‘കായ്പോ സിൻഡ്രോം’ ബാധിച്ച ക്രിസ്തീയ സഭകൾ..

ബിഷപ്പ് ഫുൾട്ടൻ ജെ. ഷീൻ അദ്ദേഹത്തിൻറെ ‘മൺപാത്രത്തിലെ നിധി’ എന്ന പുസ്തകത്തിൽ ഒരു സംഭവം വിവരിക്കുന്നുണ്ട്.

ശാന്ത മഹാ സമുദ്രത്തിനടുത്ത് ഒരു ദ്വീപിലെ ആദിവാസി മൂപ്പനെ ഇന്റർവ്യൂ ചെയ്യാൻ പോകുന്ന ഒരു മാധ്യമ പ്രവർത്തകൻ അയാളോട് ആ ഗോത്രത്തിലെ ഏറ്റവും വലിയ സുകൃതം ഏതാണ് എന്ന് ചോദിക്കുന്നു.

തങ്ങളുടെ ഗോത്രത്തിലെ ഏറ്റവും വലിയ സുകൃതം എന്താണ് എന്ന് വിവരിക്കാൻ എളുപ്പത്തിനായി മൂപ്പൻ അവരുടെ ഗോത്രത്തിലെ ഏറ്റവും വലിയ തിന്മയെ വിവരിക്കുന്നു.

മൂപ്പൻ പറയുന്നു: ഞങ്ങളുടെ ഗോത്രത്തിലെ ഏറ്റവും വലിയ തിന്മയെ ഞങ്ങൾ വിളിക്കുന്നത് ‘കായ്പ്പോ’ എന്നാണ് . എന്താണ് ഈ വാക്ക് സൂചിപ്പിക്കുന്നത് ? ‘കായ്പ്പോ ‘ എന്നാൽ ‘ഒറ്റയ്ക്ക് ഭക്ഷിക്കുക’ ( To eat alone) എന്നാണ് അർത്ഥം.

ഒരാൾക്ക് ഒരു ഭക്ഷണ പദാർത്ഥം കിട്ടിയാൽ അത് അയാൾ ഒറ്റയ്ക്ക് ഭക്ഷിച്ചുകൂടാ .

അത് മറ്റുള്ളവരുമായി പങ്കിട്ട് ഭക്ഷിക്കണം അതാണ് അവരുടെ നിയമം. അങ്ങനെ പങ്കിട്ട് ഭക്ഷിക്കുവാൻ മറ്റൊരാളെ കിട്ടിയില്ലെങ്കിൽ ആ ഭക്ഷണവുമായി അയാൾ ദിവസങ്ങൾ കാത്തിരിക്കുകയോ അലയുകയോ ചെയ്യുന്നു.

‘ഒറ്റക്ക് ഭക്ഷിക്കുക’ അഥവാ ‘കായ്പ്പോ’ എന്ന തിന്മയെ ആണ് അവർ ഏറ്റവും വെറുക്കുന്നത്. അതുകൊണ്ടു തന്നെ അവരുടെ സുകൃതം എന്നത് ‘ഒരുമിച്ചു ഭക്ഷിക്കുക’ എന്നതും…!!!

സത്യത്തിൽ ഇത്തരത്തിൽ ഒരു ‘കായ്പ്പോ സിൻഡ്രം’ പിടികൂടിയ സ്ഥിതിയിലാണ് കേരളത്തിലെ ക്രൈസ്തവ സഭകൾ.

ഒറ്റയ്ക്ക് ഭക്ഷിക്കുക, ഒറ്റക്ക് ആസ്വദിക്കുക, ഒറ്റയ്ക്ക് വളരുക എന്നുള്ള ഒരു അപകടം സാമൂഹിക രംഗത്ത് എന്നത് പോലെ തന്നെ ആത്മീയ രംഗത്തും വളർന്നുവരുന്നുണ്ട്.

ആളുകൊണ്ടും അർത്ഥം കൊണ്ടും കേരളത്തിലെ മറ്റേത് സമുദായത്തെക്കാൾ ഒരു പടി മുന്നിൽ തന്നെയാണ് ഇവിടുത്തെ ക്രൈസ്തവ സഭകൾ.

എന്നാൽ നിർഭാഗ്യവശാൽ ഈ സഭകളെല്ലാം പല വ്യത്യസ്തമായ കാരണങ്ങളാൽ ഭിന്നിച്ചും ചിതറിക്കപ്പെട്ടും കിടക്കുന്നു.

വാസ്തവത്തിൽ അടിസ്ഥാനപരമായ വിശ്വാസത്തിൻറെ കാര്യങ്ങളിലെല്ലാം തന്നെ മുഖ്യധാരാ ക്രൈസ്തവ സഭകളെല്ലാം ഒരേ ചിന്താഗതിക്കാരാണ് .

