ഇറാഖിലെ ക്രൈസ്തവരിൽനിന്ന് തട്ടിയെടുത്ത വസ്തുവകകൾ വീണ്ടെടുത്തു നൽകുന്നു.

ഇറാഖിലെ ക്രൈസ്തവരിൽനിന്ന് അന്യായമായി തട്ടിയെടുത്ത വസ്തുവകകൾ വീണ്ടെടുത്തു നൽകുന്ന നടപടി തുടങ്ങിയതായി റിപ്പോർട്ട്.ഇറാഖിലെ ഷിയാ നേതാവും സദ്രിസ്റ്റ് പാർട്ടി തലവനുമായ മുഖ്താദ അൽ സദറിന്റെ നേതൃത്വത്തിൽ ഇതുവരെ വീടും സ്ഥലവും ഉൾപ്പെടെ 80ൽപ്പരം വസ്തുവകകൾ യഥാർത്ഥ ഉടമകൾക്ക് വീണ്ടെടുത്തു നൽകിയെന്നണ് പ്രമുഖ വാർത്താ അന്താരാഷ്ട്ര മാധ്യമങ്ങൾ’ റിപ്പോർട്ട് ചെയ്യുന്നത്.2003ലെ സദ്ദാം ഹുസൈൻ ഭരണകൂടത്തിന്റെ പതനത്തിനു ശേഷമാണ് പ്രാദേശിക തീവ്രവാദി സംഘടനകളും ഗുണ്ടാ സംഘങ്ങളും സ്വാധീനമുള്ള കുടുംബങ്ങളും ക്രൈസ്തവരുടെ വസ്തുവകകൾ തട്ടിയെടുക്കുന്നത് പതിവായത്. ഐസിസ് അധിനിവേശവും പലായനം ചെയ്തവർ ഭൂമി ചോദിച്ച് തിരിച്ചെത്തില്ലെന്ന ധാരണയും അതിന് ഊർജം പകർന്നു. അഴിമതിക്കാരായ സർക്കാർ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ക്രിസ്ത്യാനികളുടെ വസ്തുവകകൾ തത്പ്പരകക്ഷികൾ അന്യായമായി കൈവശപ്പെടുത്തുന്നത്.ഇതിന് തടയിടാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അന്യായമായി തട്ടിയെടുത്ത ക്രൈസ്തവരുടെ വസ്തുവകകളെ കുറിച്ച് അന്വേഷിക്കാൻ ഈ വർഷത്തിന്റെ ആരംഭത്തിൽതന്നെ മുഖ്താദ അൽ സദർ അഡ്ഹോക്ക് കമ്മിറ്റിയെ നിയമിച്ചത് വാർത്തയായിരുന്നു. അതോടൊപ്പം, ക്രൈസ്തവർക്ക് തങ്ങളുടെ സ്വത്തിന്മേലുള്ള ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ ഇ മെയിലൂടെയും വാട്സാപ്പിലൂടെയും സമർപ്പിക്കാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. അതുപ്രകാരം ബാഗ്ദാദ് റീജ്യണിലെ അവസാന വസ്തുവകകൾ വരെ യഥാർത്ഥ ഉടമസ്ഥർക്ക് കൈമാറിയെന്നും ‘സദ്രിസ്റ്റ്’ പാർട്ടിയെ പ്രതിനിധീകരിച്ച് ഹക്കിം അൽ സമിലി പ്രസ്താവനയിൽ അറിയിച്ചു.ക്രൈസ്തവരുടെ വസ്തു കൈവശ അവകാശം കവർന്നെടുക്കുന്നത് അവസാനിപ്പിച്ച് നീതി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് മുഖ്ദത അൽ സദർ ഇപ്രകാരമൊരു സംരംഭത്തിന് ആഹ്വാനം ചെയ്തത്. .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group