ഇറ്റലിയിലെ പ്രവാസികളായ ആലപ്പുഴ രൂപതാംഗങ്ങളുടെ ഓൺലൈൻ സംഗമം നടന്നു

ഇറ്റലിയിൽ പ്രവാസ ജീവിതം നയിക്കുന്ന ആലപ്പുഴ രൂപതാംഗങ്ങളുടെ ഓൺലൈൻ സംഗമം നടന്നു.ആലപ്പുഴ രൂപത പ്രവാസി കമ്മീഷൻ ഇറ്റലി യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വെബ്ബിനാറിൽ ഇറ്റലിയുടെ വിവിധ പ്രദേശങ്ങളിൽ ജോലി ചെയ്യുന്ന അൻപതോളം പ്രവാസികൾ പങ്കെടുത്തു. രൂപതാ ബിഷപ് ഡോ. ജെയിംസ് റാഫേൽ ആനാപറമ്പിൽ അനുഗ്രഹ പ്രഭാഷണം നടത്തി. എല്ലാ ഭീതികളുടെയും നടുവിൽ പ്രാർത്ഥനയ്ക്ക് വലിയ സ്ഥാനമുണ്ടെന്നും സകല നന്മ പ്രവൃത്തികളെയും സമൂലമായി ചലിപ്പിക്കുന്ന ചൈതന്യമാണ് പ്രാർത്ഥനയെന്നും അദ്ദേഹം പറഞ്ഞു.പ്രവാസി കമ്മീഷൻ ഇറ്റലി യൂണിറ്റ് പ്രസിഡന്റ്‌ മാഗി മാർക്ക് അധ്യക്ഷത വഹിച്ചു. ഗ്ലോബൽ ഡയറക്ടർ ഫാ. തോമസ് ഷൈജു, വൈസ് പ്രസിഡന്റ് രാജു ജേക്കബ്, ജനറൽ സെക്രട്ടറി പോൾ ഗ്രിഗറി, കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെഎൽസിഎ) സംസ്ഥാന സെക്രട്ടറി ബിജു ജോസി കരുമാഞ്ചേരി എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി മാക്സിൻ യേശുദാസ് റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ സെബാസ്റ്റ്യൻ അറയ്ക്കൽ പുതിയ ഭാരവാഹികളെ പരിചയപ്പെടുത്തി. ജാസ്മിൻ ജോസ്, എബി അലോഷ്യസ്‌ എന്നിവരുടെ പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടിയിൽ പ്രവീൺ ലൂയിസ്‌ മോഡറേറ്ററായി. ജസ്ന ഷെനു അവതാരകയായിരുന്നു.
മെബി ജോസഫ്, സിബിൾ റോസ്, ഷെനു ജോസഫ്, കെ. ബി ഹെബിൻ, വിപിൻ ജോസ് തുടങ്ങിയവർ കലാപരിപാടികൾക്ക് നേതൃത്വം നൽകി. കേരളാ ആർടിസ്റ്റ്സ്‌ ഫ്രറ്റേർണിറ്റി ചെയർമാൻ ജോസി ആലപ്പുഴയുടെ പുല്ലാങ്കുഴൽ വായന ചടങ്ങിനെ സംഗീതസാന്ദ്രമാക്കി.ആലപ്പുഴ രൂപതയുടെ വികാരി ജനറലായി നിയമിതനായ ഫാ. ജോയി പുത്തൻവീട്ടിൽ, ഇറ്റലിയിൽ നിന്ന് ഡോക്ടറേറ്റ് നേടിയ ഫാ. സെബാസ്റ്റ്യൻ ശാസ്താംപറമ്പിൽ എന്നിവരെ യോഗം അനുമോദിച്ചു. ചടങ്ങിന് സിസ്റ്റർ ഷേർലി സ്വാഗതവും സുജ സെബാസ്റ്യൻ നന്ദിയുമർപ്പിച്ചു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group