ഏക ദൈവത്തിലും പരിശുദ്ധ ത്രിത്വത്തിനുള്ള വിശ്വാസം, ഈശോയുടെ മനുഷ്യാവതാര- മരണ – ഉത്ഥാന രഹസ്യങ്ങൾ, വിധി, രണ്ടാമത്തെ ആഗമനം എന്നിങ്ങനെയുള്ള കാര്യങ്ങളിലെല്ലാം ഇവർ ഒന്നിച്ചു നിൽക്കുന്നു.

എന്നാൽ സഭകളുടെ ഉൽഭവം, ആരാധനക്രമം, നിയമസഹിതകൾ, അധികാരം, വിശ്വാസ- ധാർമ്മിക നിലപാടുകളിലുള്ള ചെറിയ വ്യത്യാസങ്ങൾ എന്നിവയെല്ലാമാണ് ഈ സഭകളെ തമ്മിൽ അകറ്റിനിർത്തുന്നത്. ഈ വ്യത്യസ്തതകളും ഭിന്നിപ്പുകൾക്കുമാകട്ടെ തക്കതായ ചരിത്രപരമായ കാരണങ്ങളും സാഹചര്യങ്ങളും കൂടിയുണ്ട്.

രീതിയിൽ മാത്രം ചിന്തിക്കുവാനും നേട്ടങ്ങൾ നേടിയെടുക്കുവാൻവളരുവാനുമായി പരസ്പരം മത്സരിക്കുമ്പോൾ നമ്മൾ എല്ലാവരും ക്രിസ്തുവിൻറെ മൗതിക ശരീരത്തിലെ അംഗങ്ങളാണ് എന്നുള്ള കുറേ കൂടി വിശാലമായ കാഴ്ചപ്പാട് നഷ്ടപ്പെട്ടുപോകുന്നു.

അതുകൊണ്ടുതന്നെ ഒറ്റയ്ക്ക് ഭക്ഷിച്ച്, ഒറ്റയ്ക്ക് വളർന്ന് ഒറ്റയ്ക്ക് ആസ്വദിക്കുന്ന ഒരു അപകടം ക്രൈസ്തവ സമൂഹത്തിൻറെ ഇടയിൽ വളർന്നു വന്നിട്ടുണ്ട്. അതിനാൽ ഒരു പൊതു കാര്യം നേടിയെടുക്കുവാൻ ആണെങ്കിൽ പോലും ഒന്നിച്ചു കൈകോർത്തു നിൽക്കുവാനോ ഒരുമിച്ചു മുന്നേറുവാനോ കൂട്ടായി പോരാടുവാനോ നമുക്ക് സാധിക്കുന്നില്ല എന്നുള്ളതാണ് സങ്കടം.

അനാവശ്യമായ ഒരു മത്സരബുദ്ധി നമ്മുടെ വ്യത്യസ്ത സഭാ വിശ്വാസ സമൂഹങ്ങൾക്കിടയിൽ വന്നിട്ടുണ്ടോ എന്ന് നമ്മൾ ഓരോരുത്തരും ഒന്നു ആത്മ പരിശോധന ചെയ്യേണ്ടിയിരിക്കുന്നു. അത് കത്തോലിക്ക സഭയും മറ്റ് അകത്തോലിക്ക സഭകളും തമ്മിൽ ആകട്ടെ, അല്ലെങ്കിൽ കത്തോലിക്ക സഭയിലെ വിവിധ റീത്തുകൾ തമ്മിൽ ആകട്ടെ, അതുമല്ലെങ്കിൽ ഒരേ റീത്തിൽ പെട്ട വിവിധ രൂപതകൾ തമ്മിൽ ആകട്ടെ അതുമല്ലെങ്കിൽ ഒരേ രൂപതയിലെ വ്യത്യസ്ത ഫൊറോനകൾ തമ്മിൽ ആകട്ടെ, അതിലെ വിവിധ പള്ളികൾ തമ്മിൽ ആകട്ടെ , ഒരേ പള്ളിയിലെ വിവിധ സംഘടനകൾ തമ്മിൽ ആകട്ടെ അമിതമായ ഒരു മത്സരബുദ്ധിയും ആവേശവും വ്യർഥമായ ഒരു ആത്മാഭിമാന ബോധവും അനാവശ്യമായ ഒരു ശത്രുതാ മനോഭാവവും സൃഷ്ടിക്കപ്പെട്ടു കൊണ്ടിരിക്കുന്നു.

ലക്ഷദീപിലെ പാരമ്പര്യമനുസരിച്ചു കടലിലെ ഏറ്റവും വലിയ സ്വാർഥമതികൾ ‘കുതിര മീനുകൾ’ ആണെന്നാണ് പറയപ്പെടുക.

