംഭിച്ചത്.

ജീവകാരുണ്യ,സാമൂഹ്യക്ഷേമ മേഖലയിൽ അതിരൂപതയുടെ സുപ്രധാന സംഭാവനകളിലൊന്നായ സേവ് എ ഫാമിലി പ്ലാൻ പദ്ധതിയുടെ രജതജൂബിലി വർഷ സ്മാരകമായാണ് സൗഖ്യസദൻ എന്ന ആശയം ആസൂത്രണം ചെയ്യപ്പെട്ടത്. അതിരൂപതയിൽ ആരംഭിച്ച് ഭാരതത്തിലാകമാനം പതിനായിരക്കണക്കിന് പാവപ്പെട്ട കുടുംബങ്ങൾക്ക് സ്വാശ്രയത്വത്തിലേക്ക് വാതിൽ തുറന്നു കൊടുത്ത സേവ് എ ഫാമിലി പ്ലാൻ പദ്ധതിയുടെ സ്ഥാപകൻ മോൺ. അഗസ്റ്റിൻ കണ്ടത്തിലച്ചനാണ് വയോജനമന്ദിരം എന്ന ആശയം മുന്നോട്ടു വച്ചത്. ശാന്തമായ അന്തരീക്ഷമുള്ള സ്ഥലം എന്ന നിലയിൽ ചെത്തിക്കോട് ഗ്രാമം ഇതിനായി തെരഞ്ഞെടുക്കപ്പെട്ടു. സ്ഥലത്തിൻറെ ഉയർച്ച താഴ്ചകൾക്കും പരിസ്ഥിതി ഭംഗിക്കും കേടുവരുത്താതെ ലാറി ബേക്കർ മാതൃകയിൽ നിർമാണം പൂർത്തീകരിച്ച സൗഖ്യസദന്റെ ഉദ്‌ഘാടനം അന്നത്തെ അതിരൂപതാ സഹായമെത്രാൻ മാർ ജേക്കബ് മനത്തോടത്താണ് നിർവഹിച്ചത്.

ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സഭയിലെ സന്യാസിനികളാണ് സൗഖ്യസദനിലെ ശുശ്രുഷകൾക്ക് ആദ്യകാലം മുതൽ നേതൃത്വം നൽകി വരുന്നത്.പലകാരണങ്ങളാൽ കുടുംബങ്ങളിൽ നിന്ന് മാറിനിൽക്കേണ്ടി വരുന്നവരും ആരോരുമില്ലാത്തവരുമായ വയോജനങ്ങൾക്ക് ആശ്രയവും സ്നേഹ പരിചരണങ്ങളുമേകി സംരക്ഷിക്കുന്നതിനാണ് സൗഖ്യസദൻ ശ്രദ്ധവയ്ക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group