മാസ്‌ക്കും, ഫേസ്ഷീൽഡും, പി.പി.ഇ കിറ്റും ധരിച്ച്, കോവിഡ് രോഗികളെ നെഞ്ചോടു ചേർക്കുന്ന ഒരു വൈദികൻ

ഇവാനോ ഫ്രാങ്ക്വിസ്‌ക്ക്/ ഉക്രെയ്ൻ: മുഖത്ത് ഫേസ് ഷീൽഡും മൂക്കിൽ മാസ്‌ക്കും ശരീരത്തിൽ പി.പി.ഇ സ്യൂട്ടും ധരിച്ച് കോവിഡ് ബാധിതരെ ആശുപത്രിയിലെ കോവിഡ് വാർഡിൽ പോയി സന്ദർശിക്കുന്ന ഒരു വൈദികനുണ്ട്. ഉക്രൈൻസ് ഗ്രീക്ക് കത്തോലിക്കാ വൈദികനായ  ഫാ. യാറോസ്ലാവ് റോഗ്മാനാണ് ഉക്രെയ്നിലെ ‘ഇവാനോ ഫ്രാങ്ക്വിസ്‌ക്ക്’ പ്രവിശ്യയിലെ ‘ലിവ്’ നഗരത്തിലെ ആശുപത്രിയിൽ കോവിഡ് ബാധിതരായ ആളുകളെ ആഴ്ചയിൽ രണ്ടു പ്രാവശ്യം സന്ദർശിക്കുന്നത്. ഈ പ്രദേശത്ത് മാത്രം മൂവായിരത്തിലധികം രോഗബാധിതരുണ്ട്. അതിൽ 700 -ലേറെ പേർ ആശുപത്രിയിൽ ചികിത്സയിലാണ്. നൂറിലധികം പേർ ഈ രോഗബാധയാൽ മരണമടഞ്ഞിട്ടുണ്ട്.

ഉക്രെയ്നിൽ പകർച്ചവ്യാധിയുടെ തുടക്കം മുതൽ ഫാ. യാറോസ്ലാവ് റോഗ്മാൻ കോവിഡ് രോഗികൾക്കൊപ്പമുണ്ട്. ആഴ്ചയിൽ രണ്ടുതവണ അദ്ദേഹം ആശുപത്രിയിൽ കോവിഡ് രോഗികളെ സന്ദർശിക്കുന്നു. ആശുപത്രിയിൽ, സുരക്ഷാകവചം ധരിച്ച് രോഗികളെ ആശീർവദിച്ചും ആരോഗ്യപ്രവർത്തകർക്കായി പ്രാർത്ഥിച്ചും ഈ വൈദികൻ അവരോടൊപ്പമുണ്ട്.

കനത്ത സുരക്ഷാ കവചങ്ങൾ ധരിച്ചുകൊണ്ട് ഒരു ദിവസം എട്ടു മണിക്കൂറിലേറെ രോഗികളോടൊപ്പം ഈ വൈദികൻ ചിലവഴിക്കുന്നു. ഒരു ആശുപത്രി യൂണിറ്റിൽ നിന്ന് മറ്റൊന്നിലേക്ക് പോകുമ്പോൾ സ്വയം അണുവിമുക്തമാക്കണം. ആരോഗ്യ പ്രവർത്തകരുടെ കഷ്ടപ്പാടുകൾ നേരിട്ടറിയാനുള്ള ഒരു അവസരവും കൂടിയാണ് ഇതെന്ന്  ഫാ. യാറോസ്ലാവ് റോഗ്മാൻ പറയുന്നു. കനത്ത ചൂടിലും വിയർപ്പിലും കോവിഡ് രോഗികളെ ശുശ്രൂഷിക്കുന്ന അവസ്ഥ വളരെ ബുദ്ധിമുട്ടേറിയതാണ്.

രോഗികളെ സന്ദർശിച്ച് ദൈവസ്നേഹത്തെ കുറിച്ച് അവരോട് സംസാരിക്കുന്നു. അങ്ങനെ ആശുപത്രിയിൽ ഒറ്റപ്പെട്ട അവസ്ഥയിൽ കഴിയുന്ന രോഗികൾക്ക് ആശ്വാസമേകുവാൻ ഈ വൈദികൻ സദാ സന്നദ്ധനാണ്. ആവശ്യക്കാരായ രോഗികൾക്ക് സുരക്ഷാ മുൻകരുതലോടെ അനുരഞ്ജന കൂദാശയ്ക്കുള്ള അവസരവും ഒരുക്കുന്നുണ്ട്.

 തൻ്റെ പൗരോഹിത്യ ജീവിതത്തിന്റെ അവസാനം വരെ  ദാരിദ്ര്യർക്കും നിരാലംബർക്കും തന്നാൽ കഴിയുന്ന സഹായം  ചെയ്യുവാൻ സന്നദ്ധനുമാണ് ഈ വൈദികൻ.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our WhatsApp group