അത്തരത്തിൽ സ്വന്തം കാര്യം മാത്രം ശ്രദ്ധിക്കുന്ന ‘കുതിര മീനുകളായി’ ഈ പൊതു സമൂഹത്തിൽ ക്രൈസ്തവർ മാറി എന്നു വേണം പറയാൻ.

അതു മൂലം ഒന്നിച്ച് പ്രവർത്തിക്കാനും ന്യായമായ നമ്മുടെ അവകാശങ്ങൾക്കായി ഒരുമിച്ചു നിൽക്കാനും ഒരൊറ്റ ലക്ഷ്യത്തിനായിട്ട് പോരാടാനും ക്രൈസ്തവ സഭകൾക്ക് പലപ്പോഴും സാധിക്കുന്നില്ല. അതുമാത്രമല്ല നമ്മുടെ ഈ ഭിന്നിപ്പിന്റെ മറ്റു പലരും മുതലെടുക്കുന്നു എന്നതാണ് വാസ്തവം. അതുമൂലം സമൂഹത്തിന്റെ മുഖ്യ ധാരയിൽ നിന്നും നമ്മൾ സാവകാശം തഴയപ്പെടുകയും ചെയ്യുന്നു.

ഇത്രയും പറഞ്ഞതു എന്തിനാണ് എന്നു വച്ചാൽ വ്യത്യസ്ത ക്രൈസ്തവ സഭകൾക്ക് പരസ്പരമുള്ള കൂട്ടായ്മ ഊട്ടി ഉറപ്പിക്കുന്നതിന്റെ ഭാഗമായി വർഷത്തിലൊരിക്കൽ ‘സഭാ ഐക്യ വാരം’ എന്ന ഓമനപ്പേരിട്ട് നമ്മൾ വിളിക്കുന്ന ദിവസങ്ങളുടെ സമാപനത്തിൽ എത്തി നിൽക്കുമ്പോൾ ഇത്തരം നാളുകൾ വെറും പ്രാർത്ഥന സദസ്സുകളിൽ മാത്രം ഒതുങ്ങി പോകാതെ ഒരു പൊതുലക്ഷ്യത്തിലേക്ക് കൈചേർത്ത് പിടിച്ചു നടക്കുന്ന മാറ്റത്തിന്റെ ദിനങ്ങളാക്കി മാറ്റാൻ നമുക്കാവണം.

ഒരല്പം സാമുദായിക ബോധവും സഭാ സ്നേഹവുമുള്ള ഏതൊരാൾക്കും ഇന്നത്തെ കാലത്ത് വിവിധ ക്രൈസ്തവ സഭകൾ ഒന്നിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കാവുന്നതേയുള്ളൂ .

ക്രിസ്തു തന്റെ ശിഷ്യന്മാർക്ക് വേണ്ടി പ്രാർഥിച്ചതുപോലും അവർ ഒന്നായി നിലനിൽക്കാനാണ്. (യോഹ 17:11). ആ യാചനാ പ്രാർത്ഥനക്ക് ഇന്നും ഏറെ പ്രസക്തിയുണ്ടെന്നു തോന്നുന്നു.

പറഞ്ഞു തുടങ്ങിയത് ‘കായ്പ്പോ’ സിഡ്രോ’ത്തെ കുറിച്ചാണ്. ഒറ്റയ്ക്ക് ഭക്ഷിക്കാനായിട്ട് തുടങ്ങുക എന്നുള്ളത് തങ്ങളുടെ ഗോത്രത്തിന്റെ നാശത്തിന്റെ ലക്ഷണമായാണ് അവർ കാണുന്നത്.

അത്തരത്തിലുള്ള പ്രവണതയുള്ള വ്യക്തികളെ അവർ തങ്ങളുടെ ഗോത്രത്തിൽ നിന്നും അകറ്റിനിറുത്തുമായിരുന്നു.

ക്രൈസ്തവക്കിടയിൽ വളർന്നു വരുന്ന ‘കായ്പ്പോ’ – ഒറ്റക്ക് മാത്രം ഭക്ഷിക്കുന്ന- ജീവിത ശൈലിയെ നീക്കി കളയുകയും കുറേകൂടിയ കൂട്ടായ്മയുടെ ജീവിതരീതി സ്വന്തമാക്കുകയും ചെയ്യുക എന്നുള്ളത് ഇന്നിന്റെ അവശ്യമാണ്.

ഒരു ആ ഫ്രിക്കൻ പഴമൊഴിയുണ്ട്: “If you want to go fast, walk alone; if you want to go far, walk together.”

ഒരുമിച്ചു നടന്നാൽ നമുക്ക് ഇനിയും ഏറെ ദൂരം പോകാം…

കടപ്പാട് :ഫാ. നൗജിൻവിതയത്തിൽ വിതയത്തിൽ


